പാലസ്‌തീൻ ജനതയ്‌ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാൻ ചലച്ചിത്ര മേളയിൽ തണ്ണിമത്തൻ ആകൃതിയുള്ള ബാഗുമായി നടിയും മോഡലുമായ കനി കുസൃതി. കനിയ്‌ക്കൊപ്പം നടി ദിവ്യ പ്രഭയും ചേർന്നഭിനയിച്ച 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം കാൻ മേളയിലെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായെത്തിയപ്പോഴാണ് താരം തണ്ണിമത്തൻ ബാഗ് പ്രദർശിപ്പിച്ചത്. കനിയോടൊപ്പം ദിവ്യ പ്രഭയും ഹ്രിദ്ധു ഹാറുണും വേദിയിലുണ്ടായിരുന്നു. പായൽ കപാഡിയയാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത്.
മികച്ച നിരൂപക പ്രശംസ പിടിച്ചുപറ്റിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' മുപ്പത് വർഷത്തിന് ശേഷം കാൻ മത്സരവിഭാഗത്തിൽ എത്തുന്ന ഇന്ത്യൻ ചിത്രമാണ്. ചിത്രത്തിന്റെ പ്രദർശനം പൂർത്തിയായ ശേഷം എട്ട്മിനിട്ടോളം കാണികൾ എഴുന്നേറ്റ് നിന്ന് കരഘോഷം മുഴക്കി.
മുറിച്ച തണ്ണിമത്തൻ കഷ്‌ണത്തിന്റെ ആകൃതിയിലുള്ള ബാഗ് ആണ് കനി കൈയിൽ കരുതിയത്. പാലസ്‌തീൻ കൊടിയുടെ നിറങ്ങളായ പച്ച, ചുവപ്പ് എന്നീ നിറങ്ങളടങ്ങിയ തണ്ണിമത്തനുകൾ പാലസ്‌തീനോടുള്ള ഐക്യദാർഢ്യത്തിന്റെ ആഗോള ബിംബങ്ങളാണ്.
ദിവ്യപ്രഭ, കനി കുസൃതി, ഹ്രിദ്ധു ഹാറൂൺ, ഛായാ ഖദ്ദം, രൺബീർ ദാസ്,ജൂലിയൻ ഗ്രാഫ്,സീക്കോ മൈത്രാ,തോമസ് ഹക്കിം എന്നിവരും കാൻ റെഡ് കാർപറ്റിലെത്തി. 'കാൻ വേദിയിലെ മലയാളി പെൺകുട്ടികൾ, പെണ്ണുങ്ങൾ സിനിമയിൽ ഇല്ല എന്ന വിഷമം തീരട്ടെ' എന്ന കുറിപ്പോടെ ചിത്രം പങ്കുവച്ച് ശീതൾ ശ്യാം ഫേസ്‌ബുക്കിൽ കുറിച്ചു.
ഇൻഡോ-ഫ്രഞ്ച് സംയുക്ത നിർമ്മാണ സംരംഭമാണ് 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രം. പ്രഭ എന്ന നഴ്‌സിന്റെ കഥ പറയുന്ന ചിത്രത്തിന്റെ സംവിധായിക പായൽ പഗാഡിയ മത്സര ഇനത്തിൽ ചിത്രം പ്രദർശിപ്പിക്കുന്ന ആദ്യ ഇന്ത്യൻ സംവിധായികയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |