ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ ഒളിവിൽ കഴിയുന്ന ഹാസൻ എം.പി പ്രജ്വൽ രേവണ്ണയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കാൻ കാലതാമസം വരുന്നതിൽ വിമർശനവുമായി കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര. പാസ്‌പോർട്ട് പിടിച്ചെടുക്കാനുള്ള അഭ്യർത്ഥന മേയ് 21ന് മാത്രമാണ് മന്ത്രാലയത്തിന് ലഭിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പറഞ്ഞതിനു പിന്നാലെയായിരുന്നു വിമർശനം. നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിന് എന്ത് സംഭവിച്ചെന്ന് പരമേശ്വരയ്യ ചോദിച്ചു.
പാസ്‌പോർട്ട് കണ്ടുകെട്ടുന്നതിന് പാസ്‌പോർട്ട് ആക്ട് എന്ന നിയമം പാലിക്കണമെന്നും അതിന് ഒരു ജുഡിഷ്യൽ കോടതിയോ പോലീസിന്റെ അഭ്യർത്ഥനയോ ആവശ്യമാണെന്നുമാണ് ജയശങ്കർ പറഞ്ഞത്. 21 ന് മാത്രമാണ് കർണാടകയിൽ നിന്ന് അഭ്യർത്ഥന ലഭിച്ചത്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കുന്നുണ്ടെന്ന് എടുത്തുകാണിച്ച ജയശങ്കർ, അഭ്യർത്ഥന ലഭിച്ച ഉടൻ നടപടിയെടുത്തെന്നും പറഞ്ഞു.
മകന്റെ മരണം മറച്ചത്
എന്തിന്: കുമാരസ്വാമി
പ്രജ്വലുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ സിദ്ധരാമയ്യയുടെ മകന്റെ മരണത്തിൽ ആരോപണവുമായി ജെ.ഡി.എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി. 2016ൽ സിദ്ധരാമയ്യ മുഖ്യമന്ത്രി ആയിരിക്കെയാണ് അദ്ദേഹത്തിന്റെ മകൻ ബെൽജിയത്തിൽ വച്ച് മരിച്ചത്. എന്നാൽ ഇക്കാര്യം സിദ്ധരാമയ്യ മറച്ചുവച്ചു. എന്തിനായിരുന്നു എന്ന് കുമാരസ്വാമി ചോദിച്ചു. ആന്തരികാവയവങ്ങൾ തകരാറിലായതിനു പിന്നാലെയാണ് സിദ്ധരാമയ്യയുടെ മകൻ രാകേഷ് 2016ൽ മരിച്ചത്.
എന്തുകൊണ്ടാണ് മകന്റെ മരണത്തിൽ സിദ്ധരാമയ്യ അന്വേഷണത്തിന് തയ്യാറാകാതിരുന്നത്. മകന്റെ മരണം മറച്ചുവക്കാനാണ് സിദ്ധരാമയ്യ ശ്രമിച്ചത്. എന്തിനുവേണ്ടിയാണ് രാകേഷ് വിദേശത്തേക്ക് പോയത്. ആരൊക്കെയാണ് രാകേഷിനൊപ്പം ഉണ്ടായിരുന്നത്. യാത്ര പിതാവിന്റെ അനുമതിയോടെ ആയിരുന്നോ എന്നും കുമാരസ്വാമി ചോദിച്ചു.
തന്റെ മകന്റെ മരണവും പ്രജ്വലിന്റെ കേസും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് സിദ്ധരാമയ്യ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു. പ്രജ്വലിന്റെ പീഡനത്തേക്കാൾ വലിയ വിഷയം എന്റെ മകന്റെ മരണമാണെന്നാണ് പറയുന്നത്. എട്ട് വർഷത്തിനുശേഷം മകന്റെ മരണം എടുത്തിടുന്നത് വിഡ്ഡിത്തമാണെന്നും പറഞ്ഞു.
പ്രജ്വൽ വിഷയത്തിൽ എച്ച്.ഡി. ദേവഗൗഡക്കെതിരേയും കുമാരസ്വാമിക്കെതിരേയും ശക്തമായ ആരോപണങ്ങളാണ് സിദ്ധരാമയ്യ ഉന്നയിച്ചത്. പിന്നാലെയാണ് കുമാരസ്വാമി രംഗത്തെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |