SignIn
Kerala Kaumudi Online
Thursday, 18 July 2024 11.09 AM IST

പാഠമാകണം,​ ഈ അഗ്‌നി ദുരന്തങ്ങൾ

fire

ഡൽഹിയിലും രാജ്‌കോട്ടിലുമുണ്ടായ അഗ്‌നിദുരന്തങ്ങൾ രാജ്യത്തെ വേദനിപ്പിക്കുന്നതിനൊപ്പം ഗുരുതരമായ ചില സുരക്ഷാവീഴ്‌ചകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. കിഴക്കൻ ഡൽഹിയിലെ വിവേക്‌‌ വിഹാറിൽ ശിശുക്കളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാത ശിശുക്കളാണ് മരണമടഞ്ഞത് എന്നത് സംഭവത്തിന്റെ ഗൗരവവും ദനയീയതയും പലമടങ്ങ് വർദ്ധിപ്പിക്കുന്നു. ശനിയാഴ്ച രാത്രിയിലാണ് ദി ബേബികെയർ ന്യൂ ബോൺ ആശുപത്രിക്കും സമീപത്തുള്ള കെട്ടിടത്തിനും തീപിടിച്ചത്. ആശുപത്രിയുടെ ഒന്നാം നിലയിലെ യൂണിറ്റിലുണ്ടായിരുന്ന 12 കുഞ്ഞുങ്ങളിൽ അഞ്ചു പേരെ രക്ഷിക്കാൻ കഴിഞ്ഞു എന്നതു മാത്രമാണ് ഏക ആശ്വാസം.

രാജ്കോട്ടിലെ ഗെയിമിംഗ് കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരണം 33 കഴിഞ്ഞു. ഇതിൽ നാലു പേർ 12 വയസ്സിനു താഴെയുള്ള കുട്ടികളാണ്.

തകര മേൽക്കൂരയുള്ള താത‌്കാലിക ഷെഡുകളിൽ വെൽഡിംഗിനിടെ തീ പടർന്നാണ് ദുരന്തം വരുത്തിയത്. ഫയർ എൻ.ഒ.സി ഇല്ലാതെയായിരുന്നു ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നത്. മാത്രമല്ല,​ പുറത്തേക്കു കടക്കാൻ ഒരൊറ്റ വാതിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കാർ റേസിങ്ങിനു വേണ്ടി 2000 ലിറ്റർ ഡീസൽ സൂക്ഷിച്ചിരുന്നത് അപകടത്തിന്റെ വ്യാപ്‌തി കൂട്ടി. ഡൽഹിയിലെ ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടറുകളുടെ പൊട്ടിത്തെറിയാണ് അപകട വ്യാപ്‌തി കൂട്ടിയത്. മറ്റ് ആശുപത്രികൾക്ക് സിലിണ്ടറുകളിൽ ഓക്സിജൻ നിറച്ചുനൽകുന്ന കേന്ദ്രവും ആശുപത്രി വളപ്പിൽ അനധികൃതമായി പ്രവർത്തിച്ചിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞ ശിശുക്കളുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ വീതവും,​ പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷാവീഴ്ച വരുത്തിയ എല്ലാവരെയും കണ്ടെത്തി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കുന്നതിനൊപ്പം ഇത്തരം ദുരന്തങ്ങൾ- പ്രത്യേകിച്ച് ആശുപത്രികളിൽ,​ സംഭവിക്കാതിരിക്കാൻ ശക്തമായ നടപടികൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ സ്വീകരിക്കേണ്ടതുണ്ട്.

ഏറ്റവും പ്രധാനം,​ ആശുപത്രികൾ ഉൾപ്പെടെ ജനം ഒന്നിച്ചു കൂടുന്ന തിയേറ്ററുകൾ, മാളുകൾ, ഓഡിറ്റോറിയങ്ങൾ, സ്റ്റേഡിയങ്ങൾ, ഗെയിമിംഗ് സെന്ററുകൾ, പ്രശസ്തമായ ദേവാലയങ്ങൾ തുടങ്ങിയ ഇടങ്ങളിൽ സുരക്ഷാ ഓഡിറ്റ് കൃത്യമായ ഇടവേളകളിൽ നടത്തുക എന്നതാണ്. കൈക്കൂലിക്കുള്ള മറ്റൊരു അവസരമായി ഇത് മാറാതിരിക്കാനുള്ള മുൻകൂർ നടപടികളും സ്വീകരിക്കണം. ആശുപത്രികളിലെ തീപിടിത്തം പതിവായപ്പോൾ മൂന്നു വർഷം മുമ്പേ സുപ്രീംകോടതി മുന്നറിയിപ്പ് നൽകിയിരുന്നതാണ്. ഉത്തരവാദപ്പെട്ടവർ അത് അവഗണിച്ചതാണ് വീണ്ടും ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നത്. ഡൽഹിയിൽ തീപിടിത്തം സംഭവിച്ച ആശുപത്രി തന്നെ നിയമവിരുദ്ധമായാണ് പ്രവർത്തിച്ചിരുന്നതെന്ന് ആക്ഷേപമുണ്ട്. ആശുപത്രിക്കെതിരെ നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നെങ്കിലും അധികൃതർ അത് ചവറ്റുകുട്ടയിൽ കളയുകയാണ് ചെയ്‌തത്.

ആശുപത്രിക്ക് രജിസ്ട്രേഷനും സുരക്ഷാ സർട്ടിഫിക്കറ്റുമില്ലെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. സി.സി.ടിവി ദൃശ്യങ്ങളിൽ,​ കുഞ്ഞിനെ നഴ്‌സ് മർദ്ദിക്കുന്നത് വ്യക്തമായതിനെത്തുടർന്ന് നേരത്തേ ഈ ആശുപത്രിക്കെതിരെ പരാതി ഉയർന്നിട്ടുള്ളതാണ്. ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ഉടമ കുഞ്ഞിന്റെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തിയതിനും അന്ന് കേസെടുത്തിരുന്നു. പണത്തിന്റെ ഹുങ്കിൽ എന്ത് നിയമലംഘനവും നടത്താൻ കെൽപ്പുള്ളവരാണ് പലപ്പോഴും ഇത്തരം അപകടങ്ങൾ ഉണ്ടാക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾ. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മാത്രമല്ല ഫയർ സേഫ്‌റ്റി വകുപ്പും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റുകളും മറ്റും ഉണർന്നു പ്രവർത്തിക്കേണ്ടത്. അതിനു മുമ്പുതന്നെ അവർ പരിശോധനകൾ ഉൾപ്പെടെയുള്ള കർത്തവ്യങ്ങൾ കൃത്യമായി നിറവേറ്റിയാൽ പല ദുരന്തങ്ങളും,​ അവ സംഭവിക്കുന്നതിനു മുന്നേ തടയാനാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.