മലപ്പുറം:കുവൈറ്റ് കെ.എം.സി.സി യോഗത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, അബ്ദുറഹ്മാൻ രണ്ടത്താണി എന്നിവരെ പ്രവർത്തകർ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം, തൃശൂർ ജില്ലാ കമ്മിറ്റികളുടെ തിരഞ്ഞെടുപ്പ് നിയന്ത്രിക്കാൻ വെള്ളിയാഴ്ചയാണ് നേതാക്കൾ കുവൈറ്റിലെത്തിയത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്‌കൂളിൽ നടന്ന യോഗത്തിലാണ് പ്രവർത്തകർ ചേരിത്തിരിഞ്ഞ് ഏറ്റുമുട്ടിയത്.
കുവൈറ്റ് കെ.എം.സി.സിയിൽ പ്രസിഡന്റ്, ജനറൽ സെക്രട്ടറി വിഭാഗങ്ങൾ ശക്തമാണ്. സലാമിന്റെ ഉദ്ഘാടന പ്രസംഗത്തിനിടെ ജനറൽ സെക്രട്ടറി ശറഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർ എത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട തങ്ങളുടെ പരാതികൾ പരിഹരിക്കാതെ ഏകപക്ഷീയമായാണ് ജില്ലാ കൗൺസിൽ യോഗം നടത്തിയതെന്ന് ഇവർ ആരോപിച്ചു. വേദിയിലേക്ക് ഇരച്ചുകയറിയ പ്രവർത്തകർ ലീഗ് നേതാക്കളെ ചോദ്യം ചെയ്തു. ഇത് കൈയാങ്കളിയിലേക്ക് എത്തുകയായിരുന്നു. യോഗം നിറുത്തിയ നേതാക്കൾ തിരഞ്ഞെടുപ്പ് നടത്താനാവാതെ മടങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |