ശ്രീനഗർ: പുൽവാമയിലെ നിഹാമ മേഖലയിൽ പൊലീസും സൈന്യവുമടങ്ങുന്ന സുരക്ഷാ സേനയും ഭീകരരുമായി ഏറ്റുമുട്ടൽ. തെക്കൻ കാശ്‌മീരിലെ നിഹാമ മേഖലയിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും ചേർന്ന് തിരച്ചിൽ ആരംഭിച്ചത്. 'പുൽവാമയിലെ നിഹാമ മേഖലയിൽ ഏറ്റുമുട്ടൽ ആരംഭിച്ചിട്ടുണ്ട്. സൈന്യവും പൊലീസും അവരുടെ ജോലി ആരംഭിച്ചുകഴിഞ്ഞു. കൂടുതൽ വിവരങ്ങൾ പിന്നാലെ' കാശ്‌മീർ സോൺ പൊലീസ് സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അറിയിച്ചു.
#Encounter has started at Nihama area of District #Pulwama. Police and security forces are on the job. Further details shall follow.@JmuKmrPolice
— Kashmir Zone Police (@KashmirPolice) June 3, 2024
സേനയുടെ തെരച്ചിലിനിടെ ഭീകരർ ഇവർക്കുനേരെ വെടിവയ്‌ക്കുകയായിരുന്നു. തുടർന്ന് സൈന്യവും പൊലീസും ശക്തമായി തിരിച്ചടിച്ചു. മരണങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.
കഴിഞ്ഞ മാസം പുൽവാമ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു. ഡാനിഷ് ഐജാസ് ഷേഖ്(34) ആണ് മരിച്ചത്. ശ്രീനഗറിലെ അഹ്‌മദ് നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള അൽനൂർ കോളനി നിവാസിയായിരുന്നു ഇയാൾ.
ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലും മുൻപ് ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു. റെഡ്വാനി പയീൻ മേഖലയിലായിരുന്നു അന്ന് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ടവരിലൊരാൾ കൊടും ഭീകരൻ ലഷ്‌കറെ ത്വയ്ബ കമാൻഡർ ബാസിത് അഹമ്മദ് ദാറായിരുന്നു. പ്രദേശവാസികളുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും കൊലപാതകങ്ങളിൽ പങ്കുള്ള ഇയാളുടെ തലയ്ക്ക് പത്ത് ലക്ഷം രൂപയാണ് വിലയിട്ടിരുന്നതെന്ന് സൈന്യം അറിയിച്ചു. മോമിൻ ഗുൽസാർ, ഫാഹിം അഹമ്മദ് ബാബ എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് ഭീകരർ.
ദാറിന്റെ മരണം സൈന്യത്തിന് വലിയ നേട്ടമാണെന്നും ഏകദേശം 18 കൊലപാതകങ്ങളിൽ പങ്കുള്ള ഭീകരനാണ് ഇയാളെന്നും കാശ്മീർ ഇൻസ്‌പെക്ടർ ജനറൽ ഒഫ് പൊലീസ് വി.കെ ബിർഡി മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. .
ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് മേഖലയിൽ സുരക്ഷാ ഓപ്പറേഷൻ ആരംഭിച്ച് ഏകദേശം 40 മണിക്കൂർ ഏറ്റുമുട്ടലിനൊടുവിലാണ് ഇവരെ വധിച്ചത്. നിരവധി ആയുധങ്ങളും ഇവിടെനിന്നും കണ്ടെടുത്തിരുന്നു.
മേയ് നാലിന് പൂഞ്ച് ജില്ലയിൽ വ്യോമസേന ഉദ്യോഗസ്ഥൻ വീരമൃത്യു വരിക്കുകയും, നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്‌ത സംഭവമുണ്ടായിരുന്നു. തുടർന്ന് പ്രദേശത്ത് വലിയ ഓപ്പറേഷനാണ് നടന്നത്. പ്രദേശത്ത് തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കെ വൻ സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് ഏറ്റുമുട്ടൽ നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |