കോട്ടയം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയായിരുന്നു തോമസ് ചാഴികാടന്‍. കേരള കോണ്‍ഗ്രസുകാര്‍ ഏറ്റുമുട്ടിയ തിരഞ്ഞെടുപ്പില്‍ ജയം ജോസഫ് വിഭാഗത്തിലെ ഫ്രാന്‍സിസ് ജോര്‍ജിന് ഒപ്പം നില്‍ക്കുകയായിരുന്നു. മാണി വിഭാഗത്തിന്റെ തട്ടകമായ കോട്ടയത്ത് ഏറ്റ തോല്‍വി മുന്നണിക്കുള്ളില്‍ പാര്‍ട്ടിയുടെ ശക്തിയും കുറയ്ക്കും. എംപി എന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ തോമസ് ചാഴികാടന് പക്ഷേ ഒരു ഘട്ടത്തിലും മുന്നിലേക്ക് വരാന്‍ കഴിഞ്ഞില്ല.
ഈ തോല്‍വി മുന്നണിക്കുള്ളില്‍ ജോസ് കെ മാണി വിഭാഗത്തിന്റെ വിലപേശല്‍ ശക്തി കാര്യമായി തന്നെ കുറയ്ക്കും. മുന്നണി മാറ്റത്തില്‍ ജോസ് കെ മാണിയെ സംബന്ധിച്ച് ഇത് മറ്റൊരു തിരിച്ചടിയാണ്. പിതാവ് കെഎം മാണിയുടെ തട്ടകമായ പാലായില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റ ജോസിന് ഒരേയൊരു സീറ്റില്‍ ലോക്‌സഭയിലേക്ക് വിജയിക്കാന്‍ കഴിയാതെ വന്നത് രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ്.
അതേസമയം ജയത്തോടെ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് മുന്നണിയില്‍ കൂടുതല്‍ ശക്തരാകും. അഭിമാനകരമായ ജയമാണ് അവരെ സംബന്ധിച്ച് കോട്ടയത്തേത്. വരാനിരിക്കുന്ന രാജ്യസഭാ സീറ്റിലേക്ക് യുഡിഎഫില്‍ അവര്‍ അവകാശവാദം ഉന്നയിക്കും. എന്നാല്‍ ഇടത് മുന്നണിയില്‍ ജോസിന് വീണ്ടും സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമില്ലാത്ത പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ് മാണി വിഭാഗം മാറും.
അതേസമയം, മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തുഷാര്‍ വെള്ളാപ്പള്ളി ഒരു ലക്ഷത്തിലധികം വോട്ടുകള്‍ നേടിയതും തോമസ് ചാഴികാടന് തിരിച്ചടിയായി. 2019ല്‍ 1,06,259 വോട്ടുകള്‍ക്കാണ് ചാഴികാടന്‍ സിപിഎം സ്ഥാനാര്‍ത്ഥി വി.എന്‍ വാസവനെ പരാജയപ്പെടുത്തിയത്. വോട്ടെണ്ണല്‍ അവസാന റൗണ്ടുകളിലേക്ക് എത്തുമ്പോള്‍ അരലക്ഷത്തിന് മുകളിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ ലീഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |