ആലപ്പുഴ: 2019 ലെ യു ഡി എഫ് തരംഗത്തിൽ ആലപ്പുഴ മാത്രമായിരുന്നു എൽ ഡി എഫിന് ആശ്വാസമായത്. ഇരുപതിൽ പത്തൊമ്പത് സീറ്റും യു ഡി എഫ് തൂത്തുവാരിയപ്പോൾ എ എം ആരിഫിലൂടെ ആലപ്പുഴ എൽ ഡി എഫിനൊപ്പം നിന്നു. വളരെക്കുറഞ്ഞ ഭൂരിപക്ഷത്തിലായിരുന്നു ആരിഫ് പാലമെന്റിലെത്തിയത്. ഇതോടെ "കനൽ ഒരു തരി മതി"യെന്നായിരുന്നു സൈബർ അണികൾ സോഷ്യൽ മീഡിയയിലൂടെ നടത്തിയ പ്രചാരണം.
എന്നാൽ ഇത്തവണ ആ 'ഭാഗ്യം' എൽ ഡി എഫിനുണ്ടായില്ല. യു ഡി എഫ് സ്ഥാനാർത്ഥി കെ സി വേണുഗോപാലിനൊപ്പമാണ് ഇത്തവണ ആലപ്പുഴക്കാർ നിന്നത്. അവസാന ഫലസൂചനകൾ പുറത്തുവരുമ്പോൾ നാല് ലക്ഷത്തിനടുത്ത് വോട്ടുകളാണ് രാഹുലിന്റെ വിശ്വസ്തനായ കെ സി നേടിയത്. എൽ ഡി എഫ് സ്ഥാനാർത്ഥിയായ എ എം ആരിഫിനേക്കാൾ അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് അദ്ദേഹത്തിനുള്ളത്. ഒരു ഘട്ടത്തിൽ പോലും മുന്നിലെത്താൻ ആരിഫിന് സാധിച്ചില്ല. എൻ ഡി എ സ്ഥാനാർത്ഥിയായ ശോഭാ സുരേന്ദ്രന് മൂന്ന് ലക്ഷത്തിനടുത്ത് വോട്ടുകളാണ് ലഭിച്ചത്.
ആരിഫ് തുടർച്ച ഉറപ്പിച്ച് ഇത്തവണയും പ്രചരണ രംഗത്ത് മുന്നേറിയ സമയത്താണ് ഇടത് മുന്നണിക്ക് മേൽ ഇടിത്തീയായിട്ടാണ് ആലപ്പുഴ മണ്ഡലത്തിലേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി കെ സി വേണഗോപാലിന്റെ രംഗപ്രവേശം. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ.സിയെ ആലപ്പുഴയിലിറക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, വയനാട്ടിൽ രാഹുൽ ഗാന്ധി എത്തുമെന്ന് ഉറപ്പിച്ചതോടെ ആ സാദ്ധ്യതയ്ക്ക് നേരിയമങ്ങലേറ്റിരുന്നു. ആലപ്പുഴയുടെ പൾസ് അറിയുന്ന കെ.സിയെ വീണ്ടും കളത്തിലിറക്കമ്പോൾ അരയും തലയും മുറുക്കിയുള്ള ത്രികോണ പോരാട്ടത്തിനായിരുന്നു ആലപ്പുഴ മണ്ഡലം വേദിയായത്.
പയ്യന്നൂർക്കാരൻ കെ സി
കണ്ണൂരിലെ ചുവപ്പൻ കോട്ടകളിൽ ഒന്നായ പയ്യന്നൂരിൽ ജനിച്ച കെ സി വേണഗോപാൽ 1996ൽ മുപ്പത്തിമൂന്നാം വയസിലാണ് ആലപ്പുഴയിലേക്ക് കുടിയേറിയത്. വന്ന വരവിൽ ആലപ്പുഴ മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക്. പിന്നെയും രണ്ട് തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴ വഴി തന്നെ നിയമസഭയിലെത്തി. അതിലൊരു തവണ മന്ത്രിയുമായി. അതോടെ ആലപ്പുഴ കെ.സിക്കും, കെ.സി ആലപ്പുഴയ്ക്കും പ്രിയപ്പെട്ടതായി.
2009 ആയപ്പോഴേക്കും കെ സി ലോക്‌സഭയിലേക്ക് കളം മാറി ചവിട്ടി. ആലപ്പുഴ വഴി തന്നെയായിരുന്നു കേന്ദ്ര സഹമന്ത്രി പദവിയിലേക്ക് പോയത്. അവിടുന്നുള്ള വളർച്ച സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി എന്ന കോൺഗ്രസിലെ രണ്ടാം സ്ഥാനം വരെ എത്തി നിൽക്കുന്നു. കൂടാതെ രാജ്യസഭാ എം പിയും കൂടിയാണ്. ദേശീയ രാഷ്ട്രീയത്തിലേക്ക് വളർന്നപ്പോഴും ആലപ്പുഴയുമായുള്ള ആത്മബന്ധം കാത്തുസൂക്ഷിക്കാൻ കെ സി വേണുഗോപാൽ എന്നും ശ്രമിച്ചിരുന്നു.
ജനസമ്മതിയിൽ കെ സി വേണുഗോപാലിനോളം തന്നെ സ്വാധീനമുള്ള നേതാവാണ് എ എം ആരിഫ്. വോട്ടർമാർക്കിടയിൽ വിരുദ്ധ വികാരം പൊതുവേ കുറവ്. ഈസിയായി വിജയിച്ചുകയറാമെന്ന ഇടത് മുന്നണിയുടെ പ്രതീക്ഷകളെയാണ് കെ സി സ്ഥാനാർത്ഥിയായി എത്തുമെന്ന പ്രഖ്യാപനത്തോടെ വെട്ടിമാറ്റിയത്.
ശോഭയ്ക്കും ആശ്വസിക്കാം
ബി ജെ പിയാവട്ടെ കഴിഞ്ഞ തവണ ഒരു ലക്ഷത്തിന് മുകളിലേക്ക് ഉയർത്താൻ സാധിച്ച വോട്ട് നില ഇപ്രാവശ്യം ശോഭാ സുരേന്ദ്രനിലൂടെ ഇരട്ടിയിലധികമാക്കാനാണ് പദ്ധതിയിട്ടത്. അമിത് ഷാ അടക്കമുള്ള നേതാക്കൾ ശോഭയ്ക്ക് വേണ്ടി പ്രചാരണത്തിനെത്തുകയും ചെയ്‌തിരുന്നു. വിജയിക്കാൻ സാധിച്ചില്ലെങ്കിലും, മൂന്നാം സ്ഥാനത്താണെങ്കിലും മൂന്ന് ലക്ഷത്തോളം വോട്ട് നേടിയെന്നത് ശോഭയെ സംബന്ധിച്ച് ആശ്വസിക്കാനുള്ള വക തന്നെയാണ്. മാത്രമല്ല എൽ ഡി എഫിന് സ്വാധീനമുള്ള പലയിടങ്ങളിലെയും വോട്ടുകൾ പിടിക്കാനും ശോഭ സുരേന്ദ്രന് സാധിച്ചു.
ശോഭ സുരേന്ദ്രൻ ഇടക്കാലത്ത് ബി ജെ പി വിടാൻ തീരുമാനിച്ചിരുന്നെന്നും നിയമസഭാ തിരഞ്ഞെടുപ്പിൽ വടക്കാഞ്ചേരിയിൽ എൽ ഡി എഫ് സ്ഥാനാർത്ഥിയാകാൻ ശ്രമം നടത്തിയെന്നും ആരോപിച്ച് ദല്ലാൾ നന്ദകുമാർ രംഗത്തെത്തിയിരുന്നു. ഇതും തിരഞ്ഞെടുപ്പിൽ ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |