മാദ്ധ്യമപ്രവർത്തനത്തിന്റെ മഹത്വം ജീവിതാവസാനം വരെയും ഒരുപോലെ ഉയർത്തിക്കാട്ടിയ മഹാപ്രതിഭാശാലിയായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച ബാബു രാജേന്ദ്രപ്രസാദ് ഭാസ്‌കർ എന്ന ബി.ആർ.പി. ഭാസ്‌കർ.ഇന്ത്യൻ മാദ്ധ്യമ രംഗത്തെ കുലപതികളിൽ ഒരാൾ. മലയാളികളായ എടത്തട്ട നാരായണനെയും പോത്തൻ ജോസഫിനെയുമൊക്കെപ്പോലെ ഇന്ത്യൻ ജേണലിസത്തിലെ പ്രകാശ ഗോപുരമായിരുന്നു ബി.ആർ.പി. പത്രപ്രവർത്തകൻ സാമൂഹ്യ മുന്നേറ്റത്തിന്റെ ചരിത്രപ്പടവുകളിലെ സാക്ഷിയും സഹായിയുമാണ് എന്നു പറയാറുണ്ട്. ജീവിതം നടന്നുനീങ്ങുന്ന വഴികളിൽ പ്രകാശമായും പ്രതീക്ഷയായും തിളങ്ങിനിൽക്കാനുള്ള ബാദ്ധ്യതയുമുണ്ട് പത്രപ്രവർത്തകന് . അങ്ങനെയാണ് അയാൾ സമൂഹത്തിന്റെ കാവലാളാകുന്നതും സമൂഹത്തെ പുന:സൃഷ്ടിക്കുന്നതും. ആ ശ്രേണിയിൽ ധൈര്യപൂർവം നമുക്ക് പ്രതിഷ്ഠിക്കാൻ കഴിയുന്ന പേരായിരുന്നു ബി.ആർ.പി എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ബി.ആർ.പി.ഭാസ്ക്കർ.
സ്വാതന്ത്ര്യപ്രാപ്തിക്കു മുമ്പുള്ള ഘട്ടത്തിൽ ജനനം, സ്വാതന്ത്ര്യം, ജനാധിപത്യം തുടങ്ങിയ ആധുനിക ജീവിതത്തിന്റെ മൂല്യവിചാരങ്ങളൊക്കെ അന്യമായ കാലത്തെ യൗവന ജീവിതം, സ്വാതന്ത്ര്യപ്രാപ്തിയുടെ ആദ്യഘട്ടങ്ങളിൽ രാജ്യം കിതച്ചും കുതിച്ചും മുന്നേറിയ നാളുകൾ, സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ കയറ്റിറക്കങ്ങളും വളവു തിരിവുകളും നേരിൽ അനുഭവിച്ച കാലം, ആഗോളവൽക്കരണത്തിന്റെ അഭിരുചികൾ ആടിത്തിമിർത്ത ജീവിതക്കാഴ്ചകൾ, ഹൈടെക് ജീവിതത്തിന്റെ ഭാവപ്പകർച്ച സമ്മാനിച്ച 21-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങൾ - ഇവയ്ക്കെല്ലാം സാക്ഷിയും സഹായിയുമായി പ്രവർത്തിച്ച കർമകാണ്ഡത്തിന്റെ ധന്യത. ഇതെല്ലാം ചേരുമ്പോൾ ബി.ആർ.പി എന്ന, ഇന്ത്യൻ മാദ്ധ്യമ രംഗത്തെ തലപ്പൊക്കമുള്ള മനുഷ്യനായി. സ്വതന്ത്ര ചിന്തകളുടെയും പത്രപ്രവർത്തനത്തിന്റെയും ഡി.എൻ.എ, അച്ഛൻ 'നവഭാരതം' പത്രാധിപർ എ.കെ.ഭാസ്കറിൽ നിന്ന് സ്വന്തമാക്കിക്കൊണ്ടാണ് അദ്ദേഹം യൗവനാരംഭത്തിൽത്തന്നെ പത്രപ്രവർത്തന വഴികളിലേക്ക് ചുവടുവച്ചത്.
'ദ ഹിന്ദു" പോലുള്ള ഒരു ദേശീയ പത്രത്തിൽ നിന്ന് സ്റ്റേറ്റ്സ്‌മാനിലേക്കും, പേട്രിയറ്റിലേക്കും, ഡെക്കാൺ ഹെറാൾഡിലേക്കുമൊക്കെ ചെന്നെത്തി. എന്നാൽ വാർത്താ ഏജൻസിയായ യു.എൻ.ഐയിലെ പ്രവർത്തനകാലം ബി.ആർ.പിയുടെ ഔദ്യോഗിക ജീവിതത്തിലെ സുവർണ കാലഘട്ടമായിരുന്നു. ദീർഘവീക്ഷണത്തോടെ വാർത്തകൾ തയ്യാറാക്കുന്നതിൽ അതിവിദഗ്‌ദ്ധനായിരുന്നു ബി.ആർ.പി. മനുഷ്യൻ ചന്ദ്രനിലിറങ്ങിയപ്പോൾ ഇന്ത്യൻ മാദ്ധ്യമങ്ങൾ ഉപയോഗിച്ചത് യു.എൻ.ഐയിൽ ബി.ആർ.പി തയ്യാറാക്കി നൽകിയ വാർത്തയായിരുന്നു. യു.എൻ.ഐയുടെ കാശ്‌മീരിലെ ബ്യൂറോ ചീഫായിരിക്കെ ജമ്മുകാശ്‌മീർ ഭരണകൂടത്തിന്റെ അതൃപ്‌തിക്കു പാത്രമായ അദ്ദേഹത്തിന് വധശ്രമം വരെ നേരിടേണ്ടിവന്നിട്ടുണ്ട്. ഔപചാരികമായ വിരമിക്കലിനു ശേഷം മലയാളത്തിലെ ആദ്യ ഉപഗ്രഹ ടിവി ചാനലായ 'ഏഷ്യാനെറ്റി"ന്റെ നടത്തിപ്പിന് അടിത്തറ പാകി. ഈ പ്രവർത്തനങ്ങൾക്കിടയിൽ ദേശീയവും സാർവദേശീയവുമായ ഒട്ടനവധി സംഭവങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവന്നു.
എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അർത്ഥവത്തായ സാമൂഹ്യ ഇടപെടലുകളിലൂടെയും മലയാളി ജീവിതത്തിന്റെ വ്യാകരണപ്പിശകുകളെ തിരുത്താൻ ശ്രമിച്ചു. ചിലർക്കെങ്കിലും അസ്വാസ്ഥ്യങ്ങളുണ്ടാക്കുന്ന എഴുത്തുകളും ഇടപെടലുകളും നടത്തിയപ്പോഴും ബി. ആർ.പിയുടെ അറിവിനെയും അനുഭവത്തെയും ആർജവത്തെയും ആരും ചോദ്യം ചെയ്തിരുന്നില്ല. ആദർശോജ്ജ്വലവും മൂല്യാധിഷ്ഠിതവുമായ മാദ്ധ്യമപ്രവർത്തനത്തിന്റെ പതാകവാഹകനായിരുന്നു. പ്രലോഭനങ്ങൾക്കു മുന്നിൽ വഴങ്ങിയില്ല. മാദ്ധ്യമപ്രവർത്തന രംഗത്തേക്കു വരുന്ന ഏതൊരു വ്യക്‌തിക്കും ബി.ആർ.പിയിൽ നിന്ന് പഠിക്കാൻ പാഠങ്ങൾ ഏറെയുണ്ട്. അധികാരകേന്ദ്രങ്ങളിലിരിക്കുന്നവർ എന്തു വിചാരിക്കുമെന്ന് ബി.ആർ.പി ഒരിക്കൽപ്പോലും ചിന്തിച്ചിട്ടില്ല. നേതാക്കൻമാരുടെ തോളിൽ കൈയിടുന്നതും അവരുമായി ചങ്ങാത്തമുണ്ടാക്കുന്നതും അഭിമാനകരമായി കാണുന്ന ഈ കാലത്ത് ബി.ആർ.പിയെപ്പോലുള്ള വഴികാട്ടികളുടെ അഭാവം വലിയ ശൂന്യതയാണ് സൃഷ്ടിക്കുക. 'കേരളകൗമുദി"യുമായി എന്നും ഉറ്റബന്ധം പുലർത്തി. ദീർഘകാലം കോളവും എഴുതി. ആത്‌മമിത്രത്തിന്റെ വേർപാടിനു മുന്നിൽ ഞങ്ങൾ പ്രണാമം അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |