കൊച്ചി: ബ്രാഹ്മണ സമുദായങ്ങൾ മുന്നോട്ട് വരേണ്ട സമയമായെന്നും, ജാതിസംവരണം ഒഴിവാക്കി സാമ്പത്തിക സംവരണം കൊണ്ട് വരണമെന്നും കേരള ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് വി.ചിദംബരേഷ്. ഇതിനുവേണ്ടി ബ്രാഹ്മണർ പ്രതിഷേധവുമായി രംഗത്ത് വരണമെന്നും ചിദംബരേഷ് പറഞ്ഞു. കൊച്ചിയിൽ വച്ച് നടന്ന തമിഴ് ബ്രാഹ്മണ ആഗോള സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ചിദംബരേഷ്. ബ്രാഹ്മണ ജാതിയിൽപെട്ടവർ വർഗീയവാദികളല്ലെന്നും, മറ്റുള്ളവരുടെ വികാരങ്ങൾ മാനിക്കുന്നവരാണെന്നും, അഹിംസാവാദികളാണെന്നും ചിദംബരേഷ് പറഞ്ഞു. മനുഷ്യസ്നേഹികളായ ബ്രാഹ്മണരാണ് എല്ലാ കാര്യങ്ങളുടെയും നേതൃസ്ഥാനത്ത് വരേണ്ടതെന്നും ചിദംബരേഷ് കൂട്ടിച്ചേർത്തു.
'ബ്രാഹ്മണർക്ക് ജന്മനാ ചില ഗുണങ്ങളുണ്ട്. വൃത്തിയുള്ള ശീലം. ഉയർന്ന ചിന്താശേഷി, മികച്ച സ്വഭാവഗുണം, സസ്യാഹാരം ശീലിച്ചവർ, കർണാടക സംഗീതത്തെ ഇഷ്ടപ്പെടുന്നവർ. അങ്ങനെ എല്ലാ ഗുണങ്ങളും ഒത്ത് ചേർന്നവരാണ് ബ്രാഹ്മണർ. സംവരണം സമുദായത്തെയോ ജാതിയെയോ അടിസ്ഥാനമാക്കി നടത്തേണ്ടതാണോ എന്ന് ചിന്തിക്കേണ്ട സമയമായി. ഭരണഘടനാ പദവി അലങ്കരിക്കുന്ന ഞാൻ ഇക്കാര്യത്തെ കുറിച്ച് അധികമൊന്നും പറയുന്നില്ല. നിങ്ങളുടെ താത്പ്പര്യങ്ങളെ ഉദ്ദീപിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്. നിങ്ങളെ ഓർമ്മപ്പെടുത്തുന്നു എന്ന് മാത്രം' ജസ്റ്റിസ് പറയുന്നു.
ഒരു ബ്രാഹ്മണ പാചകക്കാരന്റെ മകന് സംവരണം കിട്ടണമെങ്കിൽ അവൻ സാമ്പത്തികമായി പിന്നിലായിരിക്കണമെന്നും എന്നാൽ പിന്നാക്കകാരനായ ഒരു തടിക്കച്ചവടക്കാരന്റെ മകന് ഉറപ്പായും സംവരണം ലഭിക്കുമെന്നും ചിദംബരേഷ് പറയുന്നു. ബ്രാഹ്മണർ ഒരിക്കലും മുഖ്യധാരയിൽ നിന്നും മാറി നിൽക്കാൻ പാടുള്ളതല്ല എന്നും അഭിപ്രായങ്ങളോടെ മുന്നോട്ട് വരേണ്ട സമയമായെന്നും ജസ്റ്റിസ് പറഞ്ഞു. ഒറ്റയ്ക്ക് നിൽക്കാതെ ബ്രാഹ്മണരെല്ലാം ഒന്നിച്ച് നിൽക്കണമെന്നും ജസ്റ്റിസ് ചിദംബരേഷ് കൂട്ടിച്ചേർത്തു.
ജഡ്ജിയുടെ പരാമർശത്തിനെതിരെ നിരവധി പേർ രംഗത്ത് വന്നു. ഒരു ജഡ്ജി ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണിതെന്നും ഇത്തരത്തിൽ പരാമർശങ്ങൾ നടത്തുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും പട്ടികജാതി, പട്ടികവർഗ വികസന മന്ത്രി എ.കെ ബാലൻ പ്രതികരിച്ചു. ഭരണഘടനാ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടിയാണ് ജഡ്ജിയുടേതെന്ന് കോൺഗ്രസ് എം.എൽ.എ വി.ടി ബൽറാമും വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |