SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.18 PM IST

രാജ്യസഭാ സീറ്റ് : സി.പി.എം 'കീഴടങ്ങൽ' വിപത്ത് മുന്നിൽക്കണ്ട്

Increase Font Size Decrease Font Size Print Page
cpm

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഒരു വശത്ത്.മുന്നണിയിലെ മുഖ്യ ഘടകകക്ഷികളുടെ കടുത്ത നിലപാടും, കേരള കോൺഗ്രസ് - മാണി വിഭാഗത്തെ പിണക്കി അകറ്റിയാലുള്ള രാഷ്ട്രീയ പ്രത്യാഘാതവും മറു വശത്ത്.,രാജ്യസഭാ സീറ്റ് മറ്റൊരു കക്ഷിക്ക് വിട്ടു നൽകുകയെന്ന അസാധാരണ നിലപാടിലേക്ക് സി.പി.എം എത്തിച്ചേർന്നതിന്റെ കാരണം വ്യക്തം.

മുന്നണിയുടെ കെട്ടുറപ്പും നിലനിൽപ്പും കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് കണ്ട് സി.പി.എം സ്വയം വിട്ടുവീഴ്ചയ്‌ക്ക് തയ്യാറാവുകയായിരുന്നു. ഒരു തരത്തിൽ ,വിപത്തുകൾ മുന്നിൽക്കണ്ടുള്ള കീഴടങ്ങൽ. കോട്ടയം സീറ്റിൽ തോൽക്കുക കൂടി ചെയ്തതോടെ പാർലമെന്റിൽ അംഗത്വമില്ലാതായ കേരള കോൺഗ്രസ്- എമ്മിന് കൈയിലിരുന്ന രാജ്യസഭാ സീറ്റ് നിലനിൽപ്പിന്റെ കൂടി പ്രശ്നമാണ്. മറ്റ് പ്രലോഭനങ്ങൾ അവിടെ ഏശിയില്ല.

അനുനയത്തിന് സി.പി.ഐയും തയ്യാറായില്ല. അതോടെ 'വല്യേട്ടൻ" മുട്ടു മടക്കി.തിരുത്തലിന്റെ തുടക്കമാണിതെന്നാണ് വ്യാഖ്യാനം.

ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തൊട്ടാകെ ഇടതു കോട്ടകൾ തകർന്നടിഞ്ഞതിന് പിന്നാലെ,ഇടതുപക്ഷത്തിന്റെ സഹായികളും അഭ്യുദയ കാംക്ഷികളും പോലും കടുത്ത വാക്കുകളിൽ മുന്നറിയിപ്പുമായി രംഗത്തു വന്നിരുന്നു. എൽ.ഡി.എഫിനേറ്റ തിരിച്ചടിക്ക് മുഖ്യ കാരണം മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണെന്നായിരുന്നു സമസ്തയുടെ മുഖ പത്രമായ 'സുപ്രഭാതം" ആഞ്ഞടിച്ചത്.

സർക്കാരിന്റെ അതിരു വിട്ട ന്യൂനപക്ഷ പ്രീണനമാണ് പിന്നാക്ക.പട്ടിക വിഭാഗം വോട്ടുകൾ ചോർത്തിയതെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമർശനവും സർക്കാരിനെയും, സി.പി.എമ്മിനെയും ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്.ഈ വിമർശനങ്ങളോട് പാർട്ടി ഇനിയും പ്രതികരിച്ചിട്ടില്ല. അതേ സമയം, മാർദ്ദവമില്ലാതെയാണെങ്കിലും, സദുദ്ദേശ്യത്തോടെ സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തിരുത്താൻ ശ്രമിച്ച ഇടതുപക്ഷ സഹ യാത്രികൻ കൂടിയായ ഗീവർഗീസ് മാർ കൂറിലോസിനെ 'വിവര ദോഷി'യായി മുഖ്യമന്ത്രി ചിത്രീകരിച്ചത് ക്രൈസ്തവ സഭകളിൽ മാത്രമല്ല, ഇടതു കേന്ദ്രങ്ങളിൽ പോലും കടുത്ത നീരസത്തിന് ഇടയാക്കി.

 തിരുത്തൽ നടപടി വേണമെന്ന് മുന്നറിയിപ്പ്

വിമർശനങ്ങളോട് അസഹിഷ്ണുത പാടില്ലെന്നും, മുന്നണിയിൽ നിന്ന് അകന്നു പോയ ജന വിഭാഗങ്ങളെ വീണ്ടും അടുപ്പിക്കാനുള്ള തിരുത്തൽ നടപടികൾ സർക്കാരും പാർട്ടിയും കൈക്കൊള്ളണമെന്നും വോട്ടെണ്ണലിന് ശേഷം ചേർന്ന സി.പി.എം. സെക്രട്ടേറിയറ്റിന്റെ പ്രഥമ യോഗം മുന്നറിയിപ്പ് നൽകിയതാണ്. അതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.തെറ്റു തിരുത്തൽ ഇങ്ങനെയാണോയെന്ന ചോദ്യമാണ് ഇതുയർത്തിയത്.രാജാവ് നഗ്നനാണെന്ന് പറയാൻ ആളില്ലാത്ത വിധം പാർട്ടി അധഃപതിച്ചുവെന്ന പ്രതിപക്ഷ വിമർശനത്തിനും ഇത് ഇടയാക്കി. കനത്ത തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന ആക്ഷേപം ഇടതു മുന്നണി ഘടകകക്ഷികൾക്കിടയിലും പ്രബലമായി.അതിന് പിന്നാലെയാണ്,കേരളത്തിലെ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗം കടുത്ത നിരാശ പ്രകടിപ്പിച്ചത്.പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ സ്വയം വിമർശനാത്മകവും ആഴത്തിലുള്ളതുമായ വിശകലം നടത്താനും പി.ബി തീരുമാനിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് പുറമെ, സംസ്ഥാനത്ത് ഇടതു വോട്ടുകളിലേക്കുള്ള ബിജെ.പിയുടെ കടന്നുകയറ്റവും പാർട്ടിയെ ആശങ്കപ്പെടുത്തുന്നു.

TAGS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY