SignIn
Kerala Kaumudi Online
Monday, 29 July 2024 8.26 PM IST

'സിൽക്ക് സ്‌മിത ഒരു പ്രത്യേക സ്വഭാവക്കാരി'; ഒരിക്കൽ വഴിയിൽ നിൽക്കുന്നതിനിടെ തന്നോട് ചോദിച്ചതുകേട്ട് ഞെട്ടിയെന്ന് സംവിധായകൻ

silk-smitha

വിടർന്ന കണ്ണുകളും ആകർഷകമായ ചിരിയും സൗന്ദര്യവും കൊണ്ട് എൺപതുകളിൽ തെന്നിന്ത്യൻ സിനിമാലോകം അടക്കിവാണ നടിയാണ് സിൽക്ക് സ്‌മിത. 'ഇന്ത്യൻ സിനിമയുടെ മർലിൻ മൺറോ' എന്നാണ് താരം അറിയപ്പെട്ടിരുന്നത്. പതിനേഴ് വർഷം നീണ്ടുനിന്ന കരിയറിൽ അഞ്ച് ഭാഷകളിലായി നാനൂറ്റി അമ്പതിലധികം സിനിമകളിൽ സിൽക്ക് സ്‌മിത വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ സ്‌മിതയെക്കുറിച്ച് തെലുങ്കിലെ ഹിറ്റ് സംവിധായകൻ കൃഷ്ണ വംശി ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്.

അസിസ്റ്റന്റ് ഡയറക്‌ടറായിട്ടാണ് വംശി സിനിമയിൽ തന്റെ കരിയർ തുടങ്ങുന്നത്. 1995ൽ റോസ് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സ്വതന്ത്ര സംവിധായകനാവുന്നത്. സിൽക്ക് സ്‌മിതയോടൊപ്പവും വംശി പ്രവർത്തിച്ചിട്ടുണ്ട്.

'കരിയറിന്റെ തുടക്കകാലത്ത് സിനിമയിൽ അവസരം ലഭിക്കാൻ സിനിമാചിത്രീകരണം നടക്കുന്ന സ്ഥലങ്ങളിലെല്ലാം ഞാൻ പോകുമായിരുന്നു. ഒരിക്കൽ ഒരു പരിചയക്കാരൻ എന്നെ ത്രിപുരാനിലെ വരപ്രസാദ റാവുവിന്റെ അടുത്തേയ്ക്ക് കൊണ്ടുപോയി. അദ്ദേഹം സിൽക്ക് സ്‌മിതയ്ക്കൊപ്പം സിനിമ ചെയ്യുകയായിരുന്നു അപ്പോൾ. അവിടെയും ഞാൻ സജീവമായി പ്രവർത്തിച്ചു. സ്‌മിത ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ഇതിനുശേഷം സ്‌മിത വീരവിഹാരം എന്ന സിനിമ നിർമ്മിച്ചു. എനിക്കും അവരോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചു. ഏതാനും മാസങ്ങൾ പ്രൊഡക്ഷനിൽ ഞാൻ ജോലി ചെയ്തു. അങ്ങനെ സ്‌മിതയുമായി നല്ലൊരു സൗഹൃദം രൂപപ്പെട്ടിരുന്നു. അവരൊരു അതുല്യ സ്വഭാവക്കാരിയാണ്. ഇതിനുശേഷമാണ് ഞാൻ റോസ് എന്ന സിനിമയിലൂടെ സംവിധായകനായത്.

ഒരുദിവസം ഞാൻ അന്നപൂർണ സ്റ്റുഡിയോയ്ക്ക് മുന്നിൽ നിന്ന് പുകവലിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. ഇതിനിടെ എന്റെ മുന്നിലൂടെ ഒരു കാർ കടന്നുപോയി. അതിൽ ആരാണെന്ന് ഞാൻ ശ്രദ്ധിച്ചിരുന്നില്ല. പെട്ടെന്ന് വണ്ടി തിരികെവന്ന് എന്റെ മുന്നിൽ നിന്നു. കാറിന്റെ കണ്ണാടി താഴ്‌ന്നപ്പോഴാണ് ഉള്ളിലുണ്ടായിരുന്നത് സ്‌മിതയാണെന്ന് ഞാൻ കാണുന്നത്.

ഞാൻ ഞെട്ടിപ്പോയി. മടിച്ചുനിൽക്കുന്ന എന്നെ കണ്ടപ്പോൾ തന്നെ ഓർമ്മയില്ലേയെന്ന് അവർ ചോദിച്ചു. എന്നെ ഓർക്കുന്നുണ്ടോയെന്ന് ചിന്തിക്കുകയായിരുന്നു ഞാനെന്ന് മറുപടി നൽകി. എന്റെ റോസ് എന്ന സിനിമ കണ്ടുവെന്നും മനോഹരമായിരുന്നുവെന്നും അവർ പറഞ്ഞു. ഡ്രൈവർ ആയാലും മേക്കപ്പ് മാൻ ആയാലും തനിക്കുവേണ്ടി ജോലി ചെയ്യുന്നവരെ സ്വന്തം ആളുകളെപ്പോലെയാണ് സ്‌മിത കണ്ടിരുന്നത്.'- വംശി അഭിമുഖത്തിൽ വെളിപ്പെടുത്തി.

ആന്ധ്രയിലെ ഡെണ്ട്‌ലുരു എന്ന ഗ്രാമത്തിലായിരുന്നു വിജയലക്ഷ്‌മി എന്ന സിൽക്ക് സ്‌മിതയുടെ ജനനം. സാമ്പത്തിക പരാധീനതകൾമൂലം നാലാം ക്ളാസിൽ പഠനം ഉപേക്ഷിച്ച സിൽക്ക് വീട്ടുകാരുടെ നിർബന്ധം കാരണം പതിനാലാം വയസിൽ വിവാഹിതയായി. ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും പീഡനം കാരണം ഏറെ വൈകാതെ സിൽക്ക് സ്‌മിത തന്റെ അമ്മായിയോടൊപ്പം ചെന്നൈയിലേക്ക് പലായനം ചെയ്തു.

സിനിമയിൽ ടച്ച് അപ്പ് ആർട്ടിസ്റ്റായാണ് സ്‌മിത തുടക്കം കുറിച്ചത്. പിന്നീട് കൊച്ച് കൊച്ച് വേഷങ്ങളിലൂടെ സിനിമയിൽ മുഖം കാണിക്കാൻ തുടങ്ങി. നടനും സംവിധായകനുമായ വിനു ചക്രവർത്തി എ.വി.എം സ്റ്റുഡിയോയ്ക്ക് സമീപത്തുള്ള ഒരു ഫ്ളോർ മില്ലൽ വച്ച് സിൽക്കിനെ കണ്ടതാണ് അവരുടെ ജീവിതത്തിൽ വഴിത്തിരിവായത്. വിനു ചക്രവർത്തി സ്‌മിതയ്ക്ക് അഭിനയത്തിലും നൃത്തത്തിലും പരിശീലനം നൽകാനുള്ള ഏർപ്പാടുകൾ ചെയ്തു.

1980ൽ ആണ് സ്‌മിതയ്ക്ക് സിനിമയിലെ ആദ്യ ബ്രേക്ക് ലഭിച്ചത്. വണ്ടിചക്രം എന്ന സിനിമയിലെ 'സിൽക്ക്" എന്ന ബാർഗേളിന്റെ കഥാപാത്രം സ്‌മിതയുടെ ജീവിതം തന്നെ മാറ്റിമറിച്ചു. 1982ൽ രജനികാന്തിന്റെ മൂൻട്ര് മുഖം കൂടി റിലീസായതോടെ തമിഴ് സിനിമ സിൽക്ക് സ്‌മിതയെ തങ്ങളുടെ രതിദേവതയായി അവരോധിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SILK SMITHA, KRISHNA VAMSI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.