കുവൈറ്റ് സിറ്റി: ഇന്നലെ പുലർച്ചെ കുവൈറ്റിലെ മംഗെഫിൽ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ച 22 മലയാളികളെ തിരിച്ചറിഞ്ഞു. അപകടത്തിൽ ആകെ 49പേർ മരിച്ചതായാണ് വിവരം. ഇതിൽ 42ഉം ഇന്ത്യക്കാരാണ്. മരണപ്പെട്ടവരിൽ 24 മലയാളികൾ ഉണ്ടെന്നാണ് വിവരം.
കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർദ്ധൻ സിംഗ് കുവൈറ്റ് വിദേശകാര്യ മന്ത്രി അബ്‌ദുള്ള അലി അൽ യഹ്യയുമായി കൂടിക്കാഴ്‌ച നടത്തി. തീപിടിത്തത്തിന് ഇരയായവർക്കുള്ള വൈദ്യസഹായം, മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ, സംഭവത്തെക്കുറിച്ചുള്ള അന്വേഷണം എന്നിവ ഉൾപ്പെടെ പൂർണ പിന്തുണയും അദ്ദേഹം ഉറപ്പുനൽകി.
അപകടത്തിൽ പരിക്കേറ്റ് ഏഴ് മലയാളികൾ ഗുരുതരാവസ്ഥയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഏറ്റവും കുറഞ്ഞ സമയത്തിൽതന്നെ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നോർക്ക സിഇഒ നേരത്തേ അറിയിച്ചിരുന്നു. 24 മലയാളികൾ മരണപ്പെട്ടതായി മുഖ്യമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചു.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ എല്ലാ വൈദ്യുത ദീപാലങ്കാരങ്ങളും വേണ്ടെന്ന് വെയ്ക്കാന്‍ തീരുമാനിച്ചു. ലോക കേരള സഭയോടനുബന്ധിച്ച് നഗരത്തില്‍ വൈദ്യുത വിളക്കുകള്‍ അലങ്കാരത്തിനായി സ്ഥാപിച്ചിരുന്നു. ഇത് ഒഴിവാക്കും.
കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ വച്ച് നടത്താനിരുന്ന കാൻ ചലച്ചിത്രമേളയിൽ തിളങ്ങിയ മലയാള ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്ന ചടങ്ങ് മുഖ്യമന്ത്രിയുടെ ചേംബറിലേക്ക് മാറ്റി. ആദരിക്കുന്നതിന്റെ ഭാഗമായി നടത്താനിരുന്ന പൊടുചടങ്ങ് ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |