ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത് വിരമിക്കുന്നതിന് മുന്നോടിയായിട്ടാണെന്ന ശിവസേന വാദം ബി.ജെ.പി തള്ളി. ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജത് റൗത്താണ് പ്രസ്‌താവന നടത്തിയത്. മോദിയുടെ പിൻഗാമി മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നും ആർ.എസ്.എസ് പ്രഖ്യാപിക്കുമെന്നും റൗത്ത് പറഞ്ഞിരുന്നു.
2029ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി തന്നെയാകും നയിക്കുകയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു. അദ്ദേഹത്തിന്റെ പിൻഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ല. അതേക്കുറിച്ച് ചർച്ച ചെയ്യാൻ സമയമായിട്ടില്ല. അദ്ദേഹം ഞങ്ങളുടെ നേതാവായി തുടരും.
നമ്മുടെ സംസ്കാരത്തിൽ, പിതാവ് ജീവിച്ചിരിക്കുമ്പോൾ പിന്തുടർച്ചയെക്കുറിച്ച് സംസാരിക്കുന്നത് അനുചിതമാണ്. അങ്ങനെ ചെയ്യുന്നത് മുഗൾ സംസ്‌കാരമാണെന്നും, ഒറംഗസേബ് പിതാവ് ഷാജഹാനെ ജയിലിടച്ച് ഭരണം കൈക്കലാക്കിയത് സൂചിപ്പിച്ച് ഫഡ്‌നവിസ് കൂട്ടിച്ചേർത്തു.
75 വയസ് ബാധകമോ?
സെപ്‌തംബർ 17ന് 75 വയസ് തികയുമ്പോൾ മോദി പാർട്ടിനയം അനുസരിച്ച് വിരമിക്കുമെന്നും ഇക്കാര്യം അറിയിക്കാനാണ് ആർ.എസ്.എസ് ആസ്ഥാനത്ത് പോയതെന്നുമാണ് സഞ്ജയ് റൗത്ത് പറഞ്ഞത്
75 വയസ് പ്രായപരിധി മോദിക്ക് ബാധകമാക്കുമോ എന്നത് ദേശീയ രാഷ്‌ട്രീയത്തിലെ സജീവ ചർച്ചാ വിഷയമാണ്
അമിത് ഷാ പിൻഗാമിയായി ഉടൻ വരുമെന്ന് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആംആദ്‌മി പാർട്ടി നേതാവ് കേജ്‌രിവാൾ പ്രസ്‌താവിച്ചിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |