തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാം ലോക കേരള സഭയ്ക്ക് ഇന്ന് തുടക്കമാവും. നാളെ സമാപിക്കും.നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ്സഭ നടക്കുക. ഇന്ന് വൈകിട്ട് 3ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കുവൈറ്റ് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയാകും ആരംഭിക്കുക. 103 രാജ്യങ്ങളിൽ നിന്നും 25 സംസ്ഥാനങ്ങളിൽ നിന്നുമുള്ള കേരളീയ പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 3 മണിയുടെ ഉദ്ഘാടനത്തിനു ശേഷം ലോകകേരള സഭയുടെ വിഷയാധിഷ്ഠിത സമ്മേളനങ്ങളും മേഖലാ സമ്മേളനങ്ങളും നടക്കും. രാത്രി ഭക്ഷണത്തിനു ശേഷവും സമ്മേളനം തുടരും. രാവിലെ 8.30ന് പ്രതിനിധികളുടെ രജിസ്ട്രേഷൻ ആരംഭിക്കും.
കുവൈറ്റ് ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചിയിൽ എത്തുന്ന സാഹചര്യത്തിൽ അവ ഏറ്റുവാങ്ങുന്നതിനായി മന്ത്രിമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൊച്ചിയിലേക്ക് പോകുന്നതിനാലാണ് രാവിലെ നടത്താനിരുന്ന ഉദ്ഘാടനം മാറ്റിയത്.
ലോക കേരളസഭയിൽ
8 ചർച്ചാ വിഷയങ്ങൾ
തിരുവനന്തപുരം: പ്രവാസികളുമായി ബന്ധപ്പെട്ട എട്ടു വിഷയങ്ങളാണ് ലോക കേരള സഭ ചർച്ച ചെയ്യുക.ഏഴു മേഖലാ ചർച്ചകളും നടത്തും. എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം - നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും, നവ തൊഴിലവസരങ്ങളും നൈപുണ്യവികസനവും പ്രവാസത്തിന്റെ പശ്ചാത്തലത്തിൽ, കേരള വികസനം - നവ മാതൃകകൾ, വിദേശരാജ്യങ്ങളിലെ മാറുന്ന തൊഴിൽ കുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിവയാണ് ചർച്ചാ വിഷയങ്ങൾ.
ഗൾഫ്, ഏഷ്യ പസഫിക്, യൂറോപ്പ് ആൻഡ് യു.കെ, അമേരിക്ക, ആഫ്രിക്ക, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ, തിരികെയെത്തിയ പ്രവാസികൾ എന്നിവയാണ് മേഖലാ വിഷയങ്ങൾ.
25 സംസ്ഥാനങ്ങളിൽ നിന്നും 103 രാജ്യങ്ങളിൽ നിന്നും പ്രവാസി കേരളീയ പ്രതിനിധികൾക്കു പുറമേ ഇരുന്നൂറിലധികം പ്രത്യേക ക്ഷണിതാക്കളും പങ്കെടുക്കുന്നുണ്ട്. പാർലമെന്റ്, നിയമസഭാംഗങ്ങളും ലോക കേരളസഭയുടെ ഭാഗമാണ്.
ശനിയാഴ്ചകളിലെ പരിശീലനം
അദ്ധ്യാപകർ വിട്ടുനിൽക്കും
തിരുവനന്തപുരം: ജൂൺ 15, 22 എന്നീ ശനിയാഴ്ചകളിൽ നിശ്ചയിച്ചിട്ടുള്ള അദ്ധ്യാപക പരിശീലനം മറ്റു ദിവസങ്ങളിലേക്ക് മാറ്റിവയ്ക്കണമെന്ന് ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ശനിയാഴ്ചകളിലെ പരിശീലനത്തിൽനിന്ന് വിട്ടുനിൽക്കും. പരിശീലനം സംബന്ധിച്ച നിവേദനം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കൈമാറിയതായി സംസ്ഥാന ചെയർമാൻ ആർ.അരുൺകുമാർ, കൺവീനർ അനിൽ എം. ജോർജ്ജ്, കോ - ഓർഡിനേറ്റർ നിസാർ ചേലേരി വൈസ് ചെയർമാൻ കെ.സിജു എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |