തൃശൂർ:ശനിയാഴ്ച രാവിലെയുണ്ടായതിന് പിന്നാലെ തൃശൂരിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ പുലർച്ചെയും ഭൂചലനം അനുഭവപ്പെട്ടു. തീവ്രത കുറഞ്ഞ തുടർചലനമാണെന്നും യാതൊരു ആശങ്കയും വേണ്ടെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. 2.9 ആണ് തീവ്രത. ശനിയാഴ്ച മൂന്നായിരുന്നു.
കുന്നംകുളം, ഗുരുവായൂർ, കാട്ടകാമ്പാൽ, എരുമപ്പെട്ടി, ചൊവ്വന്നൂർ, വേലൂർ, കടവല്ലൂർ, പോർക്കുളം തുടങ്ങിയ മേഖലകളിലാണ് ഇന്നലെ പുലർച്ചെ 3.55ന് വീണ്ടും ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കവും വിറയലും ഉണ്ടായതായി നാട്ടുകാർ പറയുന്നു. ശനിയാഴ്ച ഭൂരിഭാഗം പേർക്കും ചലനം അനുഭവപ്പെട്ടിരുന്നു. ഏതാനും വീടുകൾക്ക് വിള്ളലുമുണ്ടായി. പാവറട്ടി വെണ്മേനാടാണ് കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി രേഖപ്പെടുത്തിയിരുന്നത്.
പുലർച്ചെയുണ്ടായ ചലനം പലരും അറിഞ്ഞിരുന്നില്ല. ഇതിന്റെ പ്രഭവകേന്ദ്രവും അറിഞ്ഞിട്ടില്ല. തീവ്രത മൂന്നിൽ താഴെയുള്ള ചലനമായതിൽ പ്രഭവകേന്ദ്രം അടക്കമുള്ള വിവരങ്ങൾ ലഭിക്കില്ല. വീടുകൾക്കോ മറ്റോ ഉണ്ടാകുന്ന നാശനഷ്ടം അറിയിക്കണമെന്ന് റവന്യൂ അധികൃതരും തദ്ദേശ സ്ഥാപന മേധാവികളും അറിയിച്ചിട്ടുണ്ട്. കസേരകൾ ഇളകുന്നതായി തോന്നിയെന്നും അടുക്കളയിലെ പാത്രങ്ങൾ ഇളകിയതായും നാട്ടുകാർ പറയുന്നു. റവന്യൂ, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ ശനിയാഴ്ച സ്ഥലം സന്ദർശിച്ചു. കഴിഞ്ഞവർഷവും തൃശൂരിൽ ഭൂചലനമുണ്ടായിരുന്നു.
`ആശങ്കപ്പെടേണ്ട സാഹചര്യമില്ല. മുന്നറിയിപ്പ് നൽകാൻ സംവിധാനങ്ങളില്ല. ദുരന്ത നിവാരണവകുപ്പ് പരിശോധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. ഭൂമിക്ക് അടിയിൽ കടുത്ത മർദ്ദമുണ്ടാകുമ്പോഴാണ് ചലനം അനുഭവപ്പെടുന്നത്.'
- കെ.രാജൻ
റവന്യൂമന്ത്രി
`ചെറിയ ചലനങ്ങൾ ഉണ്ടാകുമ്പോൾ വലിയ ചലനങ്ങൾ ഒഴിവാകും. തീവ്രത മൂന്നിന് മുകളിൽ വരുന്നത് മാത്രമേ ഗൗരവത്തോടെ കാണേണ്ടതുള്ളൂ. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.'
-ജി.എസ്.പ്രദീപ്
ഹസാർഡസ് റിസ്‌ക് അനലിസ്റ്റ്
ദുരന്തനിവാരണ അതോറിറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |