ബാലരാമപുരം: ആലുവിള കരിംപ്ലാവിളയിൽ വീട്ടുമുറ്റത്തുനിന്ന യുവാവിനെ വെട്ടിക്കൊന്നു. കരമന-കളിയിക്കാവിള ദേശീയപാതയിൽ കല്ലമ്പലം സ്മൃതിമണ്ഡപത്തിന് ഒരു കിലോമീറ്റർ അകലെ ആലുവിള പാലത്തിന് സമീപം കരിംപ്ലാവിളയിൽ ഗോപിയുടെ മകൻ ബിജുവാണ്(40) വെട്ടേറ്റ് മരിച്ചത്. ഇന്നലെ വൈകിട്ട് 4.45ഓടെയാണ് സംഭവം. അന്വേഷണത്തിൽ വഴിമുക്ക് പച്ചിക്കോട് സ്വദേശിയായ കുമാറാണ്(40) ബിജുവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പൊലീസ് പറയുന്നത്: സംഭവത്തിന് മണിക്കൂറുകൾ മുമ്പ് ബിജു സുഹൃത്തുക്കളുമൊത്ത് പുറത്ത് പോയി മദ്യപിച്ചിരുന്നു. സുഹൃത്തുക്കളോടൊപ്പം ഏറെ നേരം ചെലവഴിച്ചശേഷം ബിജു തിരികെ വീട്ടിലെത്തി. കുടുംബത്തോടൊപ്പം ബിജു വീട്ടിൽ ചിലവഴിക്കെ കുമാർ നിരന്തരം ഫോണിൽ വിളിച്ചു. ഫോൺ വിളി സഹിക്കവയ്യാതായതോടെ ബിജു വീടിന് പുറത്തിറങ്ങി. വീടിന്റെ പരിസരത്ത് തന്നെ ഉണ്ടായിരുന്ന കുമാർ, കൈയിൽ കരുതിയിരുന്ന ആയുധം കൊണ്ട് ബിജുവിന്റെ നെഞ്ചിലും കഴുത്തിലും ആഴത്തിൽ കുത്തിപ്പരിക്കേല്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോൾ കുമാർ ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപെട്ടു.
ദേഹമാസകലം ചോരയൊലിച്ചു നിന്ന ബിജുവിനെ മരുമകൻ വിഷ്ണുവും ബന്ധുക്കളും ചേർന്ന് ഓട്ടോയിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചക്കക്കച്ചവടക്കാരനായ ബിജു മൂന്ന് മാസമായി ദൂരെ കച്ചവടത്തിന് പോയിരിക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് തിരികെ വീട്ടിലെത്തിയത്. മദ്യാപാനത്തിനിടെയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആലുവിള പാലത്തന് സമീപം വയൽക്കര വഴി കുമാർ ഓടി രക്ഷപ്പെട്ടതായി പൊലീസ് സ്ഥീരീകരിച്ചു. വയൽക്കര കേന്ദ്രീകരിച്ച് പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നിരവധി കേസുകളിൽ പ്രതിയാണ് കുമാറെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം നെയ്യാറ്രിൻകര ജനറൽ ആശുപത്രി മോർച്ചയിലേക്ക് മാറ്റി. ഭാര്യ മഞ്ചു. അശ്വതി, അച്ചു എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |