SignIn
Kerala Kaumudi Online
Friday, 25 September 2026 12.58 AM IST

സി.പി.എം സെക്രട്ടേറിയറ്റിൽ വിലയിരുത്തൽ : പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിയുടെ ആക്കം കൂട്ടി

READ ENGLISH VERSION
cpm

 വൻ വീഴ്ചകൾ പരിശോധിക്കാൻ കമ്മിഷനെ വച്ചേക്കും

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട കനത്ത തിരിച്ചടിക്ക് പാർട്ടി വോട്ടുകളിലെ ചോർച്ച ആക്കം കൂട്ടിയെന്ന് ഇന്നലെ ആരംഭിച്ച സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിലയിരുത്തൽ. 140 നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് ഫലം മണ്ഡലാടിസ്ഥാനത്തിൽ പരിശോധിക്കും. ഇടതുകോട്ടകളിൽ പോലും നേരിട്ട വൻ തോൽവി പരിശോധിക്കാൻ അന്വേഷണ കമ്മിഷനെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കും.

കനത്ത തിരിച്ചടിക്ക് കാരണം ഭരണ വിരുദ്ധ വികാരമാണെന്ന വാദം ഉന്നത സി.പി.എം നേതാക്കൾ തന്നെ ഉയർത്തുന്ന പശ്ചാത്തലത്തിലാണ്, അഞ്ച് ദിവസത്തെ പാർട്ടി സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്നലെ എ.കെ.ജി സെന്ററിൽ തുടക്കമായത്. തോൽവി സംബന്ധിച്ച് പാർട്ടി ജില്ലാ കമ്മിറ്റികൾ സമർപ്പിച്ച വാർഡ് തലം മുതലുള്ള കണക്കുകളാണ് ഇന്നലെ വിലയിരുത്തിയത്. അവലോകനവും ചർച്ചയും ഇന്നും തുടരും.

അതിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ വീഴ്ചകൾക്കുള്ള പരിഹാര മാർഗങ്ങളും തെറ്റ് തിരുത്തലിനുള്ള നിർദ്ദേശങ്ങളും ബുധനാഴ്ച ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിക്കും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.ബി അംഗം പ്രകാശ് കാരാട്ടും സംസ്ഥാനത്ത് നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ പങ്കെടുക്കുന്ന സംസ്ഥാന നേതൃ യോഗങ്ങളിൽ തിരിച്ചടി സംബന്ധിച്ച തുറന്ന ചർച്ചകൾ നടന്നേക്കും. കനത്ത തോൽവിയെക്കുറിച്ചുള്ള പാർട്ടി ബന്ധുക്കളുടെയും സഹയാത്രികരുടെയും വിമർശനങ്ങളും ഉൾക്കൊണ്ടാവും ചർച്ചകൾ.

പാർട്ടിയുടെ സ്ഥിരം വോട്ട് ബാങ്കായിരുന്ന ചില സമുദായങ്ങൾ പാർട്ടിയിലും മുന്നണിയിലും നിന്ന് അകലാനിടയാക്കിയ സാഹചര്യങ്ങളും സംസ്ഥാനത്ത് ബി.ജെ.പിയുടെ വളർച്ചയും വോട്ട് വിഹിതത്തിലെ ആശങ്കാജനകമായ വർദ്ധനയും പരിശോധിക്കും. സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഉൾപ്പെടെ കാര്യക്ഷമമാക്കി സാധാരണക്കാരെ വീണ്ടും പാർട്ടിയോട് അടുപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നതായാണ് സൂചന. സംസ്ഥാന നേതൃയോഗത്തിന്റെ വിശകലന റിപ്പോർട്ട് 26ന് തുടങ്ങുന്ന പാർട്ടി കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA