SignIn
Kerala Kaumudi Online
Saturday, 05 October 2024 12.54 AM IST

മതിയാക്കേണ്ട ബോംബ് രാഷ്ട്രീയം

Increase Font Size Decrease Font Size Print Page
bomb

ബോംബ് നിർമ്മാണത്തിനിടെ അതു പൊട്ടിത്തെറിച്ച് രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കോ ഗുണ്ടകൾക്കോ അപായം സംഭവിക്കുന്നതു പോലെയല്ല,​ വഴിയിൽ ഉപേക്ഷിക്കപ്പെട്ട ബോംബ് അറിയാതെ എടുക്കുന്ന ഒരു സാധാരണക്കാരൻ മരണമടയുന്ന സംഭവം. ബോംബ്,​ നിർമ്മാണത്തിനിടെ പൊട്ടിത്തെറിച്ച് അപകടം സംഭവിക്കുന്നവരോട് നിഷ്‌പക്ഷ സമൂഹം പൊതുവെ വലിയ സഹതാപമൊന്നും കാട്ടാറില്ല. വാളെടുത്തവൻ വാളാൽ എന്ന വാക്യം ഇത്തരം സന്ദർഭങ്ങളിൽ ചിലരെങ്കിലും ഓർമ്മിക്കുകയും ചെയ്യും. തലശ്ശേരിയിലെ എരഞ്ഞോളിയിൽ ഒരു തൊണ്ണൂറുകാരനുണ്ടായ ദാരുണാന്ത്യം വ്യത്യസ്തമാണ്. വീടിനോടു ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ ചെന്നതായിരുന്നു അദ്ദേഹം. പറമ്പിൽ നിന്നു കിട്ടിയ വസ്തു തുറന്നുനോക്കിയപ്പോഴാണ് പൊട്ടിത്തെറിയുണ്ടായതും വേലായുധന് ജീവൻ നഷ്ടപ്പെട്ടതും. സ്വാഭാവികമായും ഈ സംഭവത്തിനെതിരെ പൊതുസമൂഹത്തിൽ ശക്തമായ പ്രതികരണങ്ങളാണ് ഉണ്ടായത്.

പാർട്ടി ഗ്രാമം പോലെ കരുതപ്പെടുന്ന സ്ഥലമായതിനാൽ സി.പി.എമ്മുകാരാണ് ബോംബ് നിർമ്മിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. ആരാണ് ബോംബ് നിർമ്മിച്ചതെന്നും ആ പുരയിടത്തിൽ ഉപേക്ഷിച്ചതെന്നും കണ്ടുപിടിക്കേണ്ടതും തെളിയിക്കേണ്ടതും പൊലീസിന്റെ ചുമതലയാണ്. കണ്ണൂരിൽ പൊലീസ് ഈ ചുമതല പലപ്പോഴും ഫലപ്രദമായി നടപ്പാക്കാറില്ല. പിന്നെ ബോംബ് നിർമ്മാണത്തിന്റെ കുത്തകാവകാശം സി.പി.എമ്മിനു മേൽ മാത്രം ചാർത്തുന്നതും ശരിയല്ല. ബി.ജെ.പിക്കാരും കോൺഗ്രസുകാരും ബോംബ് നിർമ്മിക്കുകയും പ്രയോഗിക്കുകയും ചെയ്തിട്ടുണ്ട്. ബോംബ് നിർമ്മിക്കണമെന്ന തീരുമാനമെടുക്കുന്നവർ പലപ്പോഴും ബോംബ് നിർമ്മാണത്തിൽ പങ്കാളികളാകാറില്ല. ഏതു പാർട്ടിയായാലും താഴെത്തട്ടിലുള്ള കരങ്ങളാണ് ബോംബ് നിർമ്മാണവും മറ്റും നടത്തുന്നത്. സാഹചര്യവശാൽ ഇവർ പിടിക്കപ്പെട്ടാലും ഇവരോട് ബോംബ് നിർമ്മിക്കാൻ നിർദ്ദേശിച്ചവരിലേക്ക് നിയമപാലകർ എത്താറില്ല. വീണ്ടും വീണ്ടും ബോംബ് നിർമ്മാണവും ആക്രമണങ്ങളും മറ്റും നടക്കുന്നതിന് പ്രധാന കാരണവും മറ്റൊന്നല്ല.

ഇനി,​ പൊലീസ് അഥവാ പിടിച്ചാലും വാലിൽ മാത്രമാണ് പിടിക്കുന്നത്. തലയിൽ തൊടില്ല. അതിനാൽ ക്രമേണ വാൽ ഊരിപ്പോവുകയും ചെയ്യും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത് പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇവർക്ക് സി.പി.എമ്മുമായി ബന്ധമില്ലെന്ന് പാർട്ടി തുടക്കത്തിൽ പറഞ്ഞെങ്കിലും കൊല്ലപ്പെട്ടവർക്കായി പിന്നീട് രക്തസാക്ഷിമന്ദിരം നിർമ്മിക്കുന്നതിന് പാർട്ടിയാണ് മുൻകൈയെടുത്തത്. ഇതൊക്കെ കണ്ണൂരുകാർക്ക് അറിയാമെങ്കിലും ജീവൽഭയം കാരണം ആരും ഒന്നും തുറന്നു പറയാറില്ല. അതിനു വിരുദ്ധമായി എരഞ്ഞോളിയിൽ ഒരു വിദ്യാർത്ഥിനി പ്രതികരിച്ചത് പുതിയ കാലത്തിന്റെ ശബ്ദമായി നമ്മൾ കണക്കാക്കണം. അക്രമരാഷ്ട്രീയത്തിനെതിരെ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടു വന്നാൽ അതു പ്രയോഗിക്കുന്നവർ ആയുധം വച്ച് കീഴടങ്ങുമെന്നതാണ് ചരിത്ര സംഭവങ്ങൾ പഠിപ്പിക്കുന്ന പാഠം.

കണ്ണൂരിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളിലും പറമ്പുകളിലും സംശയം തോന്നുന്ന ഓഫീസുകളിലും മറ്റും പൊലീസ് റെയ്‌ഡ് നടത്തുകയാണ് വേണ്ടത്. ഇനി ഒരു നിരപരാധിയും ഇതുപോലെ ആർക്കോ വേണ്ടി കരുതിവച്ചിരുന്ന ബോംബ് പൊട്ടി മരിക്കാൻ പാടില്ല. മാഹിയിൽ ഒരു ബി.ജെ.പി പ്രവർത്തകന്റെ വീടിനു നേരെ റെയിൻകോട്ടും ധരിച്ചു വന്ന ഒരു സി.പി.എം പ്രവർത്തകൻ ബോംബെറിയുന്ന ദൃശ്യം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സ്വാഭാവികമായും ഇത്തരം ആളുകൾ ഒരു ബോംബ് മാത്രമാകില്ല നിർമ്മിച്ചത്. പൊലീസും അന്വേഷണവും മറ്റും വരുമ്പോൾ മറ്റു ബോംബുകൾ ഒഴിഞ്ഞ പറമ്പുകളിലും മറ്റും ഉപേക്ഷിക്കും. ഇതൊക്കെയാണ് നിരപരാധികളുടെ

ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുന്ന പൊട്ടിത്തെറികൾ സൃഷ്ടിക്കുന്നത്. ഇത് അവസാനിപ്പിക്കാൻ പൊലീസ് മാത്രം വിചാരിച്ചാൽ പോരാ. എല്ലാ പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വത്തിലുള്ള പ്രബലർ തീരുമാനിക്കണം. അങ്ങനെയൊരു നീക്കം ഉണ്ടായില്ലെങ്കിൽ ഇടവേളകളിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനാണ് സാദ്ധ്യത.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: POLITICS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.