തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളെ വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിച്ചാല്‍ നോക്കിയിരിക്കില്ലെന്ന് രമേശ് ചെന്നിത്തല. വടകരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ മാങ്കൂട്ടത്തിലിന് അനാവശ്യ സംരക്ഷണം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു എംപിക്കെതിരെ വടകരയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചത്. വഴിയില്‍ വാഹനം തടഞ്ഞ് ആക്രമിക്കാം എന്ന് സിപിഎമ്മിന്റെ ഗുണ്ടകള്‍ കരുതുന്നുണ്ടെങ്കില്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നാണ് ചെന്നിത്തല പറഞ്ഞത്.
'ഗുണ്ടായിസം കാട്ടി ഭയപ്പെടുത്താമെന്ന് ആരും കരുതണ്ട. കോണ്‍ഗ്രസിന്റെ ജനപ്രതിനിധികളെ ഭീഷണിപ്പെടുത്താമെന്നും കരുതണ്ട. തെരുവ് യുദ്ധം ആരംഭിക്കാന്‍ ശ്രമിച്ചാല്‍ കനത്ത വില കൊടുക്കേണ്ടി വരും.കോണ്‍ഗ്രസ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്. പക്ഷേ അത് ദൗര്‍ബല്യമായി ആരും കാണണ്ട. അടിച്ചാല്‍ തിരിച്ചടിക്കാന്‍ ശേഷിയുള്ളവര്‍ തന്നെയാണ് ഞങ്ങള്‍. സിപിഎമ്മിന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി അടിയന്തര നടപടികള്‍ എടുക്കണം.' - രമേശ് ചെന്നിത്തല പറഞ്ഞു
വടകരയില്‍ എംപിക്കെതിരായ പ്രതിഷേധം നാടകീയ രംഗങ്ങളിലേക്ക് മാറുകയായിരുന്നു. തന്നെ പ്രതിഷേധക്കാര്‍ അസഭ്യം പറയുന്നുവെന്ന് പറഞ്ഞാണ് എംപി വാഹനത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയത്. ഇത് പ്രതിഷേധിക്കാരുമായി നേരിട്ട് വാക്കേറ്റമുണ്ടാകുന്നതിന് കാരണമായി. പ്രതിഷേധത്തിനിടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അസഭ്യംവിളിച്ചെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. നായെ, പട്ടീ എന്ന് വിളിച്ചാല്‍ കേട്ടിട്ട് പോകില്ലെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.
'തെറി പറഞ്ഞാല്‍ പോകുമെന്ന് വിചാരിച്ചോ. അതിന് വേറെ ആളെ നോക്കണം. സമരം വേണമെങ്കില്‍ ചെയ്തോ. പേടിപ്പിച്ച് വിടാമെന്ന് നിങ്ങള്‍ വിചാരിച്ചോ, അതിന് ആളെ വേറെ നോക്കണം. ഒരാളെയും പേടിച്ച് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സമരം ചെയ്യുന്നവര്‍ക്ക് ചെയ്യാം. ആ അവകാശത്തെ മാനിക്കുന്നു. പക്ഷേ വേണ്ടാത്ത വര്‍ത്താനം പറഞ്ഞാല്‍, നായെ, പട്ടിയെന്നൊക്കെ വിളിച്ചാല്‍ കേട്ടിട്ട് പോകുമെന്ന് ഒരാളും വിചാരിക്കണ്ട.
സമരം ഞാനും ചെയ്തിട്ടുണ്ട്. കണ്ടിട്ടുമുണ്ട്. പക്ഷേ നായേ പട്ടിയെന്നൊക്കെ വിളിച്ചാല്‍ കേട്ടിട്ട് പോകില്ല. സമരങ്ങളെയും പ്രതിഷേധങ്ങളെയും ഞങ്ങള്‍ ഭയന്നിട്ടില്ല. സമരം ചെയ്യാനുള്ള അവകാശത്തെ ചോദ്യം ചെയ്യാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ സമരത്തിന്റെ പേരില്‍ ആഭാസത്തരം പറയരുത്.
ആര്‍ക്കും പരിക്ക് പറ്റരുതെന്ന് ഞാന്‍ പൊലീസിനോട് പറഞ്ഞു, വാഹനം തട്ടിയിട്ട് പരിക്കേല്‍ക്കരുതെന്ന് കരുതി വണ്ടി നിര്‍ത്തിയിടാന്‍ പറഞ്ഞു. അങ്ങനെ പറഞ്ഞ ആളാണ്. അതിനിടയില്‍ വന്ന് നായേ, പട്ടിയെന്നൊക്കെ വിളിച്ചാല്‍ കേള്‍ക്കാന്‍ വേറെ ആളെ നോക്കണം. ഏത് വലിയ സമരക്കാര്‍ വന്നാലും. വടകരയില്‍ നിന്ന് അങ്ങനെ പേടിച്ചുപോകാന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടത്തന്നെ കാണും. '- ഷാഫി പറമ്പില്‍ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |