ആന്റിഗ്വ : ട്വന്റി-20 ലോകകപ്പിൽ ബംഗ്ളാദേശിനെതിരായ സൂപ്പർ എട്ട് മത്സരത്തിൽ 197 റൺസ് വിജയലക്ഷ്യമുയർത്തി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. പുറത്താകാതെ അർദ്ധസെഞ്ച്വറി നേടിയ ഹാർദിക് പാണ്ഡ്യ (50*), വിരാട് കൊഹ്ലി (37), റിഷഭ് പന്ത് (36),ശിവം ദുബെ (34), രോഹിത് ശർമ്മ (23) എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ആന്റിഗ്വ നോർത്ത് സൗണ്ടിലെ സർ വിവിയൻ റിച്ചാർഡ്സ് സ്റ്റേഡിയത്തിലെ ഏറ്റവും ഉയർന്ന ട്വന്റി-20 സ്കോറിലേക്ക് ഇന്ത്യയെ എത്തിച്ചത്.
രോഹിത് ശർമ്മയും വിരാടും ചേർന്ന് ഓപ്പണിംഗ് കൂട്ടുകെട്ട് 3.4 ഓവറിൽ 39 റൺസാണ് നേടിയത്. സ്പിന്നർമാരെ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണിംഗ് ചെയ്ത ബംഗ്ളാദേശിന് വേണ്ടി ആദ്യ വിക്കറ്റ് നേടിയ സ്പിന്നർ ഷാക്കിബ് അൽ ഹസനാണ്. 11 പന്തുകളിൽ മൂന്ന് ഫോറുകളും ഒരു സിക്സും പറത്തിയ രോഹിതിനെ നാലാം ഓവറിൽ ഷാക്കിബ് ജാകെർ അലിയുടെ കയ്യിലെത്തിക്കുകയായിരുന്നു. പകരമിറങ്ങിയ റിഷഭ് പന്ത് വിരാടിനൊപ്പം നിന്നുകളിച്ചതോടെ ഇന്ത്യ ആറാം ഓവറിൽ 50 കടന്നു.
ഒൻപതാം ഓവറിൽ തൻസീബ് ഹസനെ ഇറങ്ങിയടിക്കാനൊരുങ്ങിയ വിരാട് ബൗൾഡായി. 28 പന്തുകൾ നേരിട്ട വിരാട് ഒരു ഫോറും മൂന്ന് സിക്സും പായിച്ചശേഷമാണ് മടങ്ങിയത്. പകരമിറങ്ങിയ സൂര്യകുമാർ യാദവ് (6)നേരിട്ട ആദ്യ പന്തിൽ സിക്സ് പറത്തിയെങ്കിലും അടുത്ത പന്തിൽ കീപ്പർ ലിട്ടൺദാസിന് ക്യാച്ച് നൽകി മടങ്ങി.
എന്നാൽ സാഹചര്യം മനസിലാക്കി ബാറ്റുവീശിയ റിഷഭ് പന്തും ശിവം ദുബെയും 12-ാം ഓവറിൽ ഇന്ത്യയെ 100 കടത്തി. ടീം സ്കോർ 108ൽ വച്ച് റിഷഭ് പുറത്തായതിന് ശേഷമെത്തിയ ഹാർദിക്കും ദുബെയും ചേർന്ന് പിന്നീട് പോരാട്ടം ഏറ്റെടുത്തു.24 പന്തുകളിൽ മൂന്ന് സിക്സുകൾ പറത്തിയ ദുബെ 18-ാം ഓവറിലാണ് മടങ്ങിയത്. അക്ഷർ പട്ടേലിനെ (3) കൂട്ടുനിറുത്തി അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യ തകർത്തടിച്ച് 196ലെത്തിച്ചു. 27 പന്തുകൾ നേരിട്ട ഹാർദിക് നാലുഫോറും മൂന്ന് സിക്സുമടിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |