തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളെ സി.പി.എമ്മിന് ഭയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ സി.പി.എമ്മിനെ ബ്ലാക്ക് മെയിൽ ചെയ്യുകയാണ്. ഇത് ഭയന്നാണ് ശിക്ഷായിളവ് ഉൾപ്പെടെ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
അത്തരമൊരു തീരുമാനമെടുത്താൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറത്തിറങ്ങി നടക്കാൻ പറ്റാത്ത തരത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കും.
പ്രതികളുടെ പരോളിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് കെ.കെ.രമ നിയമസഭയിൽ നൽകിയ ചോദ്യത്തിന് അഞ്ചു മാസമായി മറുപടിയില്ല. ഒരു പ്രതികൾക്കും നൽകാൻ പറ്റാത്തതിനേക്കാൾ കൂടുതൽ പരോൾ ടി.പി.വധക്കേസ് പ്രതികൾക്ക് നൽകിക്കഴിഞ്ഞു. ശിക്ഷായിളവ് നൽകുമ്പോൾ ഇരകളായവരുടെ ബന്ധുക്കളിൽ നിന്നുകൂടി റിപ്പോർട്ട് വാങ്ങണമെന്നുണ്ട്. അതിന്റെ ഭാഗമായി കെ.കെ.രമയിൽ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്.
ഇഷ്ടപ്പെട്ട ഭക്ഷണവും മദ്യവും മയക്കുമരുന്നും മൊബൈലും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും പ്രതികൾക്ക് ജയിലിലുണ്ട്. പ്രതികൾക്ക് ജയിലിലിരുന്ന് വരുമാനം ഉണ്ടാക്കാനുള്ള സംവിധാനമാണ് സർക്കാർ ഒരുക്കിക്കൊടുത്തിരിക്കുന്നത്. പ്രതികളെ കാണാൻ സ്പീക്കർ പോയതിന്റെ തെളിവുകളൊക്കെ കൈയിലുണ്ട്. സ്പീക്കർ പദവിയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലാത്തതുകൊണ്ടാണ് അതേക്കുറിച്ച് സൂചിപ്പിക്കാതിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |