സൈജു തങ്കച്ചനെതിരെ വീണ്ടും കേസ്
കൊച്ചി: പ്രമാദമായ 'നമ്പർ 18' കേസിൽ നിന്നടക്കം രക്ഷപ്പെടുത്താമെന്ന് വാഗ്ദാനംചെയ്ത് രണ്ടാം പ്രതിയിൽ നിന്ന് സന്യാസി തട്ടിയത് 15 ലക്ഷം രൂപ. കബളിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞ പ്രതിയും സുഹൃത്തുക്കളും ഇടനിലക്കാരനെ റിസോർട്ടിൽ തടഞ്ഞുവച്ച് മർദ്ദിച്ച് ആഢംബര കാറുമാറി കടന്നു. മർദ്ദനമേറ്റ കുണ്ടന്നൂർ സ്വദേശിയായ 40കാരന്റെ പരാതിയിലാണ് നാടകീയ സംഭവം പൊലീസ് അറിഞ്ഞത്. നമ്പർ 18 കേസിലെ പ്രതിയായ സൈജു തങ്കച്ചൻ, സുഹൃത്തായ റെയീസ്, ഒരു യുവതി എന്നിവർക്കെതിരെ എറണാകുളം സൗത്ത് പൊലീസ് കേസെടുത്തു.
നമ്പർ 18 കേസിൽ സൈജു പിടിയിലായതിന് പിന്നാലെ, തിരുവനന്തപുരം സ്വദേശിയായ ഒരു 'സന്യാസി' കേസുകളിൽ നിന്നും രക്ഷപ്പെടുത്താമെന്നേറ്റ് സഹോദരനിൽ നിന്ന് 15 ലക്ഷം രൂപ വാങ്ങി. കുണ്ടന്നൂർ സ്വദേശിയായിരുന്നു ഇടനിലക്കാരൻ. പണം നൽകിയിട്ടും കേസ് മുറുകിയതല്ലാതെ രക്ഷപെടാൻ സാദ്ധ്യതയില്ലെന്ന് തിരിച്ചറിഞ്ഞതോടെ, സന്യാസി തങ്ങളെ കബളിപ്പിച്ചതാണെന്ന് പ്രതി ഉറപ്പിച്ചു.
പണം തിരിച്ചുകിട്ടാൻ ഞായറാഴ്ച കുണ്ടന്നൂർ സ്വദേശിയെ മറ്റൊരാവശ്യത്തിനെന്ന വ്യാജേനെ ചിലവന്നൂരിലെ ഒരു റിസോർട്ടിലേക്ക് വിളിച്ചുവരുത്തി. ആദ്യത്തെ നിലയിലെ രണ്ടാമത്തെ മുറിയിൽ ഇയാളെ ബന്ധിയാക്കി മർദ്ദിച്ചു. സൈജു വടികൊണ്ട് തലയ്ക്ക് പിന്നിൽ അടിച്ചെന്നും കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് കുണ്ടന്നൂർ സ്വദേശിയുടെ പരാതി. ഇയാളുടെ ഭാര്യയുടെ പേരിലുള്ള കാറാണ് തട്ടിയെടുത്തത്. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഇവർ ജില്ല വിട്ടിട്ടില്ലെന്നാണ് നിഗമനം.
സന്യാസിയിലേക്ക് അന്വേഷണമില്ല
പണം വാങ്ങിയത് സന്യാസിയാണെന്നും ഇടപാടിൽ തനിക്ക് ബന്ധവുമില്ലെന്നുമാണ് കുണ്ടന്നൂർ സ്വദേശിയുടെ മൊഴി. എന്നാൽ തിരുവനന്തപുരം സ്വദേശിയായ സന്യാസിയിലേക്ക് ഉടൻ അന്വേഷണമില്ല. സൈജുവിനെയും കൂട്ടുപ്രതികളെയും പിടികൂടുകയാണ് ലക്ഷ്യം. മറ്റ് കേസുകളിലെ പ്രതികളെയും സ്വാമി സമാനമായി കുടുക്കിയിട്ടുണ്ടോയെന്നും അന്വേഷിക്കും.
നിരവധി കേസുകൾ
മോഡലുകളുടെ അപകടമരണം
നമ്പർ 18 പോക്‌സോ കേസ്
ലഹരി ഉപയോഗം
2022ൽ ഒരു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് സൈജുവിനെ മൂന്നുപേർ തട്ടിക്കൊണ്ടുപോയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |