ആലപ്പുഴ: നാടിനെ നടുക്കിയ കുറുവ സംഘത്തലവനും കൊടും കുറ്റവാളിയുമായ തമിഴ്നാട് രാമനാഥപുരം പരമകുടി എം.ജി.ആർ നഗറിൽ കട്ടൂച്ചനെന്ന കട്ടുപൂച്ചൻ (56) പിടിയിലായി. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം.പി. മോഹന ചന്ദ്രന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി എം.ആർ. മധുബാബുവിന്റെ മേൽനോട്ടത്തിൽ മണ്ണഞ്ചേരി സി.ഐ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിലുള്ള ആന്റി കുറുവ സംഘമാണ് തമിഴ്നാട്ടിലെ താമസസ്ഥലത്തുനിന്ന് പ്രതിയെ സാഹസികമായി പിടികൂടിയത്.
കഴിഞ്ഞ നവംബർ 12ന് രാത്രി ഒരു മണിയോടെ കോമളപുരം സ്പിന്നിംഗ് മില്ലിന് പടിഞ്ഞാറ് നായ്ക്കംവെളി വീട്ടിൽ ജയന്തിയുടെ വീട്ടിൽ നിന്ന് 3000 രൂപ വിലവരുന്ന വൺഗ്രാം ഗോൾഡ് മാലയും സ്വർണക്കൊളുത്തും പുലർച്ചെ രണ്ടിന് റോഡ് മുക്കിന് സമീപം മാളിയേക്കൽ ഹൗസിൽ ഇന്ദുവിന്റെ വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപ വിലവരുന്ന മൂന്നര പവൻ മാലയും താലിയും കവർന്ന കേസിലാണ് അറസ്റ്റ്. തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ പിടി കൂടിയ പ്രതിയെ ഞായറാഴ്ച പുലർച്ചെ മണ്ണഞ്ചേരിയിലെത്തിച്ചു. ഡിവൈ.എസ്.പി എം.ആർ മധുബാബുവിന്റെ നേതൃത്വത്തിൽ പ്രാഥമിക ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കും ശേഷം മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. .
കഴിഞ്ഞ നാല് മാസമായി നടത്തയ രഹസ്യാന്വേഷണത്തിനൊടുവിലാണ് രാമനാഥപുരത്ത് കട്ടുപൂച്ചനുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് മണിക്കൂറുകൾക്കകം ഇയാളുടെ താവളം വളഞ്ഞ് പിടികൂടുകയായിരുന്നു. അപ്രതീക്ഷിത നീക്കത്തിൽ പകച്ചുപോയ കട്ടൂച്ചൻ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസിന്റെ ബല പ്രയോഗത്തിൽ പരാജയപ്പെട്ടു. ജീപ്പിൽ കയറ്റാനുള്ള ശ്രമത്തിനിടെ ഡോറിനിടയിൽപ്പെട്ട് കട്ടുപൂച്ചന് കാലിന് നിസാര പരിക്കേറ്റു. സംഘാംഗങ്ങളായ സന്തോഷ് ശെൽവം, മണികണ്ഠൻ എന്നിവർ നേരത്തെ മണ്ണഞ്ചേരി പൊലീസിന്റെ പിടിയിലായിരുന്നു. സന്തോഷ് ശെൽവത്തിന്റെ കൂട്ടാളികളും തമിഴ്നാട്ടിലെ നിരവധി കേസുകളിലെ പ്രതികളുമായ കമ്പം കുപ്പമേട് അങ്കൂർപാളയം ർ.കറുപ്പയ്യ (46), സഹോദരൻ ആർ.നാഗരാജ് (നാഗയ്യൻ – 56) എന്നിവരും അറസ്റ്റിലായിരുന്നു. കുറുവ സംഘത്തിന്റെ ഉപവിഭാഗമായ കല്ലെട്ടാർ സംഘത്തിലെ അംഗങ്ങളായ ഇവരെ പൂപ്പാറ,തമിഴ്നാട്ടിലെ ബോഡിമെട്ട് എന്നിവിടങ്ങളിൽ നിന്നാണ് പിടികൂടിയത്.
കവർച്ച സ്ഥലങ്ങളിൽ നിന്ന് ലഭിച്ച സി.സി ടി.വി ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘത്തെ തിരിച്ചറിഞ്ഞത്. കൈയിലും നെഞ്ചിലും പച്ച കുത്തിയ ഇവർ, മുഖം മറച്ചും വിരലടയാളം ഒഴിവാക്കാൻ ഗ്ളൗസ് ധരിച്ചുമാണ് കവർച്ച നടത്തിയിരുന്നത്. അൽപ്പവസ്ത്രധാരികളായ ഇവർ അടുക്കള വാതിൽ തകർത്താണ് മോഷണം നടത്തിയിരുന്നത്. ഇതെല്ലാം മനസിലാക്കിയ
പൊലീസ് സംഘം വ്യാപക തെരച്ചിലിനൊടുവിലാണ് എറണാകുളം കുണ്ടന്നൂരിന് സമീപം പാലത്തിനടിയിൽ കുട്ടവഞ്ചി സംഘത്തിനൊപ്പം തമ്പടിച്ചിരുന്ന സന്തോഷ് ശെൽവവും മണികണ്ഠനും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് കട്ടൂച്ചനുൾപ്പെടെയുള്ള പ്രതികളെപ്പറ്റി വിവരം ലഭിച്ചത്. കട്ടുപൂച്ചനുമായി മണ്ണഞ്ചേരി സ്റ്റേഷനിലെത്തിയ അന്വേഷണ സംഘത്തെ ഡിവൈ.എസ്.പി മധുബാബുവിന്റെ നേതൃത്വത്തിൽ ഹാരവും ഷാളും അണിയിച്ചാണ് വരവേറ്റത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |