പോത്തൻകോട്: ചേങ്കോട്ടുകോണം ആനന്ദേശ്വരത്ത് 1200 ലേറെ പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളുമായി ബിൽഡിംഗ് കോൺട്രാക്ടർ പിടിയിൽ. ആനന്ദേശ്വരം തൻസീർ മൻസിലിൽ തൻസീർ (42)നെയാണ് കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രാവിലെ ആനന്ദേശ്വരത്തെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇരുനില വീട്ടിലും ഗോഡൗണിലും വീട്ടിലെ ഓഫീസിലും ഉള്ളി ചാക്കുകളിലും മറ്റും സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉത്പന്നങ്ങൾ. ഗണേഷ്,ശംഭു,കൂൾലിപ്പും,സ്കൂൾ കുട്ടികളെ ലക്ഷ്യമാക്കിയുള്ള ലഹരി മിഠായികളും ഇതിലുണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ തൻസീർ വില്പനയ്ക്കായി നിർമ്മിക്കുന്ന വീടുകളിൽ നിരോധിത പുകയില ഉത്പന്നങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണുകളായി ഉപയോഗിക്കാറുണ്ടെന്നും കഴക്കൂട്ടം പൊലീസ് പറഞ്ഞു. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ,എസ്.ഐ.ആനന്ദ് കൃഷ്ണൻ,എ.എസ്.ഐ. ഷംനാഥ്,ഗ്രേഡ് എസ്.ഐ.മാരായ ഹാഷിം,ബിജു, സി.പി.ഒ.പ്രദീപ്,വനിത സി.പി.ഒ ലാവണ്യ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |