തിരുവനന്തപുരം:കെ.എസ്.ആർ.ടി.സി ജീവനക്കാർ കള്ളു കുടിക്കുന്നതും നോക്കും അവർക്ക് കഞ്ഞിയും കൊടുക്കുമെന്ന് മന്ത്രി കെ.ബി.ഗണേശ് കുമാർ നിയമസഭയിൽ.
ജീവനക്കാർ കുടിച്ചോ എന്ന് നോക്കുന്ന സർക്കാർ അവർ കഞ്ഞി കുടിച്ചോ എന്ന് നോക്കണമെന്ന് എം.വിൻസന്റ് പറഞ്ഞപ്പോഴായിരുന്നു ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ മന്ത്രിയുടെ മറുപടി. കെ.എസ്.ആർ.ടി.സി.സംഘടനാനേതാവാണ് വിൻസന്റ്.
ജീവനക്കാർക്ക് ഒന്നാംതീയതി ഒറ്റഗഡുവായി ശമ്പളം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. ഡ്രൈവർമാർക്ക് പരിശോധന കർശനമായപ്പോൾ അപകടനിരക്ക് ആഴ്ചയിൽ എട്ട് എന്നത് രണ്ടായി കുറഞ്ഞു. ജനുവരിയിൽ 1600 വണ്ടി ഷെഡിൽ കിടന്നിരുന്നു. ഇപ്പോഴത് 500 ൽ താഴെയാണെന്നും മന്ത്രി വ്യക്തമാക്കി
കെ.എസ്.ആർ.ടി.സി.പൂർണ്ണമായും കമ്പ്യൂട്ടർവൽക്കരിക്കും. നവീകരണ പദ്ധതികൾ ആറ് മാസത്തിനകം നടപ്പാക്കും. കമ്പ്യൂട്ടർ വാങ്ങാൻ എം.എൽ.എ ഫണ്ടിൽ നിന്ന് പണം കണ്ടെത്തും. കൂടുതൽ എ.സി.ബസുകളും കൃത്യതയുള്ള സർവ്വീസുകളമടക്കമുള്ള പരിഷ്കാരങ്ങളിലൂടെ കൊവിഡ് കാലത്ത് നഷ്ടമായ യാത്രക്കാരെ തിരിച്ചുപിടിക്കും.
ജീവനക്കാരുടെ ശമ്പളം ഒറ്റത്തവണയായി ഒന്നാംതീയതി നൽകാൻ പദ്ധതി ആവിഷ്ക്കരിച്ചു. ഉടൻ നടപ്പാക്കും.പെൻഷൻ 2022മേയ് വരെ പൂർത്തിയാക്കി. ശേഷിക്കുന്നത് ഘട്ടംഘട്ടമായി തീർക്കും. പത്ത് മിനി എ.സി.സൂപ്പർഫാസ്റ്റ് ബസുകൾ കൂടി തുടങ്ങും.നിലവിൽ എറണാകുളം - തിരുവനന്തപുരം റൂട്ടിലാണുള്ളത്. അതിൽ 20,000രൂപ ലാഭമുണ്ട്.15സ്റ്റേഷനുകളിൽ റെസ്റ്റോറന്റും 21സുലഭ് ടോയ്ലറ്റും തുടങ്ങും. ബസുകളിൽ ചെറിയ കച്ചവടസ്റ്റാൾ ഒരുക്കുന്നത് വിപുലമാക്കും.
മോട്ടോർ വാഹനവകുപ്പും കെ.എസ്.ആർ.ടി.സി ഒാഫീസ് പരിസരവും വൃത്തിയാക്കി സൂക്ഷിക്കാൻ സ്മാർട്ട് സാറ്റർഡെ പദ്ധതി കൊണ്ടുവരും. ഇൗ ദിവസം ഉച്ചയ്ക്ക് ശേഷം ജോലിയില്ല.ഒാഫീസ് വൃത്തിയാക്കി വീട്ടിൽ പോകാം.സംസ്ഥാനത്ത് കൂടുതൽ ഡ്രൈവിംഗ് സ്കൂളുകൾ കെ.എസ്.ആർ.ടി.സി.തുടങ്ങും.ഇവിടങ്ങളിൽ പട്ടികജാതി,വർഗങ്ങൾക്ക് സൗജന്യപഠനം ആലോചിക്കും. നിലവിൽ സൗജന്യ നിരക്കാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |