ബെയ്‌റൂട്ട്: യുഎസ് യാത്രയ്ക്ക് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിൽ വിമർശനവുമായി മന്ത്രി പി രാജീവ്. അനുമതി നിഷേധിച്ചത് അസാധാരണ നടപടിയാണ്. എന്തിനാണ് നിഷേധിച്ചത് എന്നറിയില്ല, സ്വാഭാവികമായി ലഭിക്കേണ്ടതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലബനനിൽ യാക്കോബായ സഭ അദ്ധ്യക്ഷന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തതിനുശേഷം യുഎസിലേയ്ക്ക് പോകാനിരിക്കുകയായിരുന്നു പി രാജീവ്. എന്നാൽ കേന്ദ്രം യാത്രയ്ക്കുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
'യാത്രാനുമതി ലഭിക്കാതായതോടെ കേരളത്തിന്റെ അവസരമാണ് നഷ്ടപ്പെട്ടത്. പബ്ളിക് അഡ്‌മിനിസ്‌ട്രേഷൻ അംഗീകാരം രാജ്യത്തിന് കിട്ടുന്നതുതന്നെ ആദ്യമാണ്. സർക്കാർ സംരംഭത്തിന് ലഭിച്ച അംഗീകാരം രാജ്യത്തിനും കേരളത്തിനും അഭിമാനകരമാണ്. കേരളത്തിന്റെ നേട്ടം ലോകത്തെ അറിയിക്കാനായില്ല. പ്രബന്ധം ഓൺലൈനായി അവതരിപ്പിക്കാം. അംഗീകാരം കേന്ദ്ര പ്രതിനിധികൾ വാങ്ങട്ടെ'- പി രാജീവ് പറഞ്ഞു.
മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിനാണ് അമേരിക്കൻ സന്ദർശനത്തിന് കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചത്. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെയുള്ള യാത്രയ്ക്കാണ് അനുമതി നിഷേധിച്ചത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു മന്ത്രിക്ക് ക്ഷണം ലഭിച്ചത്. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ.എസ്.ഐ.ഡി.സി എം.ഡി അടക്കം നാല് പേരാണ് അമേരിക്കയിലേക്ക് പോകാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്. ലെബനനിലുള്ള വ്യവസായ മന്ത്രി നേരിട്ട് അമേരിക്കയിലേയ്ക്ക് പോകാനാണ് അനുമതി തേടിയത്. മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പി രാജീവിന്റെ യാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |