ഓണത്തെക്കുറിച്ചുള്ള മലയാളിയുടെ ചൊല്ലുകളിൽ ഏറ്റവും കേൾവികേട്ടതാണ്, 'കാണം വിറ്റും ഓണമുണ്ണണം" എന്നത്. എന്തെല്ലാം വിറ്റുപെറുക്കിയിട്ടായാലും തരക്കേടില്ല, ഓണം കേമമാക്കണമെന്ന് അർത്ഥം. ഇല്ലായ്മയുടെ ഞെരുക്കവും പിശുക്കുമൊന്നും ആഘോഷങ്ങളുടെ ശോഭ കെടുത്തരുത്. കേരളീയരുടെയാകെ മഹോത്സവമാണ് ഓണം. മതപരമായ വിശ്വാസങ്ങളോ ഐതിഹ്യങ്ങളുടെ വിശ്വസനീയതയോ ഒന്നും വിഷയമല്ലാത്ത, ഒരുമയുടെ ആഷോഷകാലം. സൃദ്ധിയുടെ സന്ദേശമാകേണ്ട ഓണാഘോഷത്തിന് ഇനി രണ്ടുമാസമേയുള്ളൂ. ഈയാഴ്ചയിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും പുറമേ സാമൂഹ്യ സുരക്ഷാ പെൻഷനിൽ കുടിശികയുള്ളതിന്റെ ഒരു ഗഡുവും കൂടി കൊടുക്കാനുള്ളതുകൊണ്ട് 1500 കോടി രൂപ വായ്പയെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്.
ഓണക്കാലത്താകട്ടെ, ശമ്പളത്തിനു പുറമേ ശമ്പള അഡ്വാൻസ്, സാമൂഹ്യ സുരക്ഷാ പെൻഷന്റെ കുടിശകബാക്കി,സപ്ളൈകോയുടെ ഓണച്ചന്തകൾ, ഓണം വാരാഘോഷം... തുടങ്ങി ഖജനാവിന് ഞെരുക്കം കൂട്ടുന്ന ഇനങ്ങൾ ഒരുപാടുണ്ട്. ഓണം കച്ചവടക്കാർക്കും ഉത്സവകാലമാണ്. പൊതുവെ, അത് വിലക്കയറ്റത്തിന്റെ കൂടി സീസൺ ആകുമ്പോൾ പൊതുവിപണിയിലെ കൊള്ളയ്ക്കു കടിഞ്ഞാണിട്ട്, സാധാരണക്കാർക്കു കൂടി ന്യായവിലയ്ക്ക് പച്ചക്കറിയും പലവ്യഞ്ജനങ്ങളും മറ്റും വാങ്ങി ഓണംകൊള്ളാൻ കഴിയണമെങ്കിൽ സിവിൽ സപ്ളൈസ് വകുപ്പിന്റെ ഫലപ്രദമായ ഇടപെടലുണ്ടാകണം. അതിന് കഴിയണമെങ്കിൽ നേരത്തേ സാധനങ്ങൾ വാങ്ങിയ വകയിലും, സബ്സിഡി നൽകിയ വകയിലും മറ്റും പൊതുവിതരണ വകുപ്പിന് സർക്കാർ നൽകാനുള്ള കുടിശിക നൽകണം. കേന്ദ്രവും സംസ്ഥാനവും കൂടി നിലവിൽത്തന്നെ സപ്ളൈകോയ്ക്കു നൽകാനുള്ളത് 3500 കോടി രൂപയാണ്.
ഈ കണക്കുകൾ കഴിഞ്ഞ ദിവസം 'കേരളകൗമുദി" മുഖ്യവാർത്തയാക്കുകയും, പ്രതിപക്ഷം പത്രവുമായി സഭയിലെത്തി പ്രശ്നം ഉന്നയിക്കുകയും ചെയ്തതാണ്. എന്തായാലും, സപ്ളൈകോയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധയുണ്ടാകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉറപ്പു പറഞ്ഞതാണ് ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ പ്രതീക്ഷ. കഴിഞ്ഞ വർഷം, ഓണച്ചന്തകളിലേക്ക് ആവശ്യമായ സാധനമെത്തിക്കാൻ കുടിശിക കിട്ടാനുള്ള കരാറുകാർ തയ്യാറാകാതിരുന്നതുകൊണ്ട് പകുതി ജില്ലകളിലേ അവ നടത്താൻ കഴിഞ്ഞുള്ളൂ എന്ന നാണക്കേട് മറക്കരുത്. കുടിശികയിൽ കുറേ ഭാഗമെങ്കിലും അടിയന്തരമായി കൊടുക്കണം. സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും സാമൂഹ്യസുരക്ഷാ പെൻഷനും ഉൾപ്പെടെ സെപ്തംബർ ആദ്യം വിതരണം ചെയ്യാൻ എത്ര കോടി രൂപ വേണമെന്ന് ഇപ്പോഴേ കണക്കാക്കണം.
അത്യാവശ്യമില്ലാത്തതും പണച്ചെലവുള്ളതുമായ ആഘോഷങ്ങളോ ആർഭാട പരിപാടികളോ വല്ലതും ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ വരുന്നുണ്ടെങ്കിൽ അത് പിന്നത്തേക്കു മാറ്റണം. ഓണാഘോഷവുമായി ബന്ധപ്പെട്ടുതന്നെ ദുർച്ചെലവുകൾ വെട്ടിക്കുറയ്ക്കാനുള്ള നടപടികളും ആലോചിക്കണം. കുടുംബ ബഡ്ജറ്റിന് ഞെരുക്കം വരുമ്പോൾ, വെട്ടിക്കുറയ്ക്കാവുന്ന ഇനങ്ങൾ കണ്ടെത്തിയും, കിട്ടാനുള്ള തുകകൾ നിർബന്ധപൂർവം വാങ്ങിയെടുത്തും ആരും ഒരു മുൻകരുതൽ സ്വീകരിക്കുമല്ലോ. അത്തരമൊരു കരുതൽ നടപടി ഓണത്തിന്റെ കാര്യത്തിൽ ധനകാര്യവകുപ്പ് ഇപ്പോഴേ കൈക്കൊള്ളണം. കരുതലോടെ കാര്യങ്ങൾ നീക്കിയാൽ കൈപൊള്ളാതെ ഓണക്കാലം കഴിയാം. ആ മനക്കണക്ക് ഇപ്പോഴേ തുടങ്ങിയാലേ പറ്റൂ. അല്ലെങ്കിൽ കാണം വിറ്റാലും കാര്യം നടക്കാതെയാകും!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |