തിരുവനന്തപുരം:പുരപ്പുറ സോളാർ വൈദ്യുതി നിരക്ക് കൂട്ടിയ റെഗുലേറ്ററി കമ്മിഷൻ ഉത്തരവ് ആശ്വാസമാണെങ്കിലും വൈദ്യുതി ബാങ്കിംഗ് പീരിയഡ് ഒക്ടോബറിൽ നിന്ന് മാർച്ചിലേക്ക് മാറ്റിയതിൽ കമ്മിഷൻ ഇടപെടാത്തത് വൻചതിയായി. വൈദ്യുതി ബിൽ കുറയ്ക്കാൻ സോളാറിലേക്ക് മാറുന്ന ജനങ്ങളെ വീണ്ടും പറ്റിച്ചെന്നാണ് ആക്ഷേപം.
സോളാർ ഉപഭോക്താക്കൾ ഗ്രിഡിലേക്ക് നൽകുന്ന വൈദ്യുതി കെ.എസ്.ഇ.ബി ബാങ്ക് ചെയ്യുകയാണ് രീതി. നേരത്തേ ഒക്ടോബറിൽ അതുവരെ ബാങ്കിലുള്ള വൈദ്യുതിയുടെ പണം നൽകിയാൽ നവംബർ മുതലുള്ള വൈദ്യുതി ബാങ്കിൽ കിടക്കും. അത് ഫെബ്രുവരി മുതൽ ജൂൺ വരെയുള്ള വേനൽ മാസങ്ങളിൽ ഉപയോഗിക്കാം. മാർച്ച് 31ലേക്ക് ബാങ്കിംഗ് പീരീഡ് മാറ്റിയതോടെ ഈ നേട്ടം ഇല്ലാതായി. മാർച്ചിന് ശേഷം സോളാർ ഉൽപാദകർക്ക് വൈദ്യുതി ബാക്കി ഉണ്ടാകില്ല. വേനൽ മാസങ്ങളിൽ പകൽ ഗ്രിഡിലേക്ക് നൽകുന്നതിൽ കൂടുതൽ വൈദ്യുതി രാത്രി ഗ്രിഡിൽ നിന്ന് വാങ്ങേണ്ടിവരും. അതിന്റെ ബില്ല് സ്ലാബ് അനുസരിച്ച് യൂണിറ്റിന് നാല് മുതൽ ഏഴ് രൂപ വരെയാവും. ഫലത്തിൽ ഇപ്പോൾ ഉപഭോക്താവ് നൽകുന്ന വൈദ്യുതിയുടെ വില യൂണിറ്റിന് 3.15രൂപയായി കൂട്ടിയത് കണ്ണിൽ പൊടിയിടലാവും.
ലാഭമില്ലെന്ന് കെ.എസ്.ഇ.ബി
പകൽ ഉപഭോക്താവ് നൽകുന്ന വൈദ്യുതിക്ക് വില കുറവാണ്. രാത്രി പകരം നൽകുന്ന വൈദ്യുതി പുറത്തു നിന്ന് അമിത വിലയ്ക്ക് വാങ്ങുന്നതാണ്. അതിനേക്കാൾ കുറഞ്ഞ വിലയ്ക്കാണ് ഉപഭോക്താവിന് നൽകുന്നത്. ഈ നഷ്ടം കെ.എസ്.ഇ.ബി.സഹിക്കണം. കഴിഞ്ഞ വർഷം 15.881കോടി യൂണിറ്റാണ് കിട്ടിയത്. ഇതിന് 16.30കോടി രൂപ ഉപഭോക്താക്കൾക്ക് നൽകി. പകരം നൽകിയ വൈദ്യുതിയുടെ നഷ്ടം 40 കോടി. വൻകിട ഗാർഹിക ഉപഭോക്താക്കൾ സോളാറിലേക്ക് മാറിയതും നഷ്ടമുണ്ടാക്കി.
പ്രോത്സാഹിപ്പിക്കുന്നില്ല
സ്ഥാപിതശേഷി 1000 മെഗാവാട്ട് കവിഞ്ഞതോടെ പുരപ്പുറ സോളാർ പദ്ധതിയെ കെ. എസ്. ഇ. ബി പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. കേന്ദ്രത്തിന്റെ പി.എം സൂര്യഘർ അപേക്ഷകരിൽ ആറാം സ്ഥാനത്താണു കേരളം. (ജൂൺ വരെ 83,905 ). ലക്ഷങ്ങൾ മുടക്കി പ്ലാന്റ് സ്ഥാപിച്ച് കണക്‌ഷന് കാത്തിരിക്കുന്നവരുണ്ട്. എന്നിട്ടും നെറ്റ് മീറ്ററും ജീവനക്കാരും ഇല്ലെന്ന മുടന്തൻ ന്യായങ്ങളാണ് പറയുന്നത്.
ചെലവും കണക്കും
3 - 5 കിലോവാട്ട് വരെയുള്ള പ്ളാന്റുകളാണ് സ്ഥാപിക്കുന്നത്. ചെലവ് 2 - 3.5 ലക്ഷം വരെ
5 കിലോവാട്ട് പ്ലാന്റിൽ ചൂടുകാലത്ത് ദിവസം 20യൂണിറ്റ് വരെ ഉൽപാദിപ്പിക്കാം
ഒരു വീട്ടിൽ എ.സി അടക്കം 12 യൂണിറ്റ് ഉപയോഗിച്ചാലും 7- 8 യൂണിറ്റ് ഗ്രിഡിലേക്ക് നൽകാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |