തിരുവനന്തപുരം: കേന്ദ്രാനുമതി ലഭിക്കാതെ സിൽവർലൈൻ പദ്ധതി തുലാസിലായതോടെ കൺസൾട്ടൻസി, മേൽപ്പാല നിർമ്മാണമടക്കം മറ്റ് ജോലികൾ ഏറ്റെടുത്ത് കെ-റെയിൽ കോർപ്പറേഷൻ. റെയിൽവേ വികസനത്തിന് റെയിൽവേയും സംസ്ഥാനവും ചേർന്നുള്ള സംയുക്ത കമ്പനിയാണ് കെ-റെയിൽ. ലെവൽ ക്രോസുകളൊഴിവാക്കാനുള്ള 27 മേൽപ്പാലങ്ങളുടെ നിർമ്മാണച്ചുമതല, തിരുവനന്തപുരം സെൻട്രൽ, വർക്കല റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലാക്കാനുള്ള 572.5കോടിയുടെ കരാർ എന്നിവ കെ-റെയിലിനാണ്.
വയനാട് എയർസ്ട്രിപ്പ് പദ്ധതിയുടെ കൺസൾട്ടന്റുമാണ്. കിഫ്ബി ഫണ്ടുപയോഗിച്ച് കെ.എസ്.ആർ.ടി.സി നടത്തുന്ന ജോലികളുടെ കൺസൾട്ടൻസിയുമുണ്ട്. തലശേരി-മൈസൂർ, അങ്കമാലി-എരുമേലി ശബരിപാത, നിലമ്പൂർ-നഞ്ചൻകോട് റെയിൽപ്പാത എന്നിവയുടെ പ്രോജക്ടുണ്ടാക്കുന്ന ചുമതലയുമുണ്ട്. തലശേരി-മൈസൂർ പാതയെ പരിസ്ഥിതിപ്രശ്നം ചൂണ്ടിക്കാട്ടി കർണാടകം എതിർക്കുകയാണ്.
നിലമ്പൂർ-നഞ്ചൻകോട് പാതയ്ക്ക് കർണാടക ഭാഗത്തുള്ള സർവേ അവർ അനുവദിച്ചിട്ടില്ല. 200കി.മീറ്റർ പാതയിൽ 68.5കി.മീറ്റർ ദേശീയോദ്യാനത്തിലൂടെയും 11.5കി.മീറ്റർ ബന്ദിപ്പൂർ കടുവാസങ്കേതത്തിലൂടെയുമാണ്. ഇതൊഴിവാക്കി കെ-റെയിൽ പുതിയ രൂപരേഖയുണ്ടാക്കിയിട്ടുണ്ട്. നിലമ്പൂർ-നഞ്ചൻകോട്, തലശേരി-മൈസൂർ പാതകൾ കൽപ്പറ്റയിൽ വച്ച് യോജിച്ച് വനത്തിലൂടെ ഭൂഗർഭതുരങ്കം വഴി കർണാടകയിലെത്തുന്നതാണ് രൂപരേഖ. സർവേ നടത്താൻ കർണാടകയുടെ അനുമതി നേടിയെടുക്കാനുള്ള ദൗത്യവും സർക്കാർ കെ-റെയിലിനെ ഏൽപ്പിച്ചു. ശബരിപാതയുടെ നിർമ്മാണമേറ്റെടുക്കാനും കെ-റെയിൽ സന്നദ്ധതയറിയിച്ചിട്ടുണ്ട്.
റെയിൽവികാസ് നിഗം ലിമിറ്റഡുമായി ചേർന്നാണ് വികസന പദ്ധതികൾ കെ-റെയിൽ ഏറ്റെടുക്കുന്നത്. എറണാകുളം സൗത്ത്- വള്ളത്തോൾ നഗർ പാതയിൽ ഓട്ടോമാറ്റിക് ബ്ലോക്ക് സിഗ്നലിംഗ് സംവിധാനത്തിനുള്ള 156.47കോടിയുടെ കരാർ ഈ കൺസോർഷ്യത്തിനാണ്. കേരളത്തിലാദ്യമായാണ് ബ്ലോക്ക് സിഗ്നലിംഗ് വരുന്നത്. ഓരോ കിലോമീറ്ററിലും സിഗ്നലുകൾ വരുന്നതോടെ ഒന്നിനുപിറകേ ഒന്നായി ട്രെയിനുകൾക്ക് സഞ്ചരിക്കാനാവും. 750ദിവസത്തിനകം പണിപൂർത്തിയാക്കണം.
മരവിച്ച സിൽവർലൈൻ
ഭൂമിയേറ്റെടുക്കലിന് 11ജില്ലകളിലെ 205ഉദ്യോഗസ്ഥരെ തിരിച്ചുവിളിച്ചു
ഓഫീസുകൾ പൂട്ടി, ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചു
കല്ലിട്ടുള്ള സാമൂഹ്യാഘാത പഠനവും അവസാനിപ്പിച്ചു
ജിയോടാഗിംഗ് ഡിജിറ്റൽ സർവേയ്ക്ക് വിജ്ഞാപനമിറക്കിയിട്ടില്ല
റെയിൽവേ ഭൂമിയേറ്റെടുക്കാനുള്ള സംയുക്തസർവേയും നടന്നില്ല
65.72 കോടി
സിൽവർലൈൻ
ഇതുവരെ ചെലവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |