ബംഗളൂരു: കർണാടക മുൻ ഡിജിപി ഓം പ്രകാശിന്റെ കൊലപാതക വിവരം ഭാര്യ പല്ലവി വീഡിയോ കോൾ വഴി ആദ്യം അറിയിച്ചത് ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ. ഈ വീഡിയോ വളരെപെട്ടെന്ന് വൈറലായി. വൈകിട്ട് നാലരയോടെയാണ് കുടുംബസുഹൃത്ത് കൂടിയായ ഐപിഎസുകാരന്റെ ഭാര്യയെ പല്ലവി വിവരമറിയിച്ചത്. 'ആ പിശാചിനെ ഞാൻ കൊന്നു' എന്നാണ് പല്ലവി അറിയിച്ചത്. സംഭവസമയത്ത് പ്രതി പല്ലവിയോടൊപ്പം മകളും വീട്ടിലുണ്ടായിരുന്നു.
കൊലപാതക വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോൾ വീടിന്റെ സ്വീകരണ മുറിയിൽത്തന്നെയായിരുന്നു പല്ലവിയും മകളും. ആദ്യം ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. ബലം പ്രയോഗിച്ച് വാതിൽ തകർത്താണ് പൊലീസ് അകത്തുകയറിയത്. മൂന്നുനില വീടിന്റെ താഴത്തെ നിലയിലായിരുന്നു രക്തത്തിൽ കുളിച്ച നിലയിൽ ഓം പ്രകാശിന്റെ മൃതദേഹം.
ഓം പ്രകാശും ഭാര്യ പല്ലവിയും തമ്മിൽ സ്വത്തുതർക്കമുണ്ടായിരുന്നതായാണ് വിവരം. കോടികൾ വിലയുള്ള സ്വത്ത് ഓം പ്രകാശ് സഹോദരിയുടെ പേരിൽ എഴുതിവച്ചതാണ് തർക്കത്തിനിടയാക്കിയത്. ചിലസ്വത്തുക്കൾ മകനും എഴുതിവച്ചിരുന്നു. മകൻ നൽകിയ പരാതിയിലാണ് ഇപ്പോൾ പൊലീസ് കേസെടുത്തത്.
ഞായറാഴ്‌ച വൈകിട്ട് അഞ്ചോടെ ബംഗളൂരു എച്ച്.എസ്.ആർ ലേ ഔട്ടിലെ വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കർണാടക മുൻ ഡി.ജി.പി ഓം പ്രകാശിന്റെ (68) മൃതദേഹം പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പല്ലവിയെ ഉടനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
ഓം പ്രകാശിന്റെ ശരീരത്തിൽ നിരവധി തവണ കുത്തേറ്റ മുറിവുകൾ ഉണ്ടായിരുന്നു. കൊലപാതകത്തിലേക്കു നയിച്ച കാരണമെന്ത്, ആർക്കെല്ലാം പങ്കുണ്ട് എന്നിവയറിയാൻ നടത്തിയ വിശദ ചോദ്യംചെയ്യലിലാണ് ഇപ്പോൾ വിവരങ്ങൾ ലഭിച്ചത്. ഓം പ്രകാശിന്റെ ശരീരത്തിൽ ആറ് കുത്തേറ്റതിന് പുറമേ മുഖത്ത് അടിയേറ്റ പാടുമുണ്ട്. അതിനാൽ ഗുണ്ടാസംഘങ്ങളുടെയടക്കം സഹായം ലഭിച്ചോ എന്നതും സംശയിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ബീഹാറിലെ ചമ്പാരൻ സ്വദേശിയാണ് ഓം പ്രകാശ്. കർണാടക കേഡർ 1981 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. 2015 മുതൽ സംസ്ഥാനത്തെ ഡി.ജി ആൻഡ് ഐ.ജി.പിയായി സേവനമനുഷ്ഠിച്ചു. 2017 ൽ വിരമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |