ഹരിപ്പാട്: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി വീടിന് മുന്നിൽ നിർമ്മിച്ച ഓട കാരണം
ചികിത്സ വൈകി, ഡോക്ടർ മരിച്ചു. ചേപ്പാട് പുളിമൂട്ടിൽ പി.ഫിലിപ്പിന്റെയും തങ്കമ്മ ഫിലിപ്പിന്റെയും മകനും നേത്രരോഗ വിദഗ്ദ്ധനുമായ ഡോ.ചെറിയാൻ ഫിലിപ്പാണ് (ജോളി -77) മരിച്ചത്.
ബുധനാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. അടുത്തവീട്ടിൽ താമസിക്കുന്ന സഹോദരപുത്രൻ ഫിലിപ്പോസ് മാത്യുവും ബന്ധുക്കളും ചെറിയാൻ ഫിലിപ്പിനെ റോഡിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ഉയരത്തിലുള്ള ഓടയും അതിനപ്പുറത്തെ ഗർഡറും കാരണം അതിന് കഴിഞ്ഞില്ല.
ഏറെ പണിപ്പെട്ട് കസേരയിലിരുത്തി ഓടയ്ക്ക് മുകളിലുടെ റോഡിലെത്തിച്ചപ്പോഴേക്കും അരമണിക്കൂറോളം വൈകിയിരുന്നു. ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ആനി. മക്കൾ: ഫിലിപ്പ് ചെറിയാൻ, സാറാ ചെറിയാൻ. മരുമക്കൾ: രമ, ഡോ.ആശിശ്.ഐ.എം.എ ഹരിപ്പാട് ബ്രാഞ്ച് സെക്രട്ടറിയായി അദ്ദേഹം ഏറെ കാലം പ്രവർത്തിച്ചിട്ടുണ്ട്.
രോഗിയെന്ന് പറഞ്ഞിട്ടും
വഴിനൽകിയില്ല
ചെറിയാൻ ഫിലിപ്പിന്റെ വീടിനു മുന്നിൽ ഉയരത്തിൽ ഓട നിർമ്മിച്ചിക്കുന്നതിനാൽ കാർ ഒരുവർഷത്തിലധികമായി മറ്റൊരു വീട്ടിലാണ് ഇട്ടിരിക്കുന്നത്.
കൂറ്റൻ ഗർഡർ കൂടി വഴിയിൽ വാർത്തിട്ടതോടെ യാത്രാസൗകര്യം പൂർണമായും തടസ്സപ്പെട്ടു.
വൃക്കരോഗം കാരണം ആഴ്ചയിൽ മൂന്ന് ഡയാലിസിസിന് ഡോക്ടർ വിധേയനായിരുന്നു. ആ ദിവസങ്ങളിലും ആശുപത്രിയിൽ പോകാൻ ബുദ്ധി മുട്ടിയിരുന്നു. രോഗിയുള്ള വീടാണെന്നും വാഹനം കയറാനുള്ള സൗകര്യം ചെയ്തു തരണമെന്നും നിരവധി തവണ അധികൃതരെ അറിയിച്ചിട്ടും ഗൗനിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |