ചേർപ്പ്: ദളിത് എം.എൽ.എ ഇരുന്നിടത്ത് ചാണകവെള്ളം തളിച്ച പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ വിമർശനം ഉയരുന്നു. ചേർപ്പ് യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ദളിത് എം.എൽ.എയായ ഗീത ഗോപി ഇരുന്ന സ്ഥലത്ത് ചാണകവെള്ളം തളിച്ച് പ്രതിഷേധിച്ചത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ചേർപ്പ് തൃപ്രയാർ റോഡ് തകർച്ചയെ തുടർന്ന് സിവിൽ സ്റ്റേഷന് മുന്നിൽ ഗീത ഗോപി കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്നായിരുന്നു യൂത്ത് കോൺഗ്രസിന്റെ നാണിപ്പിക്കുന്ന പ്രവർത്തി.
പ്രതിഷേധം കഴിഞ്ഞതിന് ശേഷം സിവിൽ സ്റ്റേഷനിലെ പൊതരമരാമത്ത് ഒാഫീസിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി പ്രതിഷേധിക്കുകയായിരുന്നു. പൊട്ടിപ്പൊളിഞ്ഞ ചേർപ്പ് തൃപ്രയാർ റോഡിൽ മാസങ്ങളായി നിരവധി വാഹനാപകടങ്ങൾ നടന്നിരുന്നു. ഇത് എം.എൽ.എയുടെ ശ്രദ്ധയിൽ പെടുകയും അവരുടെ കൺമുന്നിൽ അപകടം നടന്നപ്പോൾ സിവിൽ സ്റ്റേഷന് മുന്നിൽ എത്തി പ്രതിഷേധിക്കുകയായിരുന്നു
പ്രതിഷേധത്തെ തുടർന്ന് അടിയന്തരമായി റോഡ് പ്രവൃത്തികൾ തുടങ്ങുകയും എം.എൽ.എ അടക്കമുള്ള നേതൃത്വത്തിൽ പ്രവൃത്തികൾ മുന്നോട്ട് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നു. എം.എൽ.എ നടത്തിയത് സമരനാടകമാണെന്നും ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായെത്തി എം.എൽ.എ ഇരുന്ന സ്ഥലത്ത് ചാണകവെള്ളം തളിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |