തിരുവനന്തപുരം: മൂന്നു തവണയിലേറെ കുടിശിക വന്നാൽ ജപ്തി നടപടിയുടെ പേരിൽ സാധാരണക്കാരെ കുടിയിറക്കുന്നത് തടയാനും ആശ്വാസമേകാനും സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ബിൽ നിയമസഭ ഐകകണ്ഠ്യേന പാസാക്കി. ജപ്തി നടപടി നേരിട്ട ഭൂമിയുടെ ഉടമ മരിച്ചുപോയാൽ അവകാശികൾക്ക് ഭൂമി തിരിച്ചുകിട്ടാനുള്ള വ്യവസ്ഥ കൂടി ഉൾപ്പെടുത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കൊണ്ടുവന്ന ഈ ഭേദഗതികൂടി ഉൾപ്പെടുത്തിയാണ് മന്ത്രി കെ.രാജൻ ബിൽ സഭയുടെ അംഗീകാരത്തിനായി സമർപ്പിച്ചത്. ബിൽ ഗവർണർ ഒപ്പിട്ടാൽ പ്രാബല്യത്തിലാകും.
രാജ്യത്ത് ആദ്യമായാണ് ജപ്തി നടപടികളിൽ സംസ്ഥാന സർക്കാരിന് ഇടപെടാനുള്ള നിയമം വരുന്നത്. സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് ശേഷമാണ് ഇന്നലെ ബിൽ വീണ്ടും അവതരിപ്പിച്ചത്. ജപ്തികൾക്കെതിരെ ജനരോഷമുയർന്ന സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് നടപടികൾ തടഞ്ഞിരുന്നു. എന്നാൽ സർക്കാരിന് ഇതിന് അധികാരമില്ലെന്ന ബാങ്കുകളുടെ വാദം ഹൈക്കോടതി അംഗീകരിച്ച സാഹചര്യത്തിലാണ് സംസ്ഥാനം ഭേദഗതി നിയമം കൊണ്ടുവന്നത്.
നിയമം പ്രാബല്യത്തിലാകുന്നതോടെ ജപ്തി നടപടികൾക്ക് മോറട്ടോറിയം നൽകാൻ സർക്കാരിനാകും. അഞ്ച് വർഷത്തേക്ക് ഭൂമി വില്പന നടത്താതെ പിടിച്ചുവയ്ക്കാം. അതിനുള്ളിൽ വായ്പാ കുടിശിക അടച്ചുതീർത്താൽ ഉടമയ്ക്കോ അവകാശികൾക്കോ ഭൂമി തിരിച്ചു നൽകാനും വായ്പാ തുകയെക്കാൾ കൂടുതലാണ് ഭൂമിയുടെ വിലയെങ്കിൽ അതിനാവശ്യമായ ഭൂമി മാത്രം ജപ്തിക്ക് വിട്ടുകൊടുക്കാൻ കളക്ടർക്ക് അധികാരം നൽകുന്നതുമാണ് നിയമത്തിന്റെ സവിശേഷത.
കുടിശിക തവണകളായി
അടയ്ക്കാൻ നിർദ്ദേശിക്കാം
രണ്ടു ജില്ലകളിലാണ് സ്വത്തെങ്കിൽ നടപടികൾ പൂർത്തിയാക്കുന്നതിന് മുമ്പ് കളക്ടറെ അറിയിക്കാനും നടപടികൾക്ക് അധികാരം നൽകാനും ബില്ലിൽ വ്യവസ്ഥയുണ്ട്. വായ്പാക്കുടിശികയുടെ പലിശ 12%ൽ നിന്ന് 9% ത്തിലേക്ക് താഴ്ത്താനും വായ്പാ കരാറിൽ അതിലും താഴെയാണ് പലിശ നിരക്കെങ്കിൽ അതുമാത്രമേ ഇൗടാക്കാൻ പാടുള്ളുവെന്നും നിർദ്ദേശിക്കുന്നു. കുടിശിക തവണകളായി അടയ്ക്കാൻ നിർദ്ദേശിക്കാനും സർക്കാരിന് അധികാരം കിട്ടും. എന്നാൽ സർഫാസി ആക്ട് പ്രകാരമുള്ള ജപ്തികളിൽ ഇടപെടാൻ നിയമത്തിനാകില്ല.
ആന്റിവെനം:
ആശുപത്രികളുടെ
പേര് പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: പാമ്പ് കടിയേറ്റവരുടെ ചികിത്സയ്ക്കായുള്ള ആന്റി സ്നേക്ക് വെനം നൽകുന്ന ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ആശുപത്രികളുടെ പേരുകൾ പ്രസിദ്ധീകരിക്കണം. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് നടപടി.
പാമ്പ് കടിയേറ്റാൽ അധിക ദൂരം യാത്ര ചെയ്യാതെ ആന്റിവെനം ലഭ്യമാകണം. താലൂക്ക് ആശുപത്രികൾ മുതൽ മെഡിക്കൽ കോളേജുകൾ വരെയുള്ളവയിലാണ് ആന്റിവെനം ലഭ്യമാക്കിയിട്ടുള്ളത്. പരമാവധി ആശുപത്രികളിൽ ആന്റിവെനം ചികിത്സ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മതിയായ ആന്റിവെനം ലഭ്യമാക്കാൻ കെ.എം.എസ്.സി.എല്ലിനും മന്ത്രി നിർദ്ദേശം നൽകി.
പള്ളി ഏറ്റെടുത്ത് കൈമാറാൻ
സർക്കാരിന് ഒരവസരം കൂടി
കൊച്ചി: യാക്കോബായ പക്ഷം കൈവശം വച്ചിരിക്കുന്ന പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ഹൈക്കോടതി ഒരവസരംകൂടി നൽകി. പാലിക്കാത്തപക്ഷം സർക്കാർ കോടതിയലക്ഷ്യം നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് വി.ജി. അരുൺ മുന്നറിയിപ്പു നൽകി.
പള്ളികൾ ഏറ്റെടുക്കാൻ പൊലീസ് കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണം. അല്ലെങ്കിൽ നടപടികളിൽ പുരോഗതിയുണ്ടാകില്ല. പൊലീസിന് വ്യക്തമായ പദ്ധതിയില്ലാത്തതിനാലാണ് പുളിന്താനം സെന്റ് ജോൺസ് പള്ളി ഏറ്റെടുക്കാനുള്ള ദൗത്യം പരാജയപ്പെട്ടത്. പോത്താനിക്കാട് പൊലീസ് ഇൻസ്പെക്ടറുടെ സത്യവാങ്മൂലം മുൻനിറുത്തിയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസ് കർമ്മപദ്ധതി തയ്യാറാക്കുമെന്ന് സർക്കാർ അറിയിച്ചു. കോടതിയലക്ഷ്യ ഹർജികൾ 25ന് പരിഗണിക്കാൻ മാറ്റിയ സിംഗിൾബെഞ്ച്, പൊലീസിന്റെ നടപടി റിപ്പോർട്ട് അന്ന് സമർപ്പിക്കണമെന്നും ഉത്തരവിട്ടു.
പുളിന്താനം, മഴുവന്നൂർ, ഓടക്കാലി, പൂതൃക്ക, ചെറുകുന്നം, മംഗലംഡാം, എരിക്കിൻചിറ പള്ളികൾ ഏറ്റെടുക്കുന്ന വിഷയമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |