ആലപ്പുഴ : രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ സൈനിക ഓഫീസ് ജീവനക്കാരൻ 41.25ലിറ്റർ (55കുപ്പി) മദ്യവുമായി പിടിയിലായി. കരുനാഗപ്പള്ളി പന്മന പുത്തൻചന്ത കൈലാസം വീട്ടിൽ ബിജിൻ ബാബു(34)വിനെയാണ് തിങ്കളാഴ്ച രാത്രി 8മണിയോടെ കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ആലപ്പുഴ സി.ഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
ഡൽഹിയിലെ ആർമി ഓഫീസിലെ ക്ളർക്കായ ബിജിൻ ബാബു ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനായാണ് നാട്ടിലേക്ക് വന്നത്. കേരള എക്സ്പ്രസിൽ ബിജിൻ ബാബു മദ്യവുമായി വരുന്നതായി എക്സൈസിന്റെ ആലപ്പുഴ കൺട്രോൾ റൂമിൽ രഹസ്യ വിവരം ലഭിച്ചിരുന്നു. സ്റ്റേഷനിൽ വന്നപ്പോൾ ബന്ധു കൂട്ടിക്കൊണ്ടുപോകാനായി എത്തിയിരുന്നു. ബിജിൻ ബാബും ബന്ധുവും ചേർന്ന് ഓട്ടോയിലേക്ക് പെട്ടികൾ കയറ്റുന്നതിനിടെ പരിശോധനാസംഘം പിടികൂടുകയായിരുന്നു. വിവാഹ ചടങ്ങിനായി വാങ്ങിയതാണ് മദ്യമെന്ന് എക്സൈസിനോട് ബിജിൻ ബാബു പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. സി.ഐയ്ക്ക് ഒപ്പം അസി.എക്സൈസ് ഇൻസ്പെക്ടർ ഗോപകുമാർ, പ്രിവന്റിവ് ഓഫീസർ റെനി, സി.ഇ.ഒമാരായ സജീവ്, സൗമില, ഡ്രൈവർ പ്രദീപ് എന്നിവരും ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |