തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം ഇനി സ്വപ്നമല്ല, യാഥാർത്ഥ്യം. മൂന്നു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിന് ശുഭമുന്നേറ്റം. 2000 കണ്ടെയ്‌നറുകളുമായി സാൻഫെർണാണ്ടോ എന്ന 'അമ്മക്കപ്പൽ" വിഴിഞ്ഞം തീരം തൊടുമ്പോൾ കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് ചിറകുവിടരും. സമുദ്രമാർഗ്ഗമുള്ള ചരക്കുനീക്കത്തിന്റെ അന്താരാഷ്ട്ര കവാടമായി വിഴിഞ്ഞം മാറുകയാണ്. 110ലേറെ രാജ്യങ്ങളിൽ കാർഗോ സർവീസ് നടത്തുന്ന മെസ്‌കിനു പിന്നാലെ ലോകത്തെ ഏറ്റവും വലിയ കപ്പൽകമ്പനിയായ എം.എസ്.സിയുടെ അമ്മക്കപ്പലും വിഴിഞ്ഞത്തെത്തും.
ഇന്നലെ രാത്രി വിഴിഞ്ഞം പുറംകടലിലെത്തിയ സാൻഫെർണാണ്ടോ കപ്പൽ പുലർച്ചെ ആറോടെ നാലു നോട്ടിക്കൽമൈൽ അടുത്തേക്ക് അടുപ്പിച്ചു. രാവിലെ ഏഴരയോടെ പൈലറ്റ് തുഷാർ കനിത്കർ ഓഷ്യൻ പ്രസ്റ്റീജ് എന്ന ടഗ്ഗിലെത്തി കപ്പലിൽ കയറി റഷ്യൻ സ്വദേശിയായ ക്യാപ്ടൻ വോൾഡിമർ ബോണ്ട് ആരെങ്കോയിൽ നിന്ന് കപ്പലിന്റെ നിയന്ത്രണമേറ്റെടുക്കും. തുറമുഖത്തെ മൂന്നു ടഗ്ഗുകൾ അനുഗമിക്കും. പൈലറ്റ് തുഷാറും സഹപൈലറ്റ് ക്യാപ്റ്റൻ സിബി ജോർജും ചേർന്ന് രാവിലെ 9ന് കപ്പലിനെ ബെർത്തിലടുപ്പിക്കും. പത്തോടെ കൂറ്റൻ വടമുപയോഗിച്ച് കപ്പലിനെ ബർത്തിൽ ബന്ധിപ്പിക്കുന്ന മൂറിംഗ് നടത്തും. തുറമുഖത്തെ 800മീറ്റർ ബർത്തിന്റെ മദ്ധ്യഭാഗത്തെ 300മീറ്ററിലാവും അമ്മക്കപ്പൽ നങ്കൂരമിടുക. ശേഷം ഓട്ടോമേറ്റഡ് ക്രെയിനുകളുപയോഗിച്ച് 1500കണ്ടെയ്നറുകൾ ഇറക്കും. മദ്രാസ് ഐ.ഐ.ടി വികസിപ്പിച്ച സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുന്ന നാവിഗേഷൻ സെന്ററിനാണ് നിയന്ത്രണം. ആദ്യഘട്ടം കമ്മിഷൻ ചെയ്യും മുൻപ് സർവസംവിധാനങ്ങളും പരിശോധിച്ചുറപ്പിക്കും. മന്ത്രിമാരായ വി.എൻ.വാസവനും സജിചെറിയാനും സാക്ഷ്യംവഹിക്കാനെത്തും.
കടലിലും കരയിലും സുരക്ഷ
പൊലീസ് കമ്മിഷണർ ജി.സ്പർജ്ജൻകുമാറിന്റെ നേതൃത്വത്തിൽ സുരക്ഷയ്ക്ക് 1500പൊലീസ്. കോസ്റ്റൽ പൊലീസ് എ.ഐ.ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ 12 ബോട്ടുകളിലായി 64 പൊലീസുകാർ കടലിൽ റോന്തുചുറ്റും. മത്സ്യബന്ധന വള്ളങ്ങൾക്ക് നിയന്ത്രണമുണ്ട്. തുറമുഖ കമ്പനിയുടെ 150സെക്യൂരിറ്റി ജീവനക്കാരും 8 റാപ്പിഡ് ആക്ഷൻ ഫോഴ്സ് ജീവനക്കാരും സുരക്ഷയ്ക്കുണ്ടാവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |