തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന സംസ്ഥാനത്തിന് ഐ.ജി.എസ്.ടി നികുതി നഷ്ടം 25,000കോടിയിലേറെ വരുമെന്ന് പബ്ളിക് എക്സ്പെൻഡിച്ചർ റിവ്യൂ റിപ്പോർട്ട്. 2017ൽ ജി.എസ്.ടി.നടപ്പാക്കി ഇതുവരെ 35,000കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. സംസ്ഥാനം ഒരുവർഷം എടുക്കുന്ന വായ്പയെക്കാൾ കൂടുതലാണിത്. റിപ്പോർട്ട് ഇന്നലെ നിയമസഭയിൽ സമർപ്പിച്ചു.
കേരളത്തിലേക്ക് വർഷം 1.5ലക്ഷം കോടിയുടെ ഉത്പപന്നങ്ങളാണ് എത്തുന്നത്. ഇതിൽ 80% നേരിട്ട് വിൽക്കുന്നു. 20% മാത്രമാണ് മൂല്യവർദ്ധിത ഉത്പന്നങ്ങളാവുന്നത്. നിലവിൽ മൂല്യവർദ്ധിത ഉത്പന്നത്തിന്റെ നികുതിമാത്രമാണ് കേരളത്തിന് കിട്ടുന്നത്. ബാക്കിയെല്ലാം നഷ്ടമാണ്. അന്തർസംസ്ഥാന വ്യാപാരത്തിന് ചുമത്തുന്ന ഐ.ജി.എസ്.ടി ഇനത്തിൽ വർഷം 5000 കോടി നഷ്ടമാകുന്നെന്നാണ് റിപ്പോർട്ട്.
ഉപഭോക്തൃ സംസ്ഥാനമായതിനാൽ കേരളത്തിന് ജി.എസ്.ടിയിൽ വൻനേട്ടം ഉണ്ടാകേണ്ടതാണ്. അതുണ്ടായില്ല.
കേരളത്തിൽ വിൽക്കുന്ന ഉത്പന്നങ്ങളുടെ നികുതി അതത് സംസ്ഥാനങ്ങളിൽ അടയ്ക്കും. ഐ.ജി.എസ്.ടിയിൽ കേന്ദ്രസർക്കാരിനുള്ള വിഹിതം കൃത്യമായി കിട്ടും. റിട്ടേൺ ഫോമിലെ പോരായ്മകൾ മൂലം ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് ഐ.ജി.എസ്.ടി വിഹിതം കൃത്യമായി കിട്ടാറില്ല. ഉപഭോക്തൃസംസ്ഥാനങ്ങൾക്ക് നികുതി വിഹിതം ഉറപ്പാക്കാൻ വ്യവസ്ഥയില്ല. ഇതുണ്ടാക്കാൻ കേരളം ശ്രമിച്ചില്ലെന്നും റിപ്പോർട്ടിലുണ്ട്.
കടം പരിധിവിട്ടു
മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 25%ൽ താഴെയായിരിക്കണം വായ്പയെന്നാണ് ധനകാര്യകമ്മിഷൻ നിർദ്ദേശം. 2011 മുതൽ കേരളത്തിന്റെ കടം ഇതിന് പുറത്താണ്. 2019വരെ 28%. അതിന് ശേഷം 30% ത്തിലേറെയും. കടം വാങ്ങുന്നതിന് അനുസരിച്ച് ഉത്പാദനം കൂടാത്തതാണ് ഇതിന് കാരണം. വർഷംതോറും 14.53% കടം പെരുകുമ്പോൾ ഉത്പാദനം കൂടുന്നത് 9.26% മാത്രമാണ്. കുറഞ്ഞനിരക്കിലുള്ള വായ്പകളിലേക്ക് മാറുകയോ,കൂടിയ നിരക്കുള്ള വായ്പകൾ ഒഴിവാക്കുകയോ, വരുമാനവർദ്ധനയ്ക്കുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുകയോ വേണമെന്നും റിപ്പോർട്ടിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |