കൊച്ചി: യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതോടെ അധികം സർവീസുകൾ അനുവദിച്ച് കൊച്ചി മെട്രോ. ഈ മാസം 15മുതൽ അധികം ട്രെയിൻ സർവീസുകൾ നടത്തുമെന്നും കൊച്ചി മെട്രോ അറിയിച്ചു. തിരക്കുള്ള സമയങ്ങളിൽ യാത്രക്കാരുടെ തിരക്കും ട്രെയിനുകൾക്കിടയിലുള്ള കാത്തിരിപ്പ് സമയവും കുറയ്ക്കുകയാണ് ലക്ഷ്യം. ഒരു ദിവസം 12 ട്രിപ്പുകൾ കൂടുതലായി നടത്തും. രാവിലെ എട്ട് മണി മുതൽ പത്ത് വരെയും വൈകുന്നേരം നാല് മണി മുതൽ ഏഴ് വരെയുമാണ് പുതിയ ഷെഡ്യൂളുകൾ നടപ്പിലാക്കാൻ പോകുന്നത്. ഈ സമയങ്ങളിൽ ഏഴ് മിനിട്ട് ഇടവേളകളിൽ ട്രെയിനുകള്‍ സർവ്വീസ് നടത്തും.
അതേസമയം, കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം മുതൽ കാക്കനാട്ടെ ഇൻഫോപാർക്ക് വരെയുളള കൊച്ചി മെട്രോയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയാണ് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 1957.05 കോടി രൂപ ചെലവഴിച്ചാണ് നിർമാണപ്രവർത്തനങ്ങൾ നടത്തിവരുന്നത്. അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിനാണ് നിർമാണ ചുമതല. 1141.32 കോടി രൂപയാണ് കരാർ തുക.
20 മാസത്തെ കാലയളവ് കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം. കഴിഞ്ഞ ആഴ്ച നടന്ന ചടങ്ങിൽ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ലോക് നാഥ് ബെഹ്‌റ, പ്രൊജക്റ്റ് ഡയറക്ടർ ഡോക്ടർ എം പി രാംനവാസ്, സിസ്റ്റം ഡയറക്ടർ സഞ്ജയ് കുമാർ, ഫിനാൻസ് ഡയറക്ടർ അന്നപൂർണ്ണി, എക്സിക്യൂട്ടീവ് ഡയറക്ടർ പ്ലാനിംഗ് ആൻഡ് പ്രോജെക്ടസ് വിനു സി കോശി, കൊച്ചി മെട്രോ എൻജിനീയർമാർ, ഉദ്യോഗസ്ഥർ, ജനറൽ കൺസൾട്ടന്റ് സിസ്ട്രയുടെ ഉദ്യോഗസ്ഥർ,അഫ്‌കോൺസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |