തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിൽ നിന്ന് മാലിന്യം തമ്പാനൂർ ഭാഗത്തേക്ക് ഒഴുകിയെത്തുന്നത് പൂർണമായും തടയുന്ന പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് രണ്ട് തവണ അനുവാദം നിഷേധിച്ചു.
തമ്പാനൂർ ഭാഗം ഉൾപ്പെടെ വൃത്തിയാക്കി കോൺക്രീറ്റ് ബോക്സ് കൾവെർട്ട് ഉപയോഗിച്ച് ഉപരിതലം പാതയായി ഉപയോഗിക്കുന്ന വിധത്തിൽ നിർമ്മിക്കുന്ന പദ്ധതി തിരുവനന്തപുരം റോഡ് ഡവലപ്പ്മെന്റ് കമ്പനി (ടി.ആർ.ഡി.സി.എൽ) 2007ലും 2012ലും സർക്കാരിന് സമർപ്പിച്ചിരുന്നു.പിന്നീട് അത്തരത്തിലൊരു പദ്ധതിയും ആമയിഴഞ്ചാൻ തോടിനു വേണ്ടി ഉണ്ടായില്ല. മാലന്യം നീക്കുന്നതിനായി വർഷാവർഷം കോടികൾ ചെലവഴിക്കുന്നത് മാത്രം.. കോൺക്രീറ്റ് ബോക്സ് കൾവെർട്ട് ഉപയോഗിച്ച് എങ്ങനെ തോടിന്റെ ഒഴുക്ക് തടസപ്പെടുത്താതെ റോഡിന്റെ വീതി കൂട്ടാമെന്ന് പിന്നീട് ഇതേ കമ്പനി വഞ്ചിയൂരിലും പനവിളയിലും തെളിയിച്ചു. ഉപ്പിടാംമൂട് പാലം മുതൽ കോടതിക്കു മുൻവശം വരെയുള്ള റോഡിനു ഇന്നു കാണുന്നു വീതിയുണ്ടായത് അങ്ങനെയാണ്.
തമ്പാനൂർ, തകരപ്പറമ്പ്, പഴവങ്ങാടി ഉൾപ്പെടെയുള്ള ഭാഗങ്ങളിലെ തോടിലെ ഒഴുക്ക് സുഗമമാക്കുന്നതിനും മാലിന്യരഹിതമാക്കുന്നതിനു തയ്യാറാക്കിയ പദ്ധതി രണ്ടു തവണയും ഉദ്യോഗസ്ഥരും ഒരു വിഭാഗം രാഷ്ട്രീയക്കാരും എതിർത്ത് ഇല്ലാതാക്കുകയായിരുന്നുവെന്ന് ടി.ആർ.ഡി.സി.എൽ മുൻ എം.ഡി അനിൽകുമാർ പണ്ടാല പറഞ്ഞു. 2007ൽ ഏഴ് കോയുംടി രൂപയും അടുത്ത തവണ 13 കോടി രൂപയുമാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിച്ചിരുന്നത്. പദ്ധതി നടപ്പിലാക്കിയാലും മാലിന്യം ഒഴുകിയെത്തുമെന്നായിരുന്നു എതിർത്തവർ പറഞ്ഞ വാദം. പത്തു കൊല്ലം മാലിന്യമില്ലാതെ സംരക്ഷിക്കാനാകുമെന്ന് വിശദീകരിച്ചിട്ടും അനുമതി നിഷേധിക്കുകയായിരുന്നു. പഴവങ്ങാടി ഭാഗത്തെ വ്യാപാരികളുടെ പുനരധിവാസത്തിനുള്ള പദ്ധതിയുടെ രൂപരേഖ ഉൾപ്പെടെയാണ് അന്ന് കമ്പനി കൈമാറിയത്.റെയിൽവേ ബ്രോഡ്ഗേജാക്കിയതിനു ശേഷമാണ് ആ ഭാഗത്തുള്ള ടണലിന്റെ ഉൾവ്യാസം കുറഞ്ഞതെന്ന് അനിൽകുമാർ പറഞ്ഞു.ശാസ്ത്രീയമായി വീതി കൂട്ടുകയാണ് പരിഹാരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |