SignIn
Kerala Kaumudi Online
Friday, 18 September 2026 11.05 PM IST

കമ്മ്യൂണിസ്റ്റുകാർക്ക് വേണം ലാളിത്യം: ബിനോയ് വിശ്വം

benoy

തിരുവനന്തപുരം: വിനയവും ലാളിത്യവും കമ്മ്യൂണിസ്റ്റുകാർക്ക് നിർബന്ധമായി ഉണ്ടാകേണ്ട ഗുണങ്ങളാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. പേട്ട യംഗ്‌സ്റ്റേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കെ.ബാലകൃഷ്ണൻ അനുസ്മരണയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ പ്രവർത്തകർ ജനങ്ങളുടെ അധിപന്മാരല്ല. കുതിരകയറാനും അടക്കി ഭരിക്കാനുമുള്ള കൈ ചീട്ടുമല്ല രാഷ്ട്രീയം. മനുഷ്യരോടും സമൂഹത്തോടും കാണിക്കേണ്ട പ്രതിബദ്ധതയാണത്. അതിന് അർത്ഥമുണ്ടാകണമെങ്കിൽ വിനയം നിർബന്ധമാണ്. ജയിക്കുമ്പോഴും തോൽക്കുമ്പോഴും വിനയം കൂടുമ്പോഴാണ് രാഷ്ട്രീയത്തിന് അർത്ഥമുണ്ടാകുന്നത്. കതിർക്കനമുണ്ടാകുമ്പോൾ തല താഴ്ത്തിപ്പിടിക്കണം. പഴയകാല കമ്മ്യൂണിസ്റ്റ്, കോൺഗ്രസ് നേതാക്കന്മാരെല്ലാം ഇതുപോലെ കതിർക്കനമുള്ളവരായിരുന്നു. താഴ്മയും വിനയവുമുള്ളവരുമായിരുന്നു. തിരഞ്ഞെടുപ്പിൽ നിന്ന് എന്തുകൊണ്ട് ചെറുപ്പക്കാർ അകന്നുമാറി. അവരെ ആകർഷിക്കാൻ എന്തുകൊണ്ട് കഴിഞ്ഞില്ല എന്ന് രാഷ്ട്രീയക്കാർ ചിന്തിക്കണം.

സർഗ്ഗാത്മ ധിക്കാരമെന്തെന്ന് മാദ്ധ്യമ ലോകത്തെ പരിചയപ്പെടുത്തിയ പത്രാധിപരായിരുന്നു കെ. ബാലകൃഷ്ണൻ. സ്വന്തം നിലപാടും അതിന്റെ ശരിയും സംബന്ധിച്ച് വ്യക്തതയുള്ള പത്രാധിപർ. നിലപാട് ഉറക്കെ പറയാനുള്ള ചങ്കൂറ്റവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇടതു രാഷ്ട്രീയത്തിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച രാഷ്ട്രീയക്കാരനുമായിരുന്നു കെ. ബാലകൃഷ്ണനെന്നും ബിനോയ് പറഞ്ഞു.
ക്ലബ് പ്രസിഡന്റ് ആർ. രാജേഷ് അദ്ധ്യക്ഷനായി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ആർ. സുഗുണൻ, അമ്പലത്തറ ചന്ദ്രബാബു എന്നിവർ സംസാരിച്ചു. എസ്.ജയകുമാർ സ്വാഗതവും ക്ലബ് സെക്രട്ടറി ഡി. കുട്ടപ്പൻ നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BENOY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA