കൊച്ചി: സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയുടെ (കീം) റാങ്കിംഗ് രീതി അശാസ്ത്രീയമാണെന്നും ഇതുമൂലം കേരള സിലബസുകാർ പിന്തള്ളപ്പെട്ടെന്നും ആക്ഷേപം.
പൊതുപരീക്ഷയിലും കീമിലും ഉയർന്ന മാർക്ക് നേടിയെങ്കിലും റാങ്കു പട്ടികയിൽ കേരള സിലബസിൽ പഠിച്ച കുട്ടികൾ പിന്നിലായെന്നാണ് പരാതി. പ്ലസ്ടു പരീക്ഷയുടെ മാർക്ക് സമീകരണം (സ്റ്റാൻഡേർഡൈസേഷൻ) നടത്തിയതിലെ അപാകതയാണ് കാരണമെന്ന് അദ്ധ്യാപക സംഘടനകൾ പറയുന്നു.
കീമിന്റെയും പ്ലസ് ടുവിന്റെയും മാർക്കുകളുടെ 50% വീതം ചേരുന്നതാണ് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാന മാർക്ക്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകാരുടെ മാർക്ക് വ്യത്യസ്‌തമായതിനാലാണ് സമീകരണം നടത്തുന്നത്. സംസ്ഥാന സിലബസിൽ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക് വിഷയങ്ങൾക്ക് മുഴുവൻ മാർക്ക് നേടിയ വിദ്യാർത്ഥിക്ക് കിട്ടാവുന്ന പരമാവധി കീം വെയിറ്റേജ് മാർക്ക് 300 ആണ്. സമീകരണത്തിലൂടെ ഇക്കുറി പരമാവധി 273.77 മാർക്ക് മാത്രമായി.
കേന്ദ്രസിലബസിൽ പഠിച്ചവർക്ക് വെയിറ്റേജ് 286 എന്നത് എട്ടു മാർക്കിന്റെ വർദ്ധനവോടെ 294 മാർക്കായി സമീകരിക്കുകയും ചെയ്തു. ഇക്കാരണത്താൽ സംസ്ഥാന സിലബസുകാർ റാങ്ക് ലിസ്റ്റിൽ 5000 റാങ്കുവരെ താഴേക്ക് പോയി. അതിനാൽ മാർക്ക് സമീകരണ രീതി പുനഃപരിശോധിക്കണമെന്ന് ആവശ്യമുയർന്നു.
52,000
ആകെ റാങ്ക് ലിസ്റ്റിലുള്ളവർ
35,000
സംസ്ഥാന സിലബസുകാർ
17,000
കേന്ദ്ര സിലബസുകാർ
ആദ്യ 5000ൽ
സംസ്ഥാന സിലബസുകാർ-2034
കേന്ദ്ര സിലബസുകാർ-2,785
ഐ.സി.എസ്.ഇക്കാർ-162
മറ്റു സിലബസുകാർ-19
''അശാസ്ത്രീയമായ റാങ്കിംഗ് രീതി സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് മികച്ച സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമുണ്ടാക്കും. ന്യൂനത പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം
- കെ.വെങ്കിടമൂർത്തി, പ്രസിഡന്റ്,
അനിൽ എം.ജോർജ്, ജനറൽ സെക്രട്ടറി
ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോ.
യു.ജി.സി കുടിശിക:
കോളേജ് അദ്ധ്യാപകർക്ക്
നഷ്ടമായത് 1501 കോടി
കെ.എൻ. സുരേഷ് കുമാർ
□നഷ്ടം 12,000 അദ്ധ്യാപകർക്ക്
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഏഴാം ശമ്പള പരിഷ്കരണ പ്രകാരം സംസ്ഥാനം യു.ജി.സി കുടിശ്ശിക നൽകാത്തതിനാൽ പന്ത്രണ്ടായിരത്തോളം സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് നഷ്ടപ്പെടുന്നത് 1501 കോടിയുടെ ആനുകൂല്യം.
ഇതിൽ പകുതി കേന്ദ്ര സർക്കാരാണ് നൽകേണ്ടത്. സംസ്ഥാനം മുഴുവൻ തുകയും വിതരണം ചെയ്താലേ കേന്ദ്ര വിഹിതം ലഭിക്കൂ.
ആനുകൂല്യം നഷ്ടപ്പെടുന്നവരിൽ കാർഷിക സർവകലാശാല, എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരുമുണ്ട്. 2016 ജനുവരി ഒന്നു മുതൽ 2019 മാർച്ച് 31 വരെയാണ് കുടിശ്ശികയുള്ളത്. കാർഷിക, ഫിഷറീസ്, വെറ്ററിനറി സർവകലാശാലകളിലെ അദ്ധ്യാപകർക്ക് മാത്രം സംസ്ഥാന വിഹിതം നൽകേണ്ടത് 21.7 കോടിയാണ്. അതേ സമയം, വിഹിതം നൽകിയ സംസ്ഥാനങ്ങളിലെ ജീവനക്കാർക്ക് ആനുകൂല്യം ലഭിച്ചു.
മുമ്പ് 80 ശതമാനം കേന്ദ്രവിഹിതം നൽകിയിരുന്നതാണ് 50 ശതമാനമാക്കിയത്. ആദ്യം കേന്ദ്രവിഹിതം നൽകിയിരുന്നതും നിറുത്തി. സംസ്ഥാന വിഹിതം നൽകിയാലേ കേന്ദ്രവിഹിതം നൽകൂവെന്ന നിബന്ധന വച്ചു. തുക വകമാറ്റുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്.
സംസ്ഥാന വിഹിതം പി.എഫിൽ ലയിപ്പിക്കാമെന്നും ഇത് നാല് ഗഡുക്കളായി അദ്ധ്യാപകർക്ക് പിൻവലിക്കാമെന്നുമാണ് കേരളം പറഞ്ഞിരുന്നത്. ഈ ഉത്തരവ് പിന്നീട് മരവിപ്പിച്ചു. കുടിശ്ശിക നൽകിയ ശേഷം അപേക്ഷിച്ചാൽ കേന്ദ്ര വിഹിതം കിട്ടിയേക്കും.
ശമ്പള പരിഷ്കരണ കുടിശ്ശികയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമർപ്പിച്ച നിർദ്ദേശം അപൂർണമായിരുന്നു. പൂർണമാക്കാൻ 2022 മാർച്ച് 31 വരെ സമയം അനുവദിച്ചെങ്കിലും നൽകിയില്ലെന്നാണ് വിവരം.
'ശമ്പള കുടിശിക നൽകാൻ കേന്ദ്ര, കേരള സർക്കാരുകൾ അടിയന്തര നടപടിയെടുക്കണം.'
- ആർ. അരുൺകുമാർ,
പ്രസിഡന്റ്, കെ.പി.സി.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |