ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ സി.പി.എമ്മിന്റെ വേണ്ടത്ര പിന്തുണ
പാർട്ടിക്ക് ലഭിച്ചില്ലെന്ന റിപ്പോർട്ടുകൾ തള്ളി സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ. ഇരു പാർട്ടികളും ഒന്നിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും ദേശീയ എക്‌സിക്യൂട്ടീവ് യോഗ തീരുമാനങ്ങൾ വിശദീകരിച്ച പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മൂന്നു ദിവസത്തെ ദേശീയ എക്‌സിക്യൂട്ടീവ് കേരളത്തിലെ ഇടത് പാർട്ടികളുടെ മോശം പ്രകടനം ചർച്ച ചെയ്‌തെന്ന് രാജ പറഞ്ഞു. ഭരണ വിരുദ്ധ വികാരം തോൽവിക്ക് കാരണമായോ എന്ന് പരിശോധിക്കുന്നുണ്ട്. വയനാട്ടിൽ ആനിരാജയുടെ സ്ഥാനാർത്ഥിത്വം പാർട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണ്. അതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ പ്രശ്‌നങ്ങളില്ല. ബി.ജെ.പി സ്ഥാനാർത്ഥി ജയിച്ച തൃശൂരിൽ നടന്നത് ശക്തമായ പോരാട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി നിരവധി തവണ തൃശൂരിൽ സന്ദർശനം നടത്തിയത് ഫലം കണ്ടു.
'ഇന്ത്യ' മുന്നണിയിൽ
സീറ്റ് വിഭജനം പാളി
ഭരണഘടന മാറ്റാൻ ബി.ജെ.പി തയ്യാറാക്കിയ ഗൂഢാലോചന തകർത്ത ഇന്ത്യയിലെ ജനങ്ങളെ യോഗം അഭിനന്ദിച്ചു. എങ്കിലും ശരിയായ സീറ്റ് വിഭജനവും പാർട്ടികൾക്കിടയിൽ പരസ്പര ധാരണയും ഉണ്ടായിരുന്നെങ്കിൽ 'ഇന്ത്യ' ബ്ലോക്കിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു. പ്രതിസന്ധികളുണ്ടായിട്ടും മുന്നണി ശക്തിയായി ഉയർന്നുവന്നു.
ഒറ്റയ്ക്ക് ഭൂരിപക്ഷം നഷ്ടമായെങ്കിലും ബി.ജെ.പി വിദ്വേഷവും ധ്രുവീകരണ രാഷ്ട്രീയവും കൂടുതൽ കരുത്തോടെ തുടരാനിടയുള്ളതിനാൽ 'ഇന്ത്യ' സഖ്യത്തിനൊപ്പം ശക്തമായി നിൽക്കും
ഇടതുപക്ഷം ഒൻപത് സീറ്റിൽ ഒതുങ്ങിയതിൽ യോഗം ആശങ്ക പ്രകടിപ്പിച്ചു. പാർട്ടിയെയും പ്രസ്ഥാനത്തെയും ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ ദേശീയ കൗൺസിൽ അംഗീകരിച്ചു. പാർട്ടി രൂപീകരണത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് 2024 ഡിസംബർ 26 മുതൽ ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിക്കും.ജനങ്ങളുടെ അടിസ്ഥാന ജീവിത പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പാർട്ടി നേരിട്ടും ഇടതുപക്ഷ പാർട്ടികളുമായി സഹകരിച്ചും പ്രക്ഷോഭങ്ങൾ നടത്തും. കമ്മ്യൂണിസ്റ്റ്, വിശാല ഇടതുപക്ഷ ഐക്യത്തിനായും ശ്രമം തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |