യൂട്യൂബർ എന്ന നിലയിൽ പ്രശസ്‌തി നേടിയ ആളാണ് സീക്രട്ട് ഏജന്റ് എന്ന് അറിയപ്പെടുന്ന സായി കൃഷ്‌ണ. ബിഗ് ബോസ് സീസൺ ആറിലെ മത്സരാർത്ഥി കൂടിയായിരുന്നു അദ്ദേഹം. ഇപ്പോഴിതാ റോഡ് നിയമലംഘനത്തിന്റെ പേരിൽ ലെെസൻസ് റദ്ദാക്കിയ സഞ്ജു ടെക്കിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് സായി. സഞ്ജു ടെക്കിക്ക് എതിരെ നടക്കുന്ന സെെബർ ആക്രമണം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു സായിയുടെ വിമർശനം.
ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിനെത്തുടർന്നാണ് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് എംവിഡി റദ്ദാക്കിയത്. ഇത് വളരെ വിവാദമായിരുന്നു. കൂടാതെ മണ്ണഞ്ചേരി ജിഎച്ച്എസിലെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങിൽ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു.
എന്നാൽ എംവിഡി നിയമലംഘനവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കൾ പ്രതിഷേധം അറിയിച്ചു. പിന്നാലെ സഞ്ജുവിനെ പരിപാടിയിൽ നിന്ന് മാറ്റുകയായിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ സായി പ്രതികരിച്ച് രംഗത്തെത്തിയത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സായി പ്രതികരണം അറിയിച്ചത്.
'സഞ്ജു ടെക്കി ചെയ്തത് തെറ്റാണ്. തെറ്റ് പറ്റിയതിന് അദ്ദേഹം മാപ്പ് പറഞ്ഞു. കൊടുത്ത ശിക്ഷ എല്ലാം അനുഭവിച്ചു. വീണ്ടും സഞ്ജുവിനെ വിവാദത്തിലേക്ക് വലിച്ചിടുകയാണ്. സ്കൂളിൽ ഉദ്ഘാടനത്തിന് പോയാൽ എന്താണ് പ്രശ്നം. ഒരു യൂട്യൂബർക്ക് സ്‌കൂളിൽ പോകാൻ പാടില്ലെന്നുണ്ടോ? പല പല കേസുള്ള എത്രയോ രാഷ്ട്രീയ നേതാക്കളും മതനേതാക്കളുമുണ്ട്.
മന്ത്രിമാർ ആയി ഇരിക്കുന്നവർക്ക് വരെ കേസില്ലേ? അവർ സ്കൂളിലെ പരിപാടിയ്ക്ക് പോകുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി ബെഞ്ചിന് മുകളിലൂടെ ചാടി പറന്നുപോയിട്ടില്ലേ? നാളെ ഒരു കുട്ടി ബെഞ്ചിൽ ഇത്തരത്തിൽ ചാടിക്കയറിയിട്ട് എന്റെ വിദ്യാഭ്യാസ മന്ത്രി ചെയ്തിട്ടുണ്ട് ഞാനും ചെയ്യുമെന്ന് പറഞ്ഞാലോ? ഇവിടെ യൂട്യൂബർ ആയത് കൊണ്ട് അയാളെ കടന്ന് ആക്രമിക്കുകയാണ്. യൂട്യൂബർമാരെ എപ്പോഴും കുറച്ച് കാണുകയാണ് സമൂഹം. വളരെ എളുപ്പ പണിയാണ് ഇതെന്നാണ് ആളുകൾ കരുതുന്നത്', - സായി കൃഷ്ണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |