മുംബയ്: അധികാര ദുർവിനിയോഗത്തിന് നടപടി നേരിട്ട വിവാദ ഐ.എ.എസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു. കർഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്ര്. ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഇവർ ഒളിവിലായിരുന്നു.
റായ്ഗഡിൽ നിന്ന് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. അനധികൃതമായി തോക്ക് കൈവശം വച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. ഒരു വർഷം മുമ്പ് നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു. മുൽഷി ഗ്രാമത്തിൽ ഭൂമിതർക്കം നടക്കുന്നതിനിടെ കർഷകർക്ക് നേരെ തോക്ക് ചൂണ്ടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
മനോരമയുടെ ഭർത്താവ് ദിലീപ് ഖേദ്കറും കേസിൽ പ്രതിയാണ്. എന്നാൽ, ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല. പൂജക്കെതിരായ ആരോപണങ്ങൾ ശക്തമാകുന്നതിനിടെയാണ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.
വിവിധ ആരോപണങ്ങളിൽ പൂജയ്ക്ക് കുരുക്ക് മുറുകുന്നതിനിടെയാണ് അമ്മയുടെ അറസ്റ്റ്. പൂജ സമർപ്പിച്ചിരുന്ന റേഷൻ കാർഡും നൽകിയ മേൽവിലാസവും വ്യാജമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോർട്ടുകളുണ്ടായിരുന്നു. മെഡിക്കൽ സർട്ടിഫിക്കറ്റിനായി പൂജ നൽകിയ വിലാസം തെർമോവെരിറ്റ എൻജിനിയറിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയാണ്, പൂജ ഉപയോഗിച്ചിരുന്ന ഓഡി കാർ രജിസ്റ്റർ ചെയ്തിരുന്നതും ഇതേ കമ്പനിയുടെ പേരിലായിരുന്നു. കമ്പനിയുടെ പേരിൽ 2.70 ലക്ഷം രൂപയുടെ നികുതി കുടിശ്ശികയുണ്ടെന്നും മൂന്നുവർഷമായി നികുതി അടച്ചിട്ടില്ലെന്നുമാണ് റിപ്പോർട്ട്.
ഇതേവിലാസത്തിലാണ് പൂജ വ്യാജ റേഷൻ കാർഡും നിർമ്മിച്ചത്. ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ലഭിക്കാനായി അപേക്ഷ നൽകിയപ്പോൾ ഈ റേഷൻ കാർഡാണ് ആശുപത്രിയിൽ സമർപ്പിച്ചത്. കാൽമുട്ടിന് ഏഴുശതമാനം വൈകല്യമുണ്ടെന്നാണ് സർട്ടിഫിക്കറ്റിലുള്ളത്.
പൂജയുടെ പിതാവും മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ റിട്ട. ഡയറക്ടറുമായ ദിലീപ് ഖേദ്കറിന്റെ സ്വത്തുവിവരങ്ങളെക്കുറിച്ച് അഴിമതിവിരുദ്ധ സ്‌ക്വാഡ് (എ.സി.ബി) അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സർവീസ് കാലയളവിൽ ദിലീപ് ഖേദ്കർ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തിലാണ് റിപ്പോർട്ട് നൽകിയത്. എ.സി.ബി. ആസ്ഥാനത്ത് ഈ റിപ്പോർട്ട് പരിശോധിച്ചശേഷം തുടർനടപടികളുണ്ടായേക്കുമെന്നാണ് വിവരം. വിവാദങ്ങളിൽപ്പെട്ടതോടെ പൂജ ഖേദ്കറിനെ ജില്ലയിലെ പരിശീലനം അവസാനിപ്പിച്ച് മസൂറിയിലെ ഐ.എ.എസ്. പരിശീലനകേന്ദ്രത്തിലേക്ക് തിരികെവിളിപ്പിച്ചിരുന്നു. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. പൂജയ്ക്കെതിരേ കേന്ദ്രത്തിന്റെ അന്വേഷണവും നടക്കുന്നുണ്ട്. തനിക്കെതിരേ പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നാണ് പൂജയുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |