SignIn
Kerala Kaumudi Online
Wednesday, 18 September 2024 7.54 PM IST

ഫുഡ് റീലുകൾ കുത്തിയിരുന്ന് കാണുന്ന പതിവുണ്ടോ? എങ്കിൽ കരുതിയിരുന്നോ, പണി പിന്നാലെ വരുന്നുണ്ട്

Increase Font Size Decrease Font Size Print Page
reels

ഇൻസ്​റ്റഗ്രാമിലും യൂട്യൂബിലും നിങ്ങൾ കൂടുതലായി കാണുന്ന വീഡിയോകൾ ഏത് തരത്തിലുളളതാണ്? അല്ലെങ്കിൽ ഏത് വിധത്തിലുളള വീഡിയോകളും റീലുകളും കാണുമ്പോഴാണ് കൂടുതൽ ശ്രദ്ധ നൽകാറുളളത്. ഇത്തരം ചോദ്യങ്ങൾക്ക് മിക്കവരും നൽകുന്ന ഉത്തരം ഒന്നുമാത്രമായിരിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകളായിരിക്കും സോഷ്യൽമീഡിയയിലൂടെ കൂടുതൽ ഉപയോക്താക്കളും കാണുന്നത്.

ടെലിവിഷൻ കാണുമ്പോഴും ഭക്ഷണവുമായി ബന്ധപ്പെട്ടുളള പരിപാടികളായിരിക്കും ചിലർ സ്ഥിരം കാണാറുളളത്. എങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുതേ. ഇത്തരത്തിലുളള വീഡിയോകൾ കാണുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.


എന്താണ് വാസ്തവം?
സോഷ്യൽമീഡിയയിൽ കേക്കുകളും മ​റ്റ് രുചികരമായ വിഭവങ്ങളും മനോഹരമായ രീതിയിൽ പാകം ചെയ്യുന്ന വീഡിയോ നമ്മൾ സ്ഥിരം കാണാറുണ്ട്. ഇത് ഭക്ഷണം കഴിക്കാനുളള ഉപയോക്താവിന്റെ ആഗ്രഹം വർദ്ധിപ്പിക്കുമെന്നാണ് കണ്ടെത്തൽ. നിങ്ങളുടെ പ്രിയപ്പെട്ട പാചകവിദഗ്ദ്ധർ ചെയ്യുന്ന വിഭവം കണ്ട് കൊതിക്കുമ്പോൾ സ്വാഭാവികമായും അവ ഓൺലൈനിലൂടെ വാങ്ങാനും കൂടുതൽ പേരും ശ്രമിക്കാറുണ്ട്. അല്ലെങ്കിൽ സാധനങ്ങൾ വീട്ടിലെത്തിച്ച് ചിലരെങ്കിലും പാചകം ചെയ്യും.

phone

സോഷ്യൽ മീഡിയാ കണ്ടന്റ് ക്രിയേ​റ്ററായ കെവിൻ സിംഗ്കായ് ആണ് ഇതുമായി ബന്ധപ്പെട്ടുളള കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയത്. സോഷ്യൽമീഡിയയിൽ ആറ് ലക്ഷത്തിലധികം ഫോളോവേഴ്സുളള താരമാണ് കെവിൻ സിംഗ്കായ്. ഇന്ത്യാടുഡേയോട് സംസാരിക്കുന്നതിനിടയിലായിരുന്നു വെളിപ്പെടുത്തലുകൾ. ഇൻസ്​റ്റഗ്രാമിൽ പോസ്​റ്റ് ചെയ്യുന്ന ഭക്ഷണ വീഡിയോകൾക്ക് ആരാധകരേറേയാണെന്നും താരം പറയുന്നു. കൂടുതൽ പേരും ഇങ്ങനെയുളള വീഡിയോകൾ ചെയ്താണ് സോഷ്യൽമീഡിയയിലൂടെ പണം സമ്പാദിക്കുന്നതെന്നും വീഡിയോകൾ കാണുന്ന ഉപയോക്താക്കൾ മുഴുവനും കാണാതെ അടുത്ത ടാസ്‌കിലേക്ക് പോകില്ലെന്നും പറയുന്നു.രുചികരമായ വിഭവങ്ങൾ തയ്യാറാക്കുന്നത് സോഷ്യൽമീഡിയയിൽ ഘട്ടം ഘട്ടമായാണ് കാണിക്കുന്നത്. ഇത് ഉപയോക്താവിൽ ഭക്ഷണം കഴിക്കാനുളള സ്വാധീനം വർദ്ധിപ്പിക്കാറുണ്ടെന്ന് സിംഗ്കായ് പറയുന്നു.

സ്വാധീനം വലുത്

ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മനഃശാസ്ത്രജ്ഞയായ ശിവാംഗി രജ്പുത്തും 2019ൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. സോഷ്യൽമീഡിയയിലൂടെ ഭക്ഷണ വീഡിയോകൾ സ്ഥിരമായി കാണുന്നവരിൽ വിശപ്പെന്ന വികാരം വർദ്ധിപ്പിക്കുമെന്നാണ് പറയപ്പെടുന്നത്. വീഡിയോകൾ കാണുന്നത് ഉപയോക്താവിന് ഭക്ഷണത്തോടുളള ആസക്തി വർദ്ധിപ്പിക്കുമെന്നും ഇതിലൂടെ ഉപയോക്താവിന് രുചികരമായ ഭക്ഷണം തേടിപ്പോകുന്ന സ്വഭാവം ഉണ്ടാകുമെന്നും ശിവാംഗി പറയുന്നു.

2019ൽ ബ്രെയിൻ ആൻഡ് കോഗ്നിഷൻ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിൾ അനുസരിച്ച് ഭക്ഷണത്തിന്റെ ചിത്രങ്ങളും വീഡിയോകളും കാണുന്നത് നമ്മുടെ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ഗ്രെല്ലിൻ എന്ന ഹോർമോണിന്റെ അളവ് വർദ്ധിപ്പിക്കുകയും വിശപ്പിനുളള സാദ്ധ്യത കൂട്ടുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കൂടാതെ ഭക്ഷണത്തിന്റെ ചിത്രങ്ങൾ കാണുമ്പോൾ വിശപ്പില്ലെങ്കിലും ഭക്ഷണം കഴിക്കാൻ ഉപയോക്താക്കളെ സ്വാധീനിക്കുമെന്ന് ആർട്ടിക്കിളിൽ വ്യക്തമാക്കിയിട്ടുണ്ട്.

weight

ഈ പ്രവണത നിങ്ങളുടെ ജീവിതരീതിയെ തന്നെ ബാധിക്കുമെന്നും ശരീരഭാരം വർദ്ധിപ്പിക്കുമെന്നും ശിവാംഗി വ്യക്തമാക്കിയിട്ടുണ്ട്. ഒരു തരത്തിലുളള വീഡിയോകൾ മാത്രം നിരന്തരമായി കാണുന്നത് ഉപയോക്താവിന്റെ ശ്രദ്ധാകേന്ദ്രത്തെയും ബാധിക്കും. ദീർഘസമയം ഫോണിൽ ചെലവഴിക്കുന്നത് കായികക്ഷമതയെ മോശമായി ബാധിക്കുമെന്നും അവർ പറയുന്നു.


2016ൽ അപ്പെ​റ്റൈ​റ്റ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു ആർട്ടിക്കിളിലും സമാന കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. ടെലിവിഷനിലെ ഭക്ഷണം തയ്യാറാക്കുന്ന ഒരു പരിപാടി കണ്ട് പാചകം ചെയ്ത സ്ത്രീകളുടെ ബോഡി മാസ് ഇൻഡക്സ് വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെന്നായിരുന്നു അന്നത്തെ കണ്ടെത്തൽ.


പ്രതിവിധി

ഇത്തരത്തിൽ അമിതമായ രീതിയിൽ ഭക്ഷണം കഴിക്കുന്നത് മനുഷ്യരുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഇത് വിവിധ തരത്തിലുളള മാരകരോഗങ്ങൾ പിടിപെടുന്നതിനും കാരണമാകും. അതിനാൽത്തന്നെ ഈ പ്രശ്നം പരിഹരിക്കപ്പെടേണ്ടത് അത്യാവശ്യമായ ഒരു കാര്യമാണ്. അതിനായി എന്തെല്ലാം ചെയ്യാമെന്ന് നോക്കാം.


1. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ പിന്തുടരുകയെന്നതാണ് ഈ പ്രശ്നത്തിനുളള പരിഹാരം.

2. തലച്ചോറിലെ ശ്രദ്ധാകേന്ദ്രത്തെ തകിടം മറിക്കുന്ന തരത്തിലുളള ഭക്ഷണവീഡിയോകൾ കാണുന്നത് ശക്തമായി നിയന്ത്രിക്കുക.

3. മൊബൈൽ ഫോണിന്റെ അമിത ഉപയോഗം കുറയ്ക്കുകയെന്നതാണ് അടുത്ത പ്രതിവിധി.

4. ഒഴിവുസമയങ്ങൾ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ചെലവഴിക്കാൻ ശ്രമിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SOCIALMEDIA, REELS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.