തിരുവനന്തപുരം: സോളാർ ആരോപണം ഉയർന്ന സമയത്ത് അടുപ്പക്കാരടക്കം ആരും ഉമ്മൻ ചാണ്ടിയേയും കുടുംബത്തേയും ആശ്വസിപ്പിക്കാൻ വന്നില്ലെന്ന് മറിയാമ്മ ഉമ്മൻചാണ്ടി. മാദ്ധ്യമ പ്രവർത്തകനായ ജോൺ മുണ്ടക്കയം രചിച്ച ‘സോളാർ വിശേഷം' പുസ്തക പ്രകാശന ചടങ്ങിലായിരുന്നു വികാരഭരിതയായി മറിയാമ്മ ഉമ്മൻ സംസാരിച്ചത്.
''സോളാർ ഞങ്ങളുടെ കുടുംബത്തെ തകർത്ത കാര്യമാണ്. ഹൃദയത്തെ തകർത്തുകളഞ്ഞു. ഒരാളെയും സഹതാപവുമായി കണ്ടില്ല. ആരെങ്കിലും ആശ്വസിപ്പിക്കാൻ വരുമെന്ന് കരുതിയെങ്കിലും ആരും വന്നില്ല. സോളാർ വിഷയം വന്നപ്പോൾ ഞാൻ ഉമ്മൻ ചാണ്ടിയോട് ഒരു ചോദ്യം ചോദിച്ചു. ഇന്ന് ആലോചിക്കുമ്പോൾ അത് തെറ്റായി പോയെന്നും, അദ്ദേഹത്തിന് വിഷമമായിട്ടുണ്ടെന്നും എനിക്ക് തോന്നുന്നു.
കുഞ്ഞേ ഒരുപാട് വ്യക്തിബന്ധമുള്ളയാളല്ലേ കുഞ്ഞ്, എല്ലാ മേഖലയിലും. എന്നിട്ടും ആരും സപ്പോർട്ട് ചെയ്യാൻ വന്നില്ലല്ലോ? ഇതായിരുന്നു ചോദ്യം. ഇന്ന് ആളുകൾ ദൈവത്തെ പോലെ ഉമ്മൻ ചാണ്ടിയെ കാണുമ്പോൾ അതൊക്കെ ഒരുപാട് ഊർജം തരികയാണ്.
വേദിയിലിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശനോട് സോളാർ കേസിൽ ഗൂഢാലോചന എന്തായിരുന്നുവെന്ന് സിബിഐ അന്വേഷണം വേണമെന്ന് മറിയാമ്മ ഉമ്മൻ ആവശ്യപ്പെട്ടു. ആരെയും കുറ്റപ്പെടുത്താനോ ദോഷം വരുത്താനോ അല്ലെന്നും, സത്യം നിങ്ങളെ സ്വതന്ത്രമാക്കുമെന്ന വചനം പ്രാവർത്തികമാക്കാനാണ് അന്വേഷണത്തിലൂടെ ആവശ്യപ്പെടുന്നതെന്ന് മറിയാമ്മ ഉമ്മൻ പറഞ്ഞു.
അചഞ്ചലനായ ഉമ്മൻചാണ്ടിയുടെ വിശ്വാസമാണ് ഞങ്ങളുടെ കുടുംബത്തെ നിലനിറുത്തിയത്. രണ്ടാം സോളാർ വിവാദമാണ് ഏറെ തകർത്തത്. ദൈവവിശ്വാസിയായ അദ്ദേഹത്തിന് സത്യം എന്നെങ്കിലും പുറത്തുവരുമെന്ന് ഉറച്ച വിശ്വാസമുണ്ടായിരുന്നു. ചെറുപ്പകാലത്തുപോലും ഉമ്മൻ ചാണ്ടിയുടെ ബാത്ത് റൂമിന് മുന്നിൽ പെണ്ണുങ്ങൾ വന്നു നിൽക്കും. അതിൽ അസ്വസ്ഥനായിട്ടുള്ളത് ഉമ്മൻ ചാണ്ടിയായിരുന്നു. ഉമ്മൻ ചാണ്ടിക്ക് ഏതെങ്കിലും പെണ്ണുമായി ബന്ധമുണ്ടെന്ന് പറയുന്നതിനേക്കാൾ ഭേദം എനിക്ക് അന്യപുരുഷനുമായി അവിഹിത സഞ്ചാരം ഉണ്ടെന്ന് പറയുന്നതാണ്. അദ്ദേഹത്തിന്റെ കണ്ണുകളിൽ നോക്കി നിൽക്കാൻ പറ്റുമായിരുന്നില്ല. എങ്ങിനെ ഇത് സഹിച്ചുവെന്ന് അറിയില്ല''. ചടങ്ങില്‍ ശശി തരൂര്‍ എംപി കവയിത്രി റോസ് മേരിക്ക് നല്‍കിയാണ് ‘സോളാര്‍ (വി) ശേഷം’പ്രകാശനം ചെയ്തത്.
സോളാര്‍ വിവാദം ആഞ്ഞടിക്കുന്ന വേളയില്‍ തന്നെ ഒരാള്‍ ബ്ലാക്ക് മെയില്‍ ചെയ്തെന്ന് ഉമ്മന്‍ ചാണ്ടി വെളിപ്പെടുത്തിയിരുന്നു. ഒരാളുടെ ബ്ലാക്ക് മെയിലിങ്ങില്‍ വീണു പോയെന്നാണ് കെപിസിസി ആസ്ഥാനത്ത് അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. തന്നെ ബ്ലാക്ക് മെയില്‍ ചെയ്തത് ആര്‍ ബാലകൃഷ്ണപിള്ളയല്ലെന്നും ആ ആരോപണം താന്‍ പൂർണ്ണമായും നിഷേധിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതോടെ സോളാറില്‍ ഉമ്മന്‍ ചാണ്ടി ബ്ലാക്ക് മെയില്‍ ചെയ്യപ്പെട്ടു എന്നത് വാര്‍ത്തകളില്‍ നിറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് വളരെ അടുപ്പമുള്ള ഒരാളോടാണ് ആ സത്യം അദ്ദേഹം വെളിപ്പെടുത്തിയത് എന്നാണ് ജോണ്‍ മുണ്ടക്കയം എഴുതുന്നത്. സോളാര്‍ നായിക തന്നെയാണ് ഉമ്മന്‍ ചാണ്ടിയെ ആ ഘട്ടത്തില്‍ ബ്ലാക്ക് മെയില്‍ ചെയ്തത്. അതിനെക്കുറിച്ച് പുസ്തകത്തില്‍ കുറിച്ചത് ഇങ്ങനെ: “എല്ലാം കഴിയുമ്പോള്‍ ഒരു പ്രധാന ചോദ്യം അവശേഷിക്കുന്നു. ബലാല്‍സംഗ കേസില്‍ ഉമ്മന്‍ ചാണ്ടിയെ പ്രതി ചേര്‍ക്കുമെന്ന് പറഞ്ഞ ദിവസം രാത്രി ഉമ്മന്‍ ചാണ്ടി താന്‍ ജീവിതത്തിലാദ്യമായി ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങി എന്ന് പറഞ്ഞു. അത് ആരെക്കുറിച്ചായിരുന്നു എന്ന ചോദ്യം. എന്നോട് ഒരിക്കലും അദ്ദേഹം അത് പറഞ്ഞില്ല. ഞാന്‍ ചോദിച്ചതുമില്ല.”
“എന്നാല്‍ പിന്നീട് അദ്ദേഹം അടുപ്പമുള്ള ഒരാളോട് വെളിപ്പെടുത്തി. ഞാന്‍ സംശയിച്ചതുപോലെ അത് ഗണേഷ് കുമാര്‍ അല്ല. ആ ബ്ലാക്ക് മെയിലിങ്ങ് നടത്തിയത് കഥയിലെ നായിക തന്നെ. പശ്ചാത്തലം ഇങ്ങനെ: “എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ച് ബിജു രാധാകൃഷ്ണനെ കാണുകയും അത് ഇവിടെ സോളാര്‍ നായിക-ഗണേഷ് ബന്ധത്തെ കുറിച്ച് ബിജു പരാതി പറയുകയും ചെയ്തതിന് ശേഷമായിരുന്നു അത്. ബിജു രാധാകൃഷ്ണന്‍ പറഞ്ഞതിന്റെ നിജസ്ഥിതിയറിയാന്‍ ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് എത്തിയ ശേഷം പേഴ്സണല്‍ സ്റ്റാഫ് വഴി സോളാര്‍ നായികയെ വിളിക്കുന്നു. (മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെക്ക് നല്‍കാന്‍ നേരത്തെ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.) ഗണേഷുമായുള്ള ബന്ധത്തിന്റെ കാര്യം പുറത്ത് പറഞ്ഞാല്‍ താന്‍ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞു അവര്‍ കരയുന്നു. അതായിരുന്നുവത്രേ ഉമ്മന്‍ ചാണ്ടിക്ക് വഴങ്ങേണ്ടി വന്ന ബ്ലാക്ക് മെയിലിങ്ങ്. അതിനു ശേഷമാണ് പൊലീസ് രേഖകളില്‍ കഥാനായിക വേറെ പേരില്‍ വരുന്നതും ആ പേരില്‍ വഞ്ചനാ കേസുകളില്‍ പ്രതിയാകുന്നതും.” മുണ്ടക്കയം എഴുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |