കൽപ്പറ്റ: കഴിഞ്ഞ ദിവസം കാടിറങ്ങിയ കബനീ ദളത്തിലെ നാലംഗ മാവോയിസ്റ്റ് സംഘത്തിലെ മൂന്നുപേർക്കായി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ പരിശോധന ആരംഭിച്ചു. വയനാട് -കണ്ണൂർ വനമേഖലയിൽ മാസങ്ങളായി തമ്പടിച്ചസി.പി.മൊയ്തീൻ, സന്തോഷ്, സോമൻ എന്നിവർക്കായാണ് പരിശോധന നടത്തുന്നത്.ഇവർക്കൊപ്പം കാടിറങ്ങിയ തൃശ്ശൂർ ഇവനൂർ പടിഞ്ഞാറത്തല വീട്ടിൽ മനോജിനെ (ആഷിഖ്) കഴിഞ്ഞ ദിവസം എറണാകുളത്ത് റെയിൽവേ സ്റ്റേഷനിൽ തീവ്രവാദ വിരുദ്ധ സേന (എ.ടി.എസ് )പിടികൂടിയിരുന്നു. ഇവർ നാലുപേരും ഒരുമിച്ചാണ് കഴിഞ്ഞ 17ന് കണ്ണൂർ- വയനാട് അതിർത്തിയായ അമ്പായത്തോട് വഴി കാടിറങ്ങിയത്. ഇവർ രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പിടിയിലായ മനോജ് ഒരു ഓട്ടോയിലും മറ്റ് മൂന്നുപേർ മറ്റൊരു ഓട്ടോയിലുമാണ് ചുങ്കക്കുന്നിലേക്ക് യാത്ര തിരിച്ചത്. ഇവിടെ നിന്ന് പേരാവൂർ വഴി നാലുപേരും തലശ്ശേരിയിലെത്തി. പിന്നീട് കണ്ണൂരെത്തിയ സംഘത്തിൽ മനോജ് ട‌്രെയിനിൽ എറണാകുളത്തേക്കും മറ്റ് മൂന്നുപേർ കോയമ്പത്തൂരിലേക്കും ശേഷം വയനാടൻ അതിർത്തി പ്രദേശമായ നീലഗിരി ജില്ലയിലെ ദേവാലയിലേക്കും പോയെന്നാണ് വിവരം.
പിടിയിലായ മനോജിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |