ശിവഗിരി: ചിങ്ങം ഒന്ന് മുതൽ ശ്രീനാരായണ മാസമായും തുടർന്ന് ഗുരുദേവ സമാധി, ബോധാനന്ദ സ്വാമി സമാധി ഉൾപ്പെടെയുള്ള ഒൻപത് ദിവസവും ചേർത്ത് 39 ദിവസം ശ്രീനാരായണ വ്രതാനുഷ്ഠാനവും ധർമ്മചര്യായജ്ഞവും ആചരിക്കണമെന്ന് ശിവഗിരി മഠം ആഹ്വാനം ചെയ്തു. എസ്.എൻ.ഡി.പി യോഗം ഗുരുധർമ്മ പ്രചരണസഭ, ശ്രീനാരായണ സാംസ്കാരിക സമിതി തുടങ്ങിയ പ്രസ്ഥാനങ്ങൾ ഈ പരിപാടിക്ക് നേതൃത്വം നല്‍കും. കർക്കടകമാസം രാമായണ മാസമായി ആചരിക്കുന്നതുപോലെ ഗുരുദേവൻ അവതരിച്ച ചിങ്ങമാസം ശ്രീനാരായണ മാസമായി ആചരിക്കണമെന്ന് ശിവഗിരി മഠം അറിയിച്ചു. ഈ കാലയളവിൽ ഗുരുഭക്തർ ദിവസവും രാവിലെ ഗുരുവിന്റെ 108 മന്ത്രം ചൊല്ലി അഷ്ടോത്തര നാമശതാവലി ചൊല്ലണം. ഗുരുദേവകൃതികളും മറ്റ് പുണ്യഗ്രന്ഥങ്ങളും ഗുരുദേവ ചരിതവും പാരായണം ചെയ്യണം. സംഘടനകൾ 39 ദിവസവും ഓരോയിടത്ത് പ്രാർത്ഥനാ യോഗം സംഘടിപ്പിക്കണം. ഈ കാലയളവിൽ മത്സ്യ മാംസാദികൾ ഉപേക്ഷിക്കണം. ജാതിമതഭേദമില്ലാതെ സാധുജനങ്ങളെ സഹായിക്കണം. ഇപ്രകാരം ആചരിക്കുന്നതാണ് യഥാർത്ഥ ഗുരുപൂജയെന്ന് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും ട്രഷറർ സ്വാമി ശാരദാനന്ദയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |