കോഴിക്കോട്: നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 14കാരൻ മരിച്ചു. മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ ചെമ്പ്രശ്ശേരി സ്വദേശിയായ 14കാരനാണ് ഉച്ചയോടെ മരിച്ചത്. മോണോക്ലോണല്‍ ആന്റിബോഡിയെന്ന മരുന്ന് ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കാനിരിക്കെയാണ് മരണം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച കുട്ടി. പ്രോട്ടോകോൾ പ്രകാരം തുടർനടപടി സ്വീകരിക്കുമെന്നും സംസ്കാരം വീട്ടുകാരോട് ആലോചിച്ച് തീരുമാനിക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ 10.50നാണ് കുട്ടിക്ക് ഹൃദയാഘാതമുണ്ടായത്. 11.30ന് മരണം സ്ഥിരീകരിക്കുകയായിരുന്നു.
കുട്ടിയ്ക്ക് വൈറസ് ബാധ ഉണ്ടായതെങ്ങനെയെന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല. കുട്ടി ഏതാനും ദിവസം മുമ്പ് അമ്പഴങ്ങ കഴിച്ചുവെന്ന് സംശയമുണ്ട്. 10ന് പനി ബാധിച്ച കുട്ടിക്ക് 12ന് പാണ്ടിക്കാടുള്ള സ്വകാര്യ ക്ലിനിക്കിലും 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. 15ന് ഇതേ ആശുപത്രിയിൽ വീണ്ടും പ്രവേശിപ്പിച്ചു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും 19ന് രാത്രി കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ഇവിടെ ശേഖരിച്ച സാമ്പിളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ രാത്രിയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നിലവിൽ 246 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇവരിൽ 63 പേർ ഹെെറിസ്ക് വിഭാഗത്തിലാണ്. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാട് പഞ്ചായത്തിന്റെ മൂന്ന് കിലോമീറ്റർ പരിധിയിൽ ജാഗ്രതാ നിർദ്ദേശം നൽകി. പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂർണമായും അടച്ചിടാൻ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾ മാസ്‌ക് ധരിക്കണം.
പാണ്ടിക്കാട് പഞ്ചായത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആളുകൾ കൂട്ടംകൂടുന്നത് നിരോധിച്ചിട്ടുണ്ട്. വിവാഹം, സൽക്കാരം അടക്കമുളള പരിപാടികൾക്ക് പരമാവധി 50 പേർക്കുമാത്രമാണ് അനുമതി. കുട്ടി പഠിച്ച വിദ്യാലയം ഉൾപ്പെടുന്ന ആനക്കയം പഞ്ചായത്തിലും നിയന്ത്രണങ്ങളേർപ്പെടുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |