കോട്ടയം/ഇടുക്കി: നെടുങ്കണ്ടത്ത് പൊലീസ് കസ്റ്റഡിയിൽ രാജ്കുമാറിന് ഏറ്റ ക്രൂര പീഡനം ശരിവച്ച് റീ പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആദ്യ പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്താതെ പോയ പരിക്കുകൾ ഇപ്പോൾ കണ്ടെത്താനായി. വാഗമൺ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ അടക്കിയിരുന്ന മൃതദേഹം ജുഡിഷ്യൽ അന്വേഷണ കമ്മിഷന്റെ നിർദ്ദേശാനുസരണമാണ് 37 ദിവസത്തിന് ശേഷം ഇന്നലെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്‌തത്.
ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം അഴുകി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ്, ഇടുക്കി ആർ.ഡി.ഒ അതുൽ എസ്. നാഥ്, മുൻ ആർ.ഡി.ഒ എൻ.വിനോദ്, പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കൃഷ്ണപ്രഭൻ, കട്ടപ്പന ഡിവൈ.എസ്.പി എൻ.സി. രാജ് മോഹൻ, കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തലവൻ ജോൺസൺ ജോസഫ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ.
രാജ്കുമാറിന്റെ മകനും ബന്ധുവും മൃതദേഹം തിരിച്ചറിഞ്ഞു. ഭാര്യ വിജയ സെമിത്തേരിയുടെ പരിസരത്ത് മാറി നിന്നതേയുള്ളൂ. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനായി വാഗമണ്ണിൽ നിന്ന് മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മുതിർന്ന പൊലീസ് സർജന്മാരായ കെ. പ്രസന്നൻ, പി.ബി. ഗുജ്‌റാൾ, എ.കെ. ഉന്മേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റീ പോസ്റ്റുമോർട്ടം.
ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വീഴ്ചകളുണ്ടെന്ന വിലയിരുത്തലിലാണ് ജുഡിഷ്യൽ കമ്മിഷൻ റീ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത്. ആദ്യം മുറിവുകളുടെ പഴക്കം കണ്ടെത്തുകയോ ആന്തരികാവയവങ്ങൾ പരിശോധിക്കുകയോ ചെയ്തിരുന്നില്ല. വാരിയെല്ലുകൾ പൊട്ടിയതെങ്ങനെയെന്നും കണ്ടെത്തിയിരുന്നില്ല. ന്യുമോണിയ തന്നെയാണോ മരണകാരണമെന്നും സ്ഥിരീകരിക്കേണ്ടിയിരുന്നു.
വൈകിട്ടോടെ പോസ്റ്റുമോർട്ടം പൂർത്തിയാക്കി രാത്രി അതേ പള്ളി സെമിത്തേരിയിൽ തന്നെ മൃതദേഹം മറവ് ചെയ്തു. പള്ളിവികാരിയുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷമായിരുന്നു സംസ്‌കാരം. മാദ്ധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.
പുതിയ കണ്ടെത്തലുകൾ
'ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറഞ്ഞ ന്യുമോണിയ ബാധ ഉണ്ടായിരുന്നുവോ എന്നറിയാൻ കൂടുതൽ പരിശോധന വേണം".
ജസ്റ്റിസ് നാരായണക്കുറുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |