SignIn
Kerala Kaumudi Online
Thursday, 17 September 2026 1.08 PM IST

നിധിയുടെ പേരിൽ നാല് ലക്ഷം തട്ടിയവരാണെന്ന് സംശയം: പുഴയിൽ ചാടിയ നാൽവർ സംഘത്തിനായി തെരച്ചിൽ

river

ചാലക്കുടി: ട്രെയിൻ വരുന്നത് കണ്ട് പാലത്തിൽ നിന്നും നാലുപേർ പുഴയിലേക്ക് ചാടിയെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടർന്ന് ചാലക്കുടിപ്പുഴയിൽ ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും തെരച്ചിൽ. ചാലക്കുടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് വ്യാജ സ്വർണം നൽകി, നാദാപുരം സ്വദേശിയുടെ നാലു ലക്ഷം രൂപ തട്ടി, റെയിൽവേ ട്രാക്കിലൂടെ ഓടിയ നാലംഗ സംഘമാണ് ഇതെന്ന് പിന്നീട് പൊലീസിന് വിവരം ലഭിച്ചു. ഇത് സംബന്ധിച്ച് നാദാപുരം സ്വദേശി രാജേഷ് എന്നയാൾ പൊലീസിൽ പരാതി നൽകി.

മുരിങ്ങൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പുലർച്ചെ ആട്ടോയിൽ കയറിപ്പോയ നാല് ഇതര സംസ്ഥാനക്കാരിൽ ഒരാൾ പെരുമ്പാവൂരിലെ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയമായ സംഭവവും കൂട്ടിച്ചേർത്താണ് പൊലീസ് അന്വേഷണം. തിങ്കളാഴ്ച പുലർച്ചെ ഒന്നോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം.

ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് പോയിരുന്ന എക്‌സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് നാലുപേർ പുഴയിലേക്ക് ചാടിയ വിവരം ചാലക്കുടി റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. ഒരാൾ തീവണ്ടി തട്ടി പുഴയിലേക്ക് വീഴുകയും മറ്റ് മൂന്നു പേർ ചാടുകയും ചെയ്തുവെന്നായിരുന്നു വിവരം. എന്നാൽ നാലുപേരും ട്രെയിൻ വരുന്നത് കണ്ട് പുഴമ്പാലത്തിലെ ട്രാക്കിൽ നിന്നും പുഴയിലേക്ക് ചാടിയെന്നാണ് ഔദ്യോഗിക വിവരം.

ഇതേത്തുടർന്ന് പുലർച്ചെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ഫയർഫോഴ്‌സ് സംഘവും പുഴയിൽ തെരച്ചിൽ നടത്തി. തിങ്കളാഴ്ച രാവിലെയാണ് നാദാപുരം സ്വദേശി രാജേഷും സുഹൃത്തും ചേർന്ന് പൊലീസിൽ പരാതിയുമായെത്തിയത്.

നിധി കിട്ടിയ സ്വർണം നൽകാമെന്ന് പറഞ്ഞാണ്, കോഴിക്കോട് ഭാഗത്ത് ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരനായ യുവാവ് തൃശൂരിലേക്ക് ഇവരെ കൊണ്ടുവന്നത്. തുടർന്ന് സംഘം ചാലക്കുടിയിലുമെത്തി. പിന്നീട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇടപാട് നടന്നതെന്നാണ് പരാതി. ഇതിനിടെ യുവാവിന്റെ സുഹൃത്തുക്കളായ മറ്റ് മൂന്ന് ഇതര സംസ്ഥാനക്കാരും എത്തിച്ചേർന്നു. നാൽവർ സംഘം പണവുമായി പോയ ശേഷമാണ് വ്യാജ സ്വർണമായിരുന്നു ഇതെന്ന് വ്യക്തമായതെന്ന് രാജേഷ് പറഞ്ഞു. പുലർച്ചെ മൂന്നിന് മുരിങ്ങൂരിൽ നിന്നും ആട്ടോയിൽ പോയ നാലു പേർ പുഴയിൽ ചാടിയ ശേഷം നീന്തി അക്കരയെത്തിയവരാണെന്നാണ് അനുമാനം. ഒരാൾ അവശനിലയിലുമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY